സംരംഭകർക്ക് ആശ്വാസമായി വ്യവസായ എസ്റ്റേറ്റുകൾ

Thursday 30 September 2021 12:15 AM IST

നേതൃത്വം നൽകിയത് ജില്ലാപഞ്ചായത്ത്

കൊല്ലം: കൊവിഡ് അതിജീവന കാലത്ത് ചെറുകിട വ്യവസായ സംരംഭകർക്ക് ആശ്വാസമായി ജില്ലാ പഞ്ചായത്ത് പത്തനാപുരം കുണ്ടയത്തും കരീപ്ര കടയ്കോട്ടും സ്വന്തമായി വ്യവസായ എസ്റ്റേറ്റുകൾ ഒരുക്കുന്നു.

ജില്ലാ പഞ്ചായത്തിന് പൂയപ്പള്ളി, തലവൂർ, കരവാളൂർ, പിറവന്തൂർ, നിലമേൽ എന്നിവിടങ്ങളിൽ മിനി വ്യവസായ എസ്റ്റേറ്റുകൾ ഉണ്ടെങ്കിലും സ്വന്തമായി ഭൂമി വാങ്ങി എസ്റ്റേറ്റ് സ്ഥാപിക്കുന്നത് ഇതാദ്യം.

കരീപ്ര വ്യവസായ എസ്റ്റേറ്റ്

5.95 കോടി ചെലവിൽ കരീപ്ര വ്യവസായ എസ്റ്റേറ്റിന്റെ നിർമ്മാണം പൂർത്തിയായി. ഒന്നാം ഘട്ടമായി നിർമ്മാണം പൂർത്തിയാക്കിയ ഷെഡുകൾ സംരംഭകർക്ക് അനുവദിക്കാനായി 11 കെ.വി വൈദ്യുതിലൈൻ വലിക്കാനും 100 കിലോവാട്ട് ട്രാൻസ്ഫോർമർ സ്ഥാപിക്കാനുമായി 20.56 ലക്ഷം കെ.എസ്.ഇ.ബിക്കു നൽകി. ജോലികൾ പൂർത്തിയാക്കി ഒരുമാസത്തിനകം ഷെഡുകൾ സംരംഭകർക്ക്‌ തുറന്നു കൊടുക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.

കരീപ്രയിൽ 800 ചതുരശ്ര അടി വിസ്‌തീർണമുള്ള ആറ് ഷെഡുകളുടെ നിർമ്മാണമാണ് പൂർത്തിയാക്കിയത്. ഐ.ടി യൂണിറ്റുകൾ ഉൾപ്പെടെ പ്രവർത്തിക്കാൻ കഴിയുന്ന രണ്ടു നില കെട്ടിടങ്ങളുടെ ജോലിയും പുരോഗമിക്കുന്നു.

പത്തനാപുരത്തെ വ്യവസായ എസ്റ്റേറ്റ്

പത്തനാപുരം വില്ലേജിൽ ലഭ്യമാക്കിയിട്ടുള്ള ഭൂമിയിൽ കെട്ടിട നിർമ്മാണം, റോഡ് നിർമ്മാണം, വൈദ്യുതീകരണം, വാട്ടർ സപ്ലൈ, സാനിട്ടറി ഇൻസ്റ്റലേഷൻ തുടങ്ങിയ പ്രവൃത്തികൾക്കും മറ്റ് അടിസ്ഥാന സൗകര്യങ്ങൾക്കും നിർവഹണ ഏജൻസിയായ കേരള സ്റ്റേറ്റ് ഹൗസിംഗ് ബോർഡിന് 3.4 കോടി രൂപ അനുവദിച്ചു. ഷെഡുകളുടെ നിർമ്മാണം അവസാന ഘട്ടത്തിലാണ്. ബഹുനില വ്യവസായ കെട്ടിടത്തിന്റെ നിർമ്മാണവും പുരോഗമിക്കുന്നു. ഭക്ഷ്യ ഉത്പന്നങ്ങൾ, പ്ലാസ്റ്റിക് ഉത്പന്നങ്ങൾ, ഇലക്ട്രോണിക്സ് ഉത്പന്നങ്ങളുടെ അസംബ്ലിംഗ്, എൻജിനീയറിംഗ് മേഖലയ്ക്കാവശ്യമായ വിവിധ ഉത്പന്നങ്ങൾ, ഐ.ടി അധിഷ്ഠിത സേവന സംരംഭങ്ങൾ എന്നിവയാണ് എസ്റ്റേറ്റുകളിൽ തുടങ്ങാൻ ഉദ്ദേശിക്കുന്നത്.

 പത്തനാപുരത്ത് 1.58 കോടി ചെലവഴിച്ച് വാങ്ങിയത് 1.40 ഏക്കർ

 കരീപ്ര വില്ലേജിൽ 1.85 കോടി ചെലവിൽ വാങ്ങിയത് 2.93 ഏക്കർ

വ്യവസായ കേന്ദ്രങ്ങൾ കൊല്ലം ജില്ലയുടെ വ്യവസായ മേഖലയ്ക്ക് പുത്തനുണർവ് നൽകും. ഈ സാമ്പത്തിക വർഷം പുതുതായി ഭൂമി വാങ്ങാൻ ഒരു കോടിയും കെട്ടിട നിർമ്മാണത്തിനായി 50 ലക്ഷവും വ്യവസായ എസ്റ്റേറ്റ് പദ്ധതികൾക്കായി ജില്ലാ പഞ്ചായത്ത് വകയിരുത്തിയിട്ടുണ്ട് മിനി വ്യവസായ എസ്റ്റേറ്റുകൾ സ്ഥാപിക്കുന്ന പദ്ധതികളിലൂടെ സംസ്ഥാനത്തെ മറ്റു ജില്ലാ പഞ്ചായത്തുകൾക്കും തദേശസ്ഥാപനങ്ങൾക്കും കൊല്ലം ജില്ലാ പഞ്ചായത്ത് മാതൃകയായിരിക്കുകയാണ്

സാം കെ.ഡാനിയേൽ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്