കയറ്റിറക്കിന് സ്വന്തം തൊഴിലാളികളെ നിയമിക്കാം, ചുമട്ടുതൊഴിലാളി രജിസ്ട്രേഷന് മുൻ പരിചയം ആവശ്യമില്ല: ഹൈക്കോടതി

Thursday 30 September 2021 12:00 AM IST

കൊച്ചി: സ്വകാര്യ വ്യവസായ സ്ഥാപനങ്ങൾക്ക് കയറ്റിറക്ക് ജോലികൾക്കായി സ്വന്തം തൊഴിലാളികളെ നിയോഗിക്കാമെന്നും അവർക്ക് മുൻപരിചയം നിർബന്ധമല്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. സ്ഥാപന ഉടമയും തൊഴിലാളിയും അപേക്ഷിച്ചാൽ ഹെഡ്‌ലോഡ് വർക്കേഴ്‌സ് ആക്ട് പ്രകാരം ചുമട്ടുതൊഴിലാളികളായി അവർക്ക് രജിസ്‌ട്രേഷൻ നൽകണമെന്നും ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് ഉത്തരവിൽ നിർദ്ദേശിച്ചു.

രജിസ്‌ട്രേഷൻ ലഭിക്കാൻ തൊഴിലാളികൾ സമർപ്പിച്ച അപേക്ഷ തള്ളിയതിനെതിരെ കൊല്ലം കെ.ഇ.കെ കാഷ്യു സ്ഥാപന ഉടമ ഇ. മൻസൂറും മൂന്നു തൊഴിലാളികളും നൽകിയ ഹർജിയിലാണ് ഉത്തരവ്.

ചുമട്ടു തൊഴിലാളികളായി ജോലി ചെയ്തിട്ടില്ലെന്നും സ്ഥാപനത്തിൽ പായ്‌ക്കിംഗ് ജോലിയാണ് ചെയ്തിരുന്നതെന്നും ചൂണ്ടിക്കാട്ടിയാണ് കൊല്ലത്തെ തൊഴിലാളികളുടെ അപേക്ഷ അസിസ്റ്റന്റ് ലേബർ ഓഫീസർ നിരസിച്ചത്. തൊഴിലാളികൾ ജില്ലാ ലേബർ ഓഫീസർക്ക് നൽകിയ അപ്പീലും തള്ളി. തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.

അപേക്ഷ നിരസിക്കാൻ അസിസ്റ്റന്റ് ലേബർ ഓഫീസർ ചൂണ്ടിക്കാട്ടിയ കാരണങ്ങൾ യുക്തിരഹിതവും ബാലിശവുമാണെന്ന് കോടതി നിരീക്ഷിച്ചു.
അപേക്ഷ നിരസിച്ച അസിസ്റ്റന്റ് ലേബർ ഓഫീസറുടെ ഉത്തരവ് റദ്ദാക്കിയ കോടതി 30 ദിവസത്തിനകം ഹർജിക്കാർക്ക് ചുമട്ടു തൊഴിലാളികളായി രജിസ്‌ട്രേഷൻ അനുവദിച്ച് കാർഡ് നൽകാനും നിർദ്ദേശിച്ചു.

കോടതി പറഞ്ഞത്

ചുമട്ടുതൊഴിൽ ചെയ്യാനുള്ള ശേഷി അപേക്ഷകർക്കുണ്ടോയെന്നും രജിസ്റ്റർ ചെയ്യാൻ തൊഴിലുടമ തയ്യാറാണോയെന്നും മാത്രം ലേബർ ഓഫീസർ പരിശോധിച്ചാൽ മതി. റൂൾ 26 എ പ്രകാരം ഹെഡ്‌ലോഡ് വർക്കർ രജിസ്‌ട്രേഷൻ നൽകാൻ അപേക്ഷകൻ മുമ്പ് ചുമട്ടു തൊഴിൽ ചെയ്തിരുന്നോയെന്ന് നോക്കേണ്ടതില്ല. സ്ഥാപനത്തിന്റെ പരിധിയിൽ രജിസ്റ്റർ ചെയ്ത മറ്റു തൊഴിലാളികളുണ്ടോ എന്നും പരിഗണിക്കരുത്. കയറ്റിറക്കു ജോലി ചെയ്യുന്നവർക്കു മാത്രമേ രജിസ്‌ട്രേഷൻ നൽകൂവെന്ന സ്ഥിതി വന്നാൽ പുതുതായി ആർക്കും രജിസ്‌ട്രേഷൻ ലഭിക്കാത്ത സ്ഥിതിയുണ്ടാകും.