ഐ.ജി മുതൽ സി.ഐ വരെ, മോൻസണ് ഒത്താശ ചെയ്തവർക്കെതിരെ നടപടിയില്ല

Thursday 30 September 2021 12:45 AM IST

തിരുവനന്തപുരം: കോടികളുടെ തട്ടിപ്പ് നടത്തിയ മോൻസൺ മാവുങ്കലിന് ഒത്താശ ചെയ്ത പൊലീസുദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാതെ സർക്കാ‌ർ. ഐ.ജി ഗുഗുലോത്ത് ലക്ഷ്‌മൺ, മുൻ ഡി.ഐ.ജി എസ്. സുരേന്ദ്രൻ, സി.ഐ ശ്രീകുമാർ, കൊച്ചിയിലെ അസി.കമ്മിഷണർ, ആലപ്പുഴയിലെ ചില ഡിവൈ.എസ്.പിമാർ എന്നിങ്ങനെ ഒരു ഡസനോളം പൊലീസുദ്യോഗസ്ഥർ മോൻസണുമായി വഴിവിട്ട ബന്ധമുണ്ടാക്കിയെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇവരുടെ കൂടുതൽ ഇടപാടുകൾ കണ്ടെത്താനുള്ള ഇന്റലിജൻസ് അന്വേഷണം പുരോഗമിക്കുകയാണ്. അന്വേഷണം നടക്കുന്ന സാഹചര്യത്തിൽ പൊലീസ് ആസ്ഥാനത്തും മറ്റ് പ്രധാന കേന്ദ്രങ്ങളിലും തുടരുന്ന ആരോപണവിധേയരെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്യുകയാണ് സാധാരണ നടപടി. ഹൈദരാബാദിൽ നിന്ന് കോടിക്കണക്കിന് രൂപ ഡൽഹിയിലെത്തിക്കാനും കേസുകൾ ഒതുക്കാനും ഐ.ജി ഗുഗുലോത്ത് ലക്ഷ്മണിന്റെ സഹായം കിട്ടിയെന്നാണ് മോൻസന്റെ അവകാശവാദം. ഇതിന് തെളിവായി വീഡിയോ, ഓഡിയോ ദൃശ്യങ്ങൾ പുറത്തായിട്ടുണ്ട്. മോൻസണെതിരായ ആറരക്കോടിയുടെ തട്ടിപ്പുകേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം ഒഴിവാക്കി, മോൻസന്റെ ഇഷ്ടക്കാരനായ സി.ഐ ശ്രീകുമാറിന് കൈമാറാൻ ഐ.ജി ലക്ഷ്‌മൺ വഴിവിട്ട് ഇടപെട്ടതിന്റെ രേഖകളും പുറത്തായി. ട്രാഫിക് ഐ.ജിയായിരിക്കെ അധികാര പരിധിക്ക് പുറത്തുള്ള വിഷയത്തിൽ ഇടപെട്ടതിന് ഗുഗുലോത്ത് ലക്ഷ്‌മണിന് എ.ഡി.ജി.പി മനോജ് എബ്രഹാം മെമ്മോ നൽകുകയും ശാസിക്കുകയും ചെയ്തിരുന്നു. മോൻസന്റെ വീട്ടിലെ നിത്യസന്ദർശകരായിരുന്നു ലക്ഷ്മണും ഡി.ഐ.ജിയായിരുന്ന സുരേന്ദ്രനും. ഇപ്പോഴും പൊലീസ് ആസ്ഥാനത്ത് തുടരുകയാണ് ഐ.ജി ലക്ഷ്‌മൺ. മോൻസണെതിരെ പരാതി നൽകുന്നവരുടെയും അയാളുടെ ജീവനക്കാരുടെയും ഫോൺ വിളി രേഖകൾ (സി.ഡി.ആർ) ശേഖരിച്ച് നൽകിയതും പൊലീസുദ്യോഗസ്ഥരാണ്. ഫോൺ രേഖകൾ ദുരുപയോഗം ചെയ്യുന്നത് അഞ്ചു വർഷം വരെ തടവുശിക്ഷ കിട്ടാവുന്ന ക്രിമിനൽ കുറ്റമാണ്. മോൻസണെതിരെ പരാതി നൽകിയവരെ സി.ഐ ശ്രീകുമാർ വിരട്ടിയതിന്റെയും പരാതികൾ ഒതുക്കിയതിന്റെയും വിവരങ്ങളും പുറത്തായിട്ടുണ്ട്. മോൻസണെതിരെ പക്ഷപാത രഹിതമായ അന്വേഷണമല്ല നടന്നിരുന്നതെന്ന് ഡിവൈ.എസ്.പിയുടെ അന്വേഷണത്തിൽ കണ്ടെത്തിയതായി ആലപ്പുഴ മുൻ എസ്.പി വെളിപ്പെടുത്തിയിട്ടുണ്ട്. മോൻസണെതിരെ ക്രിമിനൽ കേസെടുക്കാനുള്ള പരാതികൾ ചോർത്തിയ പൊലീസ് ഇയാൾക്ക് മുൻകൂർ ജാമ്യമെടുക്കാൻ ഒത്താശ ചെയ്തു. ഇത്തരത്തിൽ മൂന്ന് ജാമ്യഹർജികൾ മോൻസൺ ഫയൽ ചെയ്തിരുന്നു. സാമ്പത്തിക ഇടപാട് സിവിൽ കേസാക്കി ഒതുക്കാനും പൊലീസ് മോൻസണ് ഒത്താശ ചെയ്തു.

Advertisement
Advertisement