പട്ടാപ്പകൽ യുവതിയെ പെട്രോൾ ഒഴിച്ച് കത്തിച്ചു. വിഷം കഴിച്ച ഭർതൃസഹോദരൻ പിടിയിൽ, യുവതി ഗുരുതരാവസ്ഥയിൽ
സംഭവം പോത്തൻകോട്ട്
പോത്തൻകോട്: കുടുംബപ്രശ്നങ്ങളെത്തുടർന്ന് ജ്യേഷ്ഠന്റെ ഭാര്യയെ പട്ടാപ്പകൽ ദേഹത്ത് പെട്രോൾ ഒഴിച്ച് കത്തിച്ച് കൊല്ലാൻ യുവാവിന്റെ ശ്രമം. പോത്തൻകോട് പണിമൂല തെറ്റിച്ചിറ വൃന്ദാഭവനിൽ സബിൻലാലിന്റെ ഭാര്യ വൃന്ദയെയാണ് (28) ഭർത്താവിന്റെ അനുജൻ തെറ്റിച്ചിറ പുതുവൽപുത്തൻ വീട്ടിൽ ടെമ്പോ ഡ്രൈവറായ സിബിൻലാൽ (32) ആക്രമിച്ചത്. അരയ്ക്കുതാഴെ ഗുരുതരമായി പൊള്ളലേറ്റ യുവതിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 75 ശതമാനം പൊള്ളലേറ്റിട്ടുണ്ട്.
പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവശേഷം മുട്ടത്തറയിലെത്തിയ പ്രതി സമീപത്തെ ബിവറേജസ് ഔട്ട്ലെറ്റിൽ നിന്ന് മദ്യം വാങ്ങി അതിൽ വിഷം ചേർത്ത് കഴിച്ച് കാറിൽ കിടക്കുകയായിരുന്നു. കാറിലെ ജി.പി.എസ് സംവിധാനത്തിലൂടെ ലൊക്കേഷൻ മനസിലാക്കിയ പോത്തൻകോട് പൊലീസ് വഞ്ചിയൂർ, പൂന്തുറ പൊലീസിനെ അറിയിച്ച് കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടർന്ന് ആശുപത്രിയിലേക്ക് മാറ്റി.
ഇന്നലെ ഉച്ചയ്ക്ക് 12ഓടെയാണ് സംഭവം. കാവുവിളയിൽ യുവതി തയ്യൽ പഠിക്കുന്ന സ്ഥാപനത്തിലെത്തിയായിരുന്നു ആക്രമണം. കാറിലെത്തിയ സിബിൻലാൽ കുപ്പിയിലും പ്ലാസ്റ്റിക് കവറിലും സൂക്ഷിച്ചിരുന്ന പെട്രോൾ യുവതിയുടെ ദേഹത്തേക്ക് ഒഴിച്ചു. പ്രാണരക്ഷാർത്ഥം സ്ഥാപനത്തോട് ചേർന്ന വീടിന്റെ അടുക്കളയിലേക്ക് യുവതി ഓടിക്കയറി. പിന്നാലെയെത്തിയ പ്രതി കൈയിൽ കരുതിയിരുന്ന തുണി ചുറ്രിയ പപ്പായത്തണ്ടിൽ തീകൊളുത്തി എറിയുകയായിരുന്നു. തടയാൻ ശ്രമിച്ച വീട്ടുടമയ്ക്കും ഭാര്യയ്ക്കും പൊള്ളലേറ്റു. ഇവർ യുവതിയുടെ ദേഹത്തേക്ക് വെള്ളം ഒഴിച്ചും നനഞ്ഞ വസ്ത്രങ്ങളിട്ടുമാണ് തീ കെടുത്തിയത്.
ജ്യേഷ്ഠത്തി പിണങ്ങി പോയതിനെ തുടർന്ന് ചേട്ടൻ സബിൻ ലാലിന്റെ മനോനില തെറ്റിയെന്നും പലപ്രാവശ്യം അവരെ വീട്ടിലേക്ക് മടക്കികൊണ്ടുവരാൻ ശ്രമിച്ചെങ്കിലും തയ്യാറായില്ലെന്നും ബന്ധം തുടരാൻ താത്പര്യമില്ലെന്നും അറിയിച്ചതിന്റെ വൈരാഗ്യത്തിലാണ് ആക്രമണം നടത്തിയതെന്ന് പ്രതി പൊലീസിന് മൊഴി നൽകി. കൂലിപ്പണിക്കാരനായ ഭർത്താവുമായി യുവതി ഒന്നരവർഷമായി പിണങ്ങിക്കഴിയുകയാണ്. ഇവർക്ക് ഒമ്പതും അഞ്ചും വയസുള്ള മക്കളുണ്ട്. വിജയനും മോളിയുമാണ് മാതാപിതാക്കൾ. ശ്യാം സഹോദരൻ.
''
കുടുംബപ്രശ്‌നങ്ങളെ തുടർന്ന് എട്ടു മാസമായി മകൾ തന്റെ വീട്ടിലാണ് കഴിയുന്നത്. മകൾക്കെതിരെ നിരന്തരമായ വധ ഭീഷണി ഉണ്ടായിരുന്നു.
-മോളി, വൃന്ദയുടെ മാതാവ്