വിലങ്ങാട് കാട്ടാനകളുടെ വിളയാട്ടം ലക്ഷങ്ങളുടെ കൃഷിനാശം

Thursday 30 September 2021 12:02 AM IST
കാട്ടാനകൾ കുത്തിമറിച്ചിട്ട തെങ്ങ്

നാദാപുരം: വാണിമേൽ പഞ്ചായത്തിലെ വനമേഖലയായ വിലങ്ങാട് മലയങ്ങാട് കാട്ടാനക്കൂട്ടത്തിന്റെ അതിക്രമത്തിൽ ലക്ഷങ്ങളുടെ കൃഷിനാശം. വനമേഖലയോട് ചേർന്നുള്ള സ്വകാര്യവ്യക്തികളുടെ കൃഷിയിടങ്ങളിലായിരുന്നു വിളയാട്ടം. ടാപ്പിംഗ് നടത്തുന്ന റബ്ബർ മരങ്ങൾക്കു പുറമെ തെങ്ങ്, കമുക്, കരുമുളക് തുടങ്ങി കണ്ടതെല്ലാം കുത്തിമറിച്ചും ചവിട്ടി മെതിച്ചും നാനാവിധമാക്കിയ നിലയിലാണ്.
കണ്ണൂരിലെ കണ്ണവം വനമേഖലയിൽ നിന്നാണ് ആനകൾ കൂട്ടത്തോടെ മലയങ്ങാട് കൃഷിഭൂമിയിൽ എത്തിയത്. രണ്ട് മാസത്തിനിടെ കാട്ടാനകൾ പല തവണ വന്നെങ്കിലും ഇങ്ങനെ പരക്കെ നാശം വിതച്ചത് ആദ്യമായാണ്.
കഴിഞ്ഞ ദിവസം രാത്രി മലയങ്ങാട്ടെ രണ്ട് മേഖലകളിലായി തമ്പടിക്കുകയായിരുന്നു ആനകൾ. ടാപ്പ് ചെയ്തുവരുന്ന എൺപതോളം റബ്ബർ മരങ്ങൾ കുത്തിവീഴ്ത്തി. നിരവധി തെങ്ങുകളും കമുകുകളും കൂട്ടത്തോടെ കുത്തി മറിച്ചിട്ടും പിഴുതും നശിപ്പിച്ചു. കുരുമുളക് ചെടികളും വ്യാപകമായി പിഴുതെറിഞ്ഞു.

നാല്പത് വർഷം പ്രായമുള്ള തെങ്ങുകൾ പോലും കുത്തിമറിച്ചിട്ട കൂട്ടിത്തിൽ പെടും. കൃഷിഭൂമിയിൽ ഏറെ നേരം തങ്ങിയ കാട്ടാനകൾ കൃഷിയിടം ഉഴുത് മറിച്ച പരുവത്തിലാക്കിയ ശേഷം വനമേഖലയിൽ തന്നെ തമ്പടിച്ചിരിക്കുകയാണ്. നേരത്തെ മൂന്ന് തവണ ആനകളുടെ ആക്രമം മലയങ്ങാടാണ് ഉണ്ടായതെങ്കിൽ ഇത്തവണ തൊട്ടടുത്ത പ്രദേശങ്ങളായ കമ്പിളിപ്പാറയിലും പൂവത്തുംകണ്ടിയിലും സർവനാശം വിതച്ചിട്ടുണ്ട്‌. കുട്ടിയാനകളുമുണ്ട് സംഘത്തിൽ.
നേരത്തെ കൃഷിയിടങ്ങളിൽ ആനകളുടെ അതിക്രമമുണ്ടായപ്പോൾ വനാതിർത്തിയിൽ സോളാർ ഫെൻസിംഗ് സ്ഥാപിക്കണമെന്ന ആവശ്യം കർഷകർ ഉയർത്തിയിരുന്നു. വനം വകുപ്പിന്റെ മെല്ലെപ്പോക്ക് നയം കാരണം ഇതുവരെയും ആ വഴിയ്ക്ക് നീക്കമുണ്ടായിട്ടില്ല.
രണ്ടാഴ്ച മുമ്പ് ഇ.കെ.വിജയൻ എം.എൽ.എ വാണിമേൽ ഗ്രാമപഞ്ചായത്ത് ഓഫിസിൽ വിളിച്ചു ചേർത്ത കർഷകരുടെ യോഗത്തിൽ കാട്ടാനകളുടെ അതിക്രമം തടയാൻ ധാരണയായിരുന്നു. ആനകളെ കാട്ടിലേക്കു തന്നെ ഓടിച്ചു വിടാൻ വൈദഗ്ദ്യം നേടിയ ആളുകളെ താമരശ്ശേരിയിൽ നിന്നു പത്തു ദിവസങ്ങൾക്കകം എത്തിക്കാനായിരുന്നു തീരുമാനം. അതിനിടയിലാണ് കാട്ടാനകൾ അടുപ്പിച്ച് നാലാം തവണയും കൃഷിയിടങ്ങളിൽ നാശം വിതക്കുന്നത്.

Advertisement
Advertisement