ശബരിമല തീർത്ഥാടനം: റോഡ് നിർമ്മാണം സമയപരിധിക്കുള്ളിൽ തീർക്കും

Thursday 30 September 2021 12:27 AM IST

പത്തനംതിട്ട : മണ്ഡല - മകരവിളക്ക് തീർത്ഥാടനത്തോട് അനുബന്ധിച്ച് ശബരിമല പാതയിലെ റോഡുകൾ, മലയോര ഹൈവേ, അനുബന്ധ റോഡുകളുടെ നിർമാണം തുടങ്ങിയവ സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാജോർജ് നിർദേശിച്ചു. തീർത്ഥാടനത്തിന്റെ മുന്നൊരുക്കങ്ങൾ വിലയിരുത്താൻ ജില്ലാ കളക്ടർ ഡോ.ദിവ്യാ എസ്. അയ്യരുടെ അദ്ധ്യക്ഷതയിൽ ചേർന്ന ഓൺലൈൻ യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
നിലയ്ക്കൽ കൊവിഡ് ടെസ്റ്റ് കേന്ദ്രവും പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ശബരിമല വാർഡും ആരംഭിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മുന്നൊരുക്കങ്ങൾ നടത്തണം.
ശബരിമല വെർച്വൽ ക്യൂവിന്റെ പരിമിതികൾ സർക്കാരിന്റെ ശ്രദ്ധയിൽപെടുത്തുമെന്ന് അഡ്വ.പ്രമോദ് നാരായൺ എം.എൽ.എ പറഞ്ഞു. ശബരിമലയിൽ എത്തുന്ന ഭക്തർക്ക് പമ്പാ സ്‌നാനം, ബലിയിടൽ എന്നിവ ചെയ്യാൻ പറ്റുന്ന സാഹചര്യത്തേക്കുറിച്ച് പരിശോധിക്കാൻ സംസ്ഥാന സർക്കാരിനോട് അഭ്യർത്ഥിക്കും. പമ്പയിലെ വാഹന പാർക്കിംഗുമായി ബന്ധപ്പെട്ട വിവരങ്ങളും സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തും. ശബരിമല പാതയിലുള്ള കാട് വെട്ടിത്തെളിക്കണം. ദിശാസൂചികകൾ സ്ഥാപിക്കണം. ഇടത്താവളങ്ങൾ സജ്ജീകരിക്കണം. പമ്പാ ആശുപത്രി സ്ഥിരം ആശുപത്രി ആക്കുന്നതിനുള്ള പ്രൊപോസൽ സംസ്ഥാന സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തും.
എല്ലാ വകുപ്പുകളേയും ഏകോപിപ്പിച്ചുള്ള മുന്നൊരുക്കമാണ് വേണ്ടതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂർ ശങ്കരൻ പറഞ്ഞു. മലയോര ഹൈവേയുടെ പണി നടക്കുന്നതിനാൽ ശബരിമല തീർത്ഥാടകർക്ക് സുഗമമായി സഞ്ചരിക്കുന്നതിന് ഫലപ്രദമായ ബദൽ മാർഗങ്ങൾ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പൊലീസ് മേധാവി ആർ. നിശാന്തിനി, ദുരന്തനിവാരണ വിഭാഗം ഡെപ്യുട്ടി കളക്ടർ ടി.ജി. ഗോപകുമാർ, ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. എ.എൽ. ഷീജ, ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസർ കൃഷ്ണകുമാര വാര്യർ, പഞ്ചായത്ത് പ്രസിഡന്റുമാർ, ജില്ലാതല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Advertisement
Advertisement