നിപ പരത്തിയത് വവ്വാലുകൾ തന്നെ, വൈറസ് സാന്നിദ്ധ്യം സ്ഥിരീകരിച്ചു

Thursday 30 September 2021 12:00 AM IST

തിരുവനന്തപുരം: നിപയെ തുടർന്ന് കോഴിക്കോട്ട് നിന്ന് ശേഖരിച്ച വവ്വാലുകളുടെ സ്രവ സാമ്പിളിൽ വൈറസ് സാന്നിദ്ധ്യം സ്ഥിരീകരിച്ചു. ഇതോടെ നിപയുടെ പ്രഭവ കേന്ദ്രം വവ്വാലുകളാണെന്നുറപ്പിച്ചു. പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ പരിശോധനയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. താമരശേരിയിൽ നിന്ന് ശേഖരിച്ച ടീറോപസ് വിഭാഗത്തിലുള്ള വവ്വാലിന്റെയും കൊടിയത്തൂരിൽ നിന്നെടുത്ത റോസിറ്റസ് വിഭാഗത്തിൽപ്പെട്ടവയുടെയും

സ്രവ സാമ്പിളിലാണ് ഐ.ജി.ജി ആൻഡി ബോഡിയുള്ളത്.

50 പരിശോധനാ ഫലങ്ങൾ ഇനിയും വരാനുണ്ട്. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ പഠനം നടത്തണമെന്നും അതിനുശേഷമേ കൂടുതൽ സ്ഥിരീകരണങ്ങളിലേക്ക് എത്താൻ കഴിയുകയുള്ളൂവെന്നും ആരോഗ്യ മന്ത്രി വീണ ജോർജ് പറഞ്ഞു. ഫലം വന്ന സാഹചര്യത്തിൽ മറ്റുവകുപ്പുകളുമായി കൂടിയാലോചനകളും ചർച്ചകളും ആവശ്യമാണെന്നും വീണാജോർജ് പറഞ്ഞു.

 പുതിയ കേസുകളില്ല

നിപ വൈറസിന്റെ ഇൻക്യുബേഷൻ കാലയളവായ 21 ദിവസം കഴിഞ്ഞു. ഇൻകുബേഷൻ കാലയളവിന്റെ ഇരട്ടി ദിവസം (42 ദിവസം) പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടാതിരുന്നാൽ രോഗം നിയന്ത്രണത്തിൽ വന്നതായി പ്രഖ്യാപിക്കും. ജാഗ്രത തുടരണം.