സ്കൂൾ തുറക്കൽ: യോഗങ്ങൾ ഇന്ന് മുതൽ

Thursday 30 September 2021 12:08 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂളുകൾ തുറക്കുന്നത് സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്യാൻ അദ്ധ്യാപക സംഘടനകളുടെ യോഗം ഇന്ന് നടക്കും. പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുടെ അദ്ധ്യക്ഷതയിൽ ഓൺലൈനായി രാവിലെ 10.30ന് നടക്കുന്ന വിദ്യാഭ്യാസ ഗുണനിലവാര സമിതി യോഗത്തിൽ കെ.എസ്.ടി.എ, കെ.പി.എസ്.ടി.എ, എ.കെ.എസ്.ടി.യു, കെ.എസ്.ടി.യു, കെ.എസ്.ടി.എഫ്, കെ.എസ്.ടി.സി, കെ.പി.ടി.എ, കെ.എ.എം.എ, എൻ.ടി.യു എന്നീ അദ്ധ്യാപക സംഘടനകൾ പങ്കെടുക്കും.

ഉച്ചയ്ക്ക് 2.30 ന് മറ്റ് അദ്ധ്യാപക സംഘടനകളുടെയും വൈകിട്ട് 4 ന് യുവജന സംഘടനകളുടെയും ഒക്ടോബർ 2 ന് ഉച്ചയ്ക്ക് 2 ന് വിദ്യാർത്ഥി സംഘടനകളുടെയും 3.30ന് തൊഴിലാളി സംഘടനകളുടെയും വൈകിട്ട് 5 ന് മേയർമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാർ തുടങ്ങിയവരുടെയും 6 ന് ഡി.ഡി.ഇ, ആർ.ഡി.ഡി, എ.ഡി.ഇ എന്നിവരുടെയും യോഗം നടക്കും. ഒക്ടോബർ 3 ന് രാവിലെ 11.30 ന് ഡി.ഇ.ഒ മാരുടെയും എ.ഇ.ഒ മാരുടെയും യോഗവും നാലിനോ അഞ്ചിനോ ജില്ലാ കളക്ടർമാരുടെയും യോഗം ചേരും.

 ആദ്യ മാസം ഹാപ്പി ക്ളാസ്

കുട്ടികളെ സ്കൂളിൽ കൊണ്ടുവരുന്നതിനുള്ള ഉത്തരവാദിത്വം രക്ഷാകർത്താക്കൾ ‌ഏറ്റെടുക്കണമെന്നാണ് അദ്ധ്യാപക സംഘടനകളുടെ നിർദ്ദേശം. ആദ്യത്തെ ഒരു മാസം കുട്ടികളുടെ മനസിന് ആഹ്ളാദം നൽകുന്ന വിഷയം പഠിപ്പിക്കണം. കഴിഞ്ഞ വർഷം സ്കൂൾ മുറ്റമേ കണ്ടിട്ടില്ലാത്തതിനാൽ ആ ക്ളാസുകളിലെ രത്നച്ചുരുക്കം പഠിപ്പിക്കണം. പ്രഥമാദ്ധ്യാപകരുടെയും അദ്ധ്യാപകരുടെയും നിയമനം പൂർത്തിയാക്കണം. സൗകര്യക്കുറവുള്ള സ്കൂളുകളിൽ ബദൽ സംവിധാനം ഏർപ്പെടുത്തണം.

അദ്ധ്യാപക സംഘടനകളുടെ യോഗത്തിൽ സ്കൂൾ തുറക്കുന്നതിനുള്ള സർക്കാർ മാർഗ രേഖ അവതരിപ്പിക്കും. മൂവായിരത്തിലധികം കുട്ടികൾ പഠിക്കുന്ന സ്‌കൂളുകളുണ്ട്. പകുതി കുട്ടികളെ അനുവദിച്ചാൽ പോലും ആയിരത്തിയഞ്ഞൂറു കുട്ടികളെ ഒരേ സമയം പ്രവേശിപ്പിക്കേണ്ടി വരും. കുട്ടികൾ കൂടുതലുള്ള സ്‌കൂളുകളിൽ രണ്ട് ഷിഫ്റ്റ് വേണമെന്ന നിർദ്ദേശവുമുണ്ട്.