വധഭീഷണി: മയൂഖ ജോണിക്ക് സംരക്ഷണം നൽകും

Wednesday 29 September 2021 11:58 PM IST

തൃശൂർ: സുഹൃത്തിനെ പീഡിപ്പിച്ച കേസിൽ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് വാർത്താസമ്മേളനം ടത്തിയതിനെത്തുടർന്ന് വധഭീഷണി ലഭിച്ച ഒളിമ്പ്യൻ മയൂഖ ജോണിക്ക് സംരക്ഷണം നൽകാൻ വിറ്റ്‌നസ് പ്രൊട്ടക്ഷൻ സ്‌കീം (സാക്ഷിക്ക് സംരക്ഷണത്തിനുള്ള പദ്ധതി) യോഗം തീരുമാനിച്ചു. സുപ്രീംകോടതി വിധി പ്രകാരം, ഗൗരവതരമായ കേസുകളിലെ സാക്ഷികൾക്ക് സംരക്ഷണം നൽകാൻ രൂപീകരിച്ച കമ്മിറ്റിയാണിത്. മയൂഖ ജോണി നൽകിയ പരാതിയിലാണ് ബി കാറ്റഗറി സംരക്ഷണം നൽകുന്നത്. കമ്മിറ്റി ചെയർമാനും തൃശൂർ പ്രിൻസിപ്പൽ ജില്ലാ ജഡ്ജിയുമായ പി.ജെ. വിൻസന്റിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം മയൂഖ ജോണിയുടെ മൊഴി ഗൂഗിൾ മീറ്റിൽ രേഖപ്പെടുത്തി. മയൂഖ താമസിക്കുന്ന വീടിന്റെ പരിസരത്ത് പട്ടബുക്ക് സ്ഥാപിക്കാനും, ദിവസവും ബുക്കിൽ ഒപ്പു വയ്ക്കാനും ആളൂർ സ്‌റ്റേഷനിലെ ഒരു പൊലീസ് ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്താനും നിർദ്ദേശമുണ്ട്. സംരക്ഷണത്തിന്റെ ചുമതല ഇരിങ്ങാലക്കുട ഡിവൈ.എസ്.പിക്കാണ്. കോടതിയിലേക്ക് പോകേണ്ടി വന്നാൽ മയൂഖയുടെ സുരക്ഷയ്ക്ക് ആവശ്യമെങ്കിൽ പൊലീസുകാരെ നിയോഗിക്കും.

സാക്ഷികൾക്ക് പ്രതികളിൽ നിന്നും മറ്റുമുള്ള ഭീഷണികളിൽ നിന്നും, നിർഭയമായി കോടതിയിൽ ഹാജരായി മൊഴി നൽകാനും സംരക്ഷണം നൽകാനാണ് വിറ്റ്‌നസ് പ്രൊട്ടക്ഷൻ കമ്മിറ്റി രൂപീകരിച്ചത്. മെമ്പർ സെക്രട്ടറിയും ജില്ലാ ഗവ. പ്ലീഡറുമായ കെ.ഡി. ബാബു, കമ്മിഷണർ ആർ. ആദിത്യ, റൂറൽ എസ്.പി. ജി. പൂങ്കുഴലി എന്നിവർ പങ്കെടുത്തു. ഭീഷണിക്കത്തയച്ച വ്യക്തിക്കെതിരെ ആളൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അഞ്ച് വർഷം മുമ്പ് തന്റെ സുഹൃത്തിനെ ലൈംഗികമായി പീഡിപ്പിച്ച പ്രതിയെ ഇതുവരെ അറസ്റ്റ് ചെയ്തില്ലെന്നായിരുന്നു മയൂഖ ജോണിയുടെ ആരോപണം. കേസന്വേഷണം ക്രൈംബ്രാഞ്ചിനെ ഏൽപ്പിച്ചിരിക്കുകയാണ്.