അടൂർ - എറണാകുളം ട്രാൻ.സർവീസ്, പോകണം കായംകുളം വഴി

Thursday 30 September 2021 12:10 AM IST

അടൂർ : കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിന്നുള്ള അടൂർ - എറണാകുളം സൂപ്പർ ഫാസ്റ്റ് സർവീസ് കായംകുളം - ആലപ്പുഴവഴിയാക്കണമെന്ന ആവശ്യം ശക്തമാകുന്നു. രാവിലെ 6.20 ന് അടൂർ - ചങ്ങനാശ്ശേരി - ആലപ്പുഴ വഴിയായിരുന്നു നേരത്തെ സർവീസ് നടത്തിവന്നിരുന്നത്. എ.സി റോഡിൽ ഗതാഗതം നിരോധിച്ചതോടെ ഇപ്പോൾ കോട്ടയം - വൈക്കം - തൃപ്പൂണിത്തുറ വഴിയാക്കി. തിരിച്ചും ഇതേ റൂട്ടിലൂടെ തിരുവനന്തപുരത്തേക്കും തിരികെ അടൂരിൽ എത്തി സർവീസ് അവസാനിപ്പിക്കുകയുമാണ്. അടൂരിൽ നിന്ന് ബസ് പുറപ്പെടുന്നതിന് തൊട്ടുമുൻപ് നാല് ബസുകൾ ഇതേ റൂട്ടിൽ സർവീസ് നടത്തുന്നുണ്ട്. കൂടാതെ കോട്ടയത്ത് നിന്ന് വെെക്കം - തൃപ്പൂണിത്തുറ - എറണാകുളം റൂട്ടിൽ ഇരുപത് മിനിട്ട് ഇടവിട്ട് ഫാസ്റ്റ് പാസഞ്ചർ ചെയിൻ സർവീസുമുണ്ട്.

അതേസമയം അടൂരിൽ നിന്ന് രാവിലെ കായംകുളം ആലപ്പുഴ ഭാഗത്തേക്ക് പോകുന്നതിന് നിലവിൽ ബസില്ലാത്ത സ്ഥിതിയാണ്. പുലർച്ചെ 5.30 ന് മണ്ണടി - അമൃത - ഗുരുവായൂർ, 6.40 ന് പുനലൂർ ഡിപ്പോയുടെ ചാലക്കുടി സർവീസുകൾ കായംകുളം വഴിയായിരുന്നു സർവീസ് നടത്തിവന്നത്. ഇൗ രണ്ട് സർവീസുകളും നിലവിലില്ല. പത്തനാപുരം ഡിപ്പോയിൽ നിന്നുള്ള ഒരു എറണാകുളം സർവീസ് മാത്രമാണ് ഇപ്പോൾ ഇൗ റൂട്ടിലുള്ളത്. അടൂരിൽ നിന്ന് നിരവധി യാത്രക്കാരാണ് രാവിലെയുള്ള ട്രെയിനിൽ കയറുന്നതിനായി കായംകുളത്തിനുള്ള ബസുകളെ ആശ്രയിച്ചുവന്നത്. ജനശതാബ്ദി ഉൾപ്പെടെയുള്ള ട്രെയിനുകളിൽ യാത്രചെയ്യുന്നതിന് പലർക്കും ബസില്ലാത്തത് ബുദ്ധിമുട്ടാകുന്നുണ്ട്. ഒാർഡിനറി സർവീസുകൾ ഉണ്ടെങ്കിലും ഇത് നിരങ്ങിനീങ്ങി ചെല്ലുമ്പോഴേക്കും ട്രെയിനുകൾ കടന്നുപോയിട്ടുണ്ടാകും. സൂപ്പർ ഫാസ്റ്റാണെങ്കിൽ 40 മിനിട്ടുകൊണ്ട് കായംകുളത്ത് എത്തിച്ചേരാം. ഇത്തരം സാഹചര്യങ്ങൾ കണക്കിലെടുത്താണ് അടൂർ - എറണാകുളം സൂപ്പർഫാസ്റ്റ് സർവീസ് കായംകുളം, ആലപ്പുഴ, ചേർത്തല, വൈറ്റില വഴിയാക്കണമെന്ന ആവശ്യം ഉയരുന്നത്. രാവിലെ 6 ന് അടൂരിൽ നിന്ന് ബസ് പുറപ്പെട്ടാൽ സ്ഥിരമായി യാത്രചെയ്തുവരുന്ന ട്രെയിൻ യാത്രികർക്കും ആലപ്പുഴ ഭാഗത്തേക്കുള്ള യാത്രക്കാർക്കും ഏറെ സഹായകരമാകും.

രാവിലെ കായംകുളം റെയിൽവേ സ്റ്റേഷനിൽ സമയത്ത് എത്തിച്ചേരാൻ ബസില്ലാത്ത സ്ഥിതിയാണ്. അതിനാൽ ഇൗ റൂട്ടിൽ സൂപ്പർഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചർ സർവീസുകൾ ആവശ്യമാണ്. അടൂർ, പഴകുളം, നൂറനാട്, ചാരുമ്മൂട് ഭാഗത്തുള്ളവർക്ക് ഇത് ഏറെ സഹായകരമാകും.

സോമനാഥൻ,

ട്രെയിൻ യാത്രക്കാരൻ.

Advertisement
Advertisement