ബൂത്തുകളുടെ അശാസ്ത്രീയ ഘടന പരിഹരിക്കണമെന്ന് ആവശ്യം

Thursday 30 September 2021 12:04 AM IST

പൊന്നാനി: നഗരസഭാ പ്രദേശത്തെ തിരഞ്ഞെടുപ്പ് ബൂത്തുകൾ മാനദണ്ഡം നോക്കാതെയും അശാസ്ത്രീയമായും നിശ്ചയിച്ചത് വോട്ടർമാർക്ക് പ്രയാസമാകുമെന്ന് പരാതി. ബൂത്തിലേക്കുള്ള ദൂരം കാരണം വോട്ടർമാർ വോട്ട് ചെയ്യാതെ മാറിനിൽക്കുകയും വോട്ട് ചെയ്യാൻ പോകുന്നവർ കിലോമീറ്ററുകൾ യാത്ര ചെയ്ത് ബുദ്ധിമുട്ടുകയും ചെയ്യുന്നുവെന്നാണ് ആക്ഷേപം. ഈഴുവത്തിരുത്തിയിലെ വിവിധ പോളിംഗ് സ്റ്റേഷന് സമീപപ്രദേശത്തുള്ളവരാണ് ലോക്‌സഭ, നിയമസഭ തിരഞ്ഞെടുപ്പുകളിൽ ദുരിതത്തിലാകുന്നത്. ബൂത്തുകളുടെ നിലവിലെ അശാസ്ത്രീയ ഘടന മാറ്റി വാർഡടിസ്ഥാനത്തിൽ ബൂത്തുകൾ രൂപവത്കരിക്കുന്നതിനും ഇക്കാര്യത്തിൽ സർവ്വകക്ഷിയോഗം വിളിക്കാതിനും റവന്യുവകുപ്പ് തയ്യാറാവണമെന്ന് ഈഴുവത്തിരുത്തി മണ്ഡലം കോൺഗ്രസ് പ്രവർത്തക യോഗം ആവശ്യപ്പെട്ടു.

പ്രസിഡന്റ് എൻ.പി നബീലിന്റെ അദ്ധ്യക്ഷതയിൽ ഡി സി സി ജനറൽ സെക്രട്ടറി അഡ്വ. എൻ.എ. ജോസഫ് ഉദ്ഘാടനം ചെയ്തു. കെ. ശിവരാമൻ, എ. പവിത്രകുമാർ, പി.ടി. നാസർ, കാട്ടിലായിൽ പ്രദീപ്, സന്തോഷ് കടവനാട്,സി. ജാഫർ, ആർ. വി. മുത്തു, യു. രവി എന്നിവർ പ്രസംഗിച്ചു.