മോൻസന്റെ 'പുരാവസ്തുക്കൾ' പരി​ശോധി​ക്കും; പഴക്കം കണ്ടെത്താൻ കാർബൺ ഡേറ്റിംഗിന് ക്രൈംബ്രാഞ്ച്

Thursday 30 September 2021 12:43 AM IST

കൊച്ചി: മോൻസൺ മാവുങ്കലിന്റ 'പുരാവസ്തുക്കൾ' വിശദമായി പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് പുരാവസ്തുവകുപ്പി​നെ സമീപി​ച്ചു. ഇവയുടെ യഥാർത്ഥ പഴക്കവും വിലയും തിട്ടപ്പെടുത്തി കേസിന് കൂടുതൽ ബലം നൽകുന്നതിന്റെ ഭാഗമായാണ് നടപടി. 'ടിപ്പുസുൽത്താന്റെ സിംഹാസനം' മുതൽ 'മോശയുടെ അംശവടി' വരെയുള്ള പുരാവസ്തുക്കളുടെയെല്ലാം കാലപ്പഴക്കം കണ്ടെത്താൻ കാർബൺ ഡേറ്റിംഗ്, കമ്പാരറ്റീവ് ഡേറ്റിംഗ് തുടങ്ങിയ പരിശോധനകൾ നടത്തണം. പുരാവസ്തു വകുപ്പിന്റ പ്രത്യേക സമിതിയാകും ഇവ പരിശോധി​ക്കുക.

കമ്പാരറ്റീവ് ഡേറ്റിംഗ്

രൂപവും ചിത്രങ്ങളും ലിപിയും അടിസ്ഥാനമാക്കി നേരത്തെ ലഭിച്ച പുരാവസ്തുക്കളുമായി സാമ്യമുണ്ടോയെന്ന് പരിശോധിച്ച് കാലഘട്ടം നി‌ർണയിക്കുന്നതാണ് കമ്പാരറ്റീവ് ഡേറ്റിംഗ്. ഭൂരിഭാഗം നാണയങ്ങളിലും വർഷവും എഴുത്തും രാജാവിന്റെ ചിത്രവും ഉണ്ടാകുമെന്നതിനാൽ എളുപ്പം തിരിച്ചറിയാനാകും.

കാർബൺ ഡേറ്റിംഗ്

മരത്തിന്റെയും ഫോസിലുകളുടെയും കാലപ്പഴക്കം കണ്ടെത്തുന്നതിന് ഉപയോഗിക്കുന്നത് കാ‌‌‌‌‌ർബൺ ഡേറ്റിംഗ് ടെസ്റ്റാണ്. ഇതി​നുള്ള സംവി​ധാനം കേരളത്തിലില്ല. അഹമ്മദാബാദിലാണ് ഇതിന് സൗകര്യമുള്ളത്. സംശയം തോന്നുന്നവ കാർബൺ ടെസ്റ്റിന് അയച്ചേക്കും.

വ്യാജ പുരാവസ്തുക്കളിൽ ചിലത്

• ടിപ്പുവിന്റെ വാൾ • നൈസാമിന്റെ വാൾ • ശിവജിയുടെ ഭഗവത് ഗീത • ഔറംഗസീബിന്റെ മോതിരം • 4500 വർഷം പഴക്കമുള്ള ദാരുശില്പം • മോശയുടെ വടി • നബിയുടെ മൺവിളക്ക് • 650 കിലോ തൂക്കമുള്ള പഞ്ചലോഹ നന്ദി വിഗ്രഹം • മൈസൂർ കൊട്ടാരത്തിന്റെ ആധാരം • തിരുവിതാംകൂർ രാജാവിന്റെ ഇരിപ്പിടം • സത്യസായി ബാബയുടെ ഒന്നരക്കിലോയുള്ള സ്വർണ പാദുകം • 40 കോടി രൂപവരെ വിലയുള്ള വാച്ചുകൾ • ലോകത്തിൽ ആദ്യം അച്ചടിച്ച ബൈബിൾ • രവിവർമ്മ, ഡാവിഞ്ചി എന്നിവരുടെ പെയിന്റിംഗുകൾ • മദർതെരേസ, സെന്റ് ആന്റണി, അൽഫോൺസാമ്മ എന്നിവരുടെ തിരുശേഷിപ്പുകൾ • സദ്ദാം ഹുസൈന്റെ ഖുർആൻ

വി​ദഗ്ദ്ധർക്ക് പുരാവസ്തു കണ്ടാൽ തന്നെ തി​രി​ച്ചറി​യാൻ സാധിക്കും. സംശയം തോന്നിയാൽ വിശദമായി പരിശോധിച്ചേക്കും. പുരാവസ്തുക്കളുടെ പഴക്കവും ഏകദേശ വിലയും അധികം വൈകാതെ കൈമാറാൻ വകുപ്പിന് കഴിയും.

- ‌ഡോ. എസ്. ഹേമചന്ദ്രൻ,

മുൻ സൂപ്രണ്ടിംഗ് ആർക്കിയോളജിസ്റ്റ്

Advertisement
Advertisement