സ്കൂൾ ഉച്ചഭക്ഷണ പദ്ധതി 2026 വരെ തുടരാം

Thursday 30 September 2021 12:28 PM IST

ന്യൂഡൽഹി: സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ ഒന്നു മുതൽ എട്ടുവ രെ ക്ളാസുകളിലെ കുട്ടികൾക്കുള്ള ഉച്ചഭക്ഷണ പദ്ധതി(പ്രധാനമന്ത്രി പോഷൺ പദ്ധതി) 2026 വരെ തുടരാൻ പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയിലുള്ള സാമ്പത്തിക കാര്യങ്ങൾക്കുള്ള മന്ത്രിസഭാ സമിതി (സി.സി.ഇ.എ) അംഗീകാരം നൽകി. സർക്കാർ, എയ്ഡഡ് പ്രൈമറി സ്‌കൂളുകളിലെ പ്രീ പ്രൈമറി അല്ലെങ്കിൽ അങ്കണവാടി കുട്ടികൾക്കും ഇത് ലഭ്യമാക്കും.

പദ്ധതി തുടരുന്നതിന് കേന്ദ്ര വിഹിതമായി 54061.73 കോടിയും സംസ്ഥാന വിഹിതമായി 31,733.17 കോടി രൂപയുമാണ് ചെലവഴിക്കുക. ഭക്ഷ്യധാന്യങ്ങൾക്കുള്ള 45,000 കോടിയുടെ അധികച്ചെലവും കേന്ദ്രം വഹിക്കും. രാജ്യത്തെ 11.20 ലക്ഷം സ്‌കൂളുകളിലെ 11.80 കോടി കുട്ടികൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.

പദ്ധതിയുടെ ഭാഗമായി കുട്ടികൾക്ക് പ്രത്യേക അവസരങ്ങളിൽ സമൂഹ പങ്കാളിത്തത്തോടെ ഭക്ഷണം നൽകുന്ന പരിപാടിയും സ്‌കൂളുകളിലെ കൃഷിത്തോട്ട വികസനവും സർക്കാർ പ്രോത്സാഹിപ്പിക്കും. അനീമിയ കൂടുതലുള്ള ജില്ലകളിലെ കുട്ടികൾക്ക് അനുബന്ധ പോഷകാഹാര ഇനങ്ങൾ നൽകാൻ പ്രത്യേക വ്യവസ്ഥ ഉൾപ്പെടുത്തി. പ്രാദേശികമായി ലഭ്യമായ ചേരുവകളും പച്ചക്കറികളും അടിസ്ഥാനമാക്കിയുള്ള പാചകരീതിയും നൂതനമായ വിഭവപട്ടികയും പ്രത്സാഹിപ്പിക്കും.

Advertisement
Advertisement