മോൻസന്റെ ആനക്കൊമ്പും ശംഖുകളും കസ്റ്റഡിയിൽ

Thursday 30 September 2021 12:00 AM IST

കൊച്ചി: മോൻസൺ മാവുങ്കലിന്റെ കലൂർ വൈലോപ്പിള്ളി ലെയ്‌നിലെ വീട്ടിൽ നിന്ന് രണ്ട് ആനക്കൊമ്പുകളും നിരവധി ശംഖുകളും വനം വകുപ്പ് കസ്റ്റഡിയിലെടുത്തു. ഇന്നലെ കോടനാട് റെയ്ഞ്ച് ഓഫീസറുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ആനക്കൊമ്പുകൾ വ്യാജമാണെന്ന നിഗമനത്തിലാണ് വനംവകുപ്പ്. എങ്കിലും പരിശോധനയ്ക്കായി ലാബിലേക്ക് അയയ്‌ക്കുമെന്ന് കോടനാട് റെയ്ഞ്ച് ഓഫീസർ ജിയോ പോൾ കേരളകൗമുദിയോട് പറഞ്ഞു. പരിശോധനാഫലം ലഭിച്ച ശേഷം തുട‌ർനടപടി സ്വീകരിക്കും. വനംവകുപ്പിനെ ക്രൈംബ്രാഞ്ച് ഔദ്യോഗികമായി അറിയിച്ചതിനെ തുട‌ർന്നായിരുന്നു നടപടി.

ചൊവ്വാഴ്ച വനംവകുപ്പ് സംഘം മോൻസന്റെ വീട്ടിലെത്തി പ്രാഥമിക പരിശോധന നടത്തിയിരുന്നു. ആനക്കൊമ്പും ശംഖുകളും മാത്രമേ വനംവകുപ്പിന്റെ അന്വേഷണ പരിധിയിൽ ഉണ്ടായിരുന്നുള്ളൂ. ഇവ എവിടെ നിന്നു ലഭിച്ചതാണെന്ന് കണ്ടെത്തേണ്ടതുണ്ട്. ഇവ യഥാ‌ർത്ഥമാണെങ്കിൽ മോൻസണെ അറസ്റ്റ് ചെയ്ത് വനംവകുപ്പ് കസ്റ്റഡിയിൽ വാങ്ങും. മോൻസന്റെ വീട്ടിൽ കസ്റ്റംസും കഴിഞ്ഞ ദിവസം പരിശോധന നടത്തിയിരുന്നു. ആഡംബര കാറുകളെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് കസ്റ്റംസ് എത്തിയത്. കാർ രജിസ്‌ട്രേഷനിൽ തട്ടിപ്പ് നടത്തിയിട്ടുണ്ടോയെന്ന് കസ്റ്റംസ് അന്വേഷിച്ച് വരികയാണ്.

Advertisement
Advertisement