ബീനാച്ചി എസ്റ്റേറ്റിന്റെ പേരിൽ 1.72 കോടി തട്ടി

Thursday 30 September 2021 12:04 AM IST

സുൽത്താൻ ബത്തേരി: മദ്ധ്യപ്രദേശ് സർക്കാരിന്റെ ഉടമസ്ഥതയിലുള്ള സുൽത്താൻ ബത്തേരി ബീനാച്ചിയിലെ എസ്റ്റേറ്റ് പാട്ടത്തിന് നൽകാമെന്ന് പറഞ്ഞ് മോൻസൺ മാവുങ്കൽ പാല സ്വദേശി രാജീവ് ശ്രീധരന്റെ പക്കൽ നിന്ന് തട്ടിയെടുത്തത് 1. 72 കോടി രൂപ. ഈ ഭൂമി തട്ടിപ്പ് കേസിലും ക്രൈംബ്രാഞ്ച് മോൻസന്റെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്.
തുടക്കത്തിൽ 26 ലക്ഷം രൂപയാണ് മോൻസൺ വാങ്ങിയതെന്ന് പരാതിയിൽ പറയുന്നു. പിന്നീട് പലപ്പോഴായി 1.46 കോടി കൂടി കൈപ്പറ്റുകയായിരുന്നു.
ബീനാച്ചിയിലെ ഭൂമി കേരളത്തിന് വിട്ടുനൽകാൻ നേരത്തെ സെക്രട്ടറിതല ചർച്ചയിൽ ധാരണയായതാണ്. ഇത് സംബന്ധിച്ച നടപടിക്രമങ്ങൾക്കും തുടക്കമിട്ടിരുന്നു. 534 ഏക്കറിലായി വ്യാപിച്ചുകിടന്ന ബീനാച്ചി എസ്റ്റേറ്റിൽ 302 ഏക്കർ മാത്രമെ മദ്ധ്യപ്രദേശിന് അവകാശപ്പെട്ടതായുള്ളൂ. 170 ഏക്കർ അധികവനഭൂമിയാണ്. 62 ഏക്കർ കയ്യേറ്റഭൂമിയും. എസ്റ്റേറ്റുകാർ എല്ലാ ഭൂമിയും ഒന്നിച്ച് കൈവശം വച്ചിരുന്നെങ്കിലും 110 ഏക്കറിന് മാത്രമെ പ്ലാന്റേഷൻ ടാക്സ് അടച്ചിരുന്നുള്ളൂ.

Advertisement
Advertisement