ഡ്രാഗൺ ഫ്രൂട്ട് കൃഷി ചെയ്യാം! രണ്ടര ഏക്കറിൽ 3000 തൈകൾ വരെ നടാം

Thursday 30 September 2021 12:01 AM IST

കോട്ടയം: ജില്ലയിൽ ഡ്രാഗൺ ഫ്രൂട്ട് കൃഷി വ്യാപകമാക്കുന്നതിന് ഹോർട്ടികൾച്ചർ മിഷൻ തയാറെടുപ്പ് ആരംഭിച്ചു. ഈ വർഷം നൂറേക്കർ സ്ഥലത്ത് കൃഷി ചെയ്യുകയാണ് ലക്ഷ്യം. ആദ്യഘട്ടത്തിൽ പാലാ, കാഞ്ഞിരപ്പള്ളി, ഈരാറ്റുപേട്ട, കൊഴുവനാൽ, കൂരോപ്പട, വാഴൂർ എന്നിവിടങ്ങളിലായി 20 ഏക്കറിൽ കൃഷി ആരംഭിച്ചു. ഏറ്റവുമധികം ഡ്രാഗൺ ഫ്രൂട്ട് കൃഷി ചെയ്യുന്നത് പാലായിലാണ്. എട്ട് ഏക്കറിലധികം സ്ഥലത്ത്.
ശാസ്ത്രീയമായ ജൈവകൃഷിയാണ് നടപ്പാക്കുന്നത്. ജില്ലയിൽ പ്രവർത്തിക്കുന്ന സർക്കാർ അംഗീകൃത നഴ്‌സറികളിൽ നിന്നുള്ള തൈകളാണ് ഉപയോഗിക്കുന്നത്. വിദേശ പഴവർഗമായ ഡ്രാഗൺ ഫ്രൂട്ടിന് പത്തു വർഷത്തിലധികം ആയുസുണ്ട്. പടർന്നു കയറുന്ന കള്ളിമുൾ വിഭാഗത്തിൽ പെട്ട ചെടിയിൽ 200 ഗ്രാം മുതൽ ഒരു കിലോ വരെ തൂക്കമുള്ള പഴങ്ങളുണ്ടാകും. കോൺക്രീറ്റ് കാലുകൾ സ്ഥാപിച്ച് അവയ്ക്ക് മുകളിൽ റബർ ടയറുകൾ കെട്ടി ഉറപ്പിച്ചാണ് ചെടി വളർത്തുന്നത്. കോഴയിലെ കാർഷിക പരിശീലനകേന്ദ്രത്തിലും കുമരകത്തെ കൃഷി വിജ്ഞാൻ കേന്ദ്രത്തിലും കൃഷിക്കും അനുബന്ധ ഉത്പന്നനിർമ്മാണത്തിനുമുള്ള പരിശീലനം നൽകുന്നുണ്ട്. .

 രണ്ടര ഏക്കറിൽ 3000 തൈകൾ വരെ നടാം

 25 സെന്റ് മുതലുള്ളവർക്ക് സഹായം ലഭിക്കും.

 ഹെക്ടറിന് മുപ്പതിനായിരം രൂപ സബ്‌സിഡി

 വാണീജ്യാടിസ്ഥാനത്തിലെങ്കിൽ ഇൻഷുറൻസ്

 കർഷകർക്ക് ഓൺലൈൻ മുഖേന പരിശീലനം

ആദ്യഘട്ടകൃഷി

100 ഏക്കറിൽ

'കർഷകർക്ക് ഉത്പന്നങ്ങൾ മികച്ച വിലയ്ക്ക് ആഭ്യന്തര വിപണിയിൽ വിറ്റഴിക്കാനാകും. എല്ലാ ബ്ലോക്കുകളിലും ഡ്രാഗൺ ഫ്രൂട്ട് കൃഷി സജീവമാക്കുന്നതിനുള്ള ഒരുക്കമാണ് നടത്തുന്നത്'.

- ലിസി ആന്റണി, ഹോർട്ടികൾച്ചർ മിഷൻ ഡെപ്യൂട്ടി ഡയറക്ടർ

Advertisement
Advertisement