മോൻസന്റെ തട്ടിപ്പുകളുടെ തുടക്കം ഇടുക്കിയിൽ നിന്ന്

Thursday 30 September 2021 12:02 AM IST

രാജകുമാരി: മോൻസൺ മാവുങ്കലിന്റെ തട്ടിപ്പുകളുടെ തുടക്കം ഇടുക്കി ഹൈറേഞ്ചിൽ നിന്ന്. 1995ൽ രാജകുമാരിയിലെ സ്വകാര്യ സ്‌കൂളിലേക്ക് അദ്ധ്യാപികയായ ഭാര്യയ്ക്ക് സ്ഥലംമാറ്റം കിട്ടിയതോടെയാണ് മോൻസൺ ഇടുക്കിയിലെത്തുന്നത്. രാജകുമാരി ടൗണിനോട് ചേർന്ന് വികാസ് ഗാർഡൻ കോളനിയിൽ സ്ഥലം വാങ്ങി ഇവർ വീട് നിർമ്മിക്കുകയും ചെയ്തു. തുടർന്ന് രാജകുമാരി പഞ്ചായത്ത് ഒാഫീസിനു സമീപത്തായി സർവേ പഠിപ്പിക്കുന്ന സ്ഥാപനം ആരംഭിച്ചു. ഹൈറേഞ്ചിൽ ടെലിവിഷനുകൾ വളരെ വിരളമായിരുന്ന സമയത്ത് എറണാകുളത്ത് നിന്ന് ടെലിവിഷനുകൾ എത്തിച്ചുനൽകാമെന്ന പേരിൽ ഇയാൾ പലരിൽ നിന്ന് പണം വാങ്ങി. പഴയ ടെലിവിഷനുകൾ നൽകിയായിരുന്നു തട്ടിപ്പ്. തുടർന്ന് വാഹന വിൽപ്പന രംഗത്തേക്ക് ചുവട് മാറ്റി. ഹൈറേഞ്ചിലെ സമ്പന്ന കുടുംബങ്ങളുമായും പൊതുപ്രവർത്തകരുമായും ബന്ധങ്ങൾ സഥാപിച്ചു. കുറഞ്ഞ വിലയിൽ എറണാകുളത്ത് നിന്ന് കാർ എത്തിച്ചു നൽകാമെന്ന് പറഞ്ഞ് അമ്പതിനായിരം മുതൽ രണ്ടര ലക്ഷം രൂപ വരെ പലരിൽ നിന്ന് വാങ്ങി. എന്നാൽ, പണം നൽകിയ ഭൂരിഭാഗം പേർക്കും വാഹനങ്ങൾ നൽകിയില്ല. കുറച്ച് പേർക്ക് രേഖകളൊന്നും ഇല്ലാത്ത വാഹനങ്ങളാണ് നൽകിയത്. മോഷ്ടിച്ച കാറും നൽകിയവയിൽപ്പെടുന്നു. രാജാക്കാട് പ്രവർത്തിക്കുന്ന പ്രമുഖ ജുവലറി ഉടമയ്ക്ക് സ്വർണം എത്തിച്ചുനൽകാമെന്ന പേരിൽ ലക്ഷങ്ങൾ തട്ടിയെടുത്തിരുന്നു. ഭാര്യ അദ്ധ്യാപികയായിരുന്നതും മോൻസന്റെ ആകർഷകമായ ഇടപെടലും കണ്ടാണ് പലരും പണം നൽകിയത്. തട്ടിപ്പിന് ഇരയായവർ നിരവധിയുണ്ടെങ്കിലും ആരും പരാതികൊടുക്കാനോ പ്രതികരിക്കാനോ തയ്യാറായിട്ടില്ല.

12 വർഷത്തോളം രാജകുമാരിയിൽ താമസിച്ചിരുന്ന മോൻസൺ ഭാര്യ ജോലി ഉപേക്ഷിച്ചതിനെ തുടർന്നാണ് എറണാകുളത്തേക്ക് താമസം മാറ്റിയത്.

Advertisement
Advertisement