ലയണൽ മെസി പി.എസ്.ജി ഗോൾ അക്കൗണ്ട് തുറന്നു

Thursday 30 September 2021 3:28 AM IST

പി.എസ്.ജിക്കായി ആദ്യ ഗോൾ നേടി ലയണൽ മെസി

ചാമ്പ്യൻസ് ലീഗിൽ സിറ്റിയെ വീഴ്ത്തി പി.എസ്.ജി,

പോർട്ടോയെ തരിപ്പണമാക്കി ലിവർപൂൾ,​ റയലിനെ ഞെട്ടിച്ച് ഷെറിഫ്

ചരിത്രപ്പിറവി

പാരീസ്: ലോകമെമ്പാടുമുള്ള ഫുട്ബാൾ ആരാധകർ ആകാംഷയോടെ കാത്തിരുന്ന ആ ചരിത്ര നിമിഷം പിറന്നു.പി.എസ്.ജി ജേഴ്സിയിൽ ഇതിഹാസ താരം ലയണൽ മെസി ആദ്യ ഗോൾ കുറിച്ചു. അതും യൂറോപ്യൻചാമ്പ്യൻസ് ലീഗെന്ന ക്ലബ് ഫുട്ബാളിലെ ഏറ്രവും വലിയ പോരാട്ട വേദിയിൽ ,തന്നിലെ പ്രതിഭയെ രാകിമിനുക്കിയെടുത്ത പെപ് ഗാർഡിയോളയെന്ന ഗുരുനാഥൻ പരിശീലിപ്പിക്കുന്ന സാക്ഷാൽ മാഞ്ചസ്റ്രർ സിറ്രിക്കെതിരെ... ആരാധകർ പറയുമ്പോലെ ലേറ്രായാലും ലേറ്രസ്റ്രായി തന്നെ മെസി പി.എസ്.ജിക്കായി തന്റെ കന്നിഗോൾ കണ്ടെത്തി. പ്രൊഫഷണൽ ഫുട്ബാളിൽ ബാഴ്സലോണയ്ക്കല്ലാതെ മെസി നേടുന്ന ആദ്യ ഗോൾ കൂടിയാണിത്.

മെസിയെക്കൂടാതെ ഇദ്രിസ് ഗിയെയും ഗോൾ നേടിയ മത്സരത്തിൽ 2-0ത്തിനാണ് പി.എസ്.ജി ചിരവൈരികളായ മാഞ്ചസ്റ്രർ സിറ്റിയെ വീഴ്ത്തിയത്. ഒന്ന് വീതം ജയവും തോൽവിയും ഉള്ള പി.എസ്.ജി ഗ്രൂപ്പ് എയിൽ 4 പോയിന്റുമായി ഒന്നാം സ്ഥാനത്തെത്തി. സിറ്രി മൂന്നാമതാണ്.
പി.എസ്.ജിയുടെ തട്ടകമായ പാർക് ദെ പ്രിൻസിൽ നടന്ന മത്സരത്തിൽ എട്ടാം മിനിട്ടിൽ തന്നെ ഗിയ തകർപ്പൻ ഫിനിഷിംഗിലൂടെ പി.എസ്.ജിയെ മുന്നിലെത്തിച്ചു.

ഒന്നിലധികം തവണ ക്രോസ് ബാറിലും പോസ്റ്റിലുും തട്ടിത്തെറിച്ച ഭാഗ്യക്കേടിന് വിരമമിട്ട് രണ്ടാം പകുതിയിൽ 74-ാം മിനിട്ടിലാണ് മെസി തന്റെ പി.എസ്.ജി ഗോൾ അക്കൗണ്ടിൽ ആദ്യ നിക്ഷേപം എത്തിച്ചത്.

എംബാപ്പെയുടെ ബാക്ക് ഹീൽ പാസിൽ നിന്ന് ട്രേഡ് മാർക്കായ ഇടങ്കാലൻ ഷോട്ടിലൂടെയാാണ് മെസി ചരിത്ര ഗോൾ നേടിയത്. മെസി തന്നെയാണ് ഗോൾ മുന്നേറ്രത്തിന് തുടക്കമിട്ടത്. ഓട്ടത്തിനിടെ എംബാപ്പയ്ക്ക് നൽകിയ പന്ത് അദ്ദേഹം ഞൊടിയിടയിൽ മെസിക്ക് തന്നെ ബാക്ക് പാസ് നൽകി. മുന്നോട്ട് ഓടിക്കയറിയ മെസി ബോക്സിന് തൊട്ടരികിൽ നിന്ന്തൊടുത്ത ഷോട്ട് സിറ്രി ഗോളി എഡേഴ്സണ് ഒരവസരവും നൽകതെ വലയുടെ ഇടത്തേ മൂലയിലേക്ക് തുളച്ചുകയറി. റിയാദ് മെഹരസും സ്റ്റെർലിംഗും ഡി ബ്രൂയിനേയുമെല്ലാം പലതവണ പി.എസ്.ജി ഗോൾമുഖത്തേക്ക് ഇരച്ചെത്തിയെങ്കിലും ഗോൾ കീപ്പർ ഡോണാരുമ്മയുടേയും പ്രതിരോധ നിരയുടേയും ജാഗ്രത അതെല്ലാം നിർവീര്യമാക്കി. പി.എസ്.ജി കെട്ടിയ പ്രതിരോധ കോട്ടയ്ക്ക് തൊട്ടുപിന്നിൽ താഴെ കിടന്ന് ഫ്രികിക്ക് തടയാനുള്ള മെസിയുടെ ശ്രമം കൗതുകമായി.

പോർട്ടോ വല നിറച്ച് ലിവർപൂൾ

ഗ്രൂപ്പ് ബിയിലെ മത്‌സരത്തിൽ ലിവർപൂൾ ഒന്നിനെതിരെ അഞ്ച്ഗോളുകൾക്കാണ് വീഴ്ത്തിയത്. മുഹമ്മദ് സലയും പകരക്കരാനായി ഇറങ്ങിയ റോബർട്ടോ ഫിർമിനോയും ഇരട്ടഗോൾ നേടിയ മത്സരത്തിൽ സാഡിയോ മാനെ ലിവറിനായി ഒരു തവണ വലകുലുക്കി. മെഹദി തരേമി പോർട്ടോയുടെ ആശ്വാസഗോൾ നേടി. 18, 60 മിനുട്ടുകളിലായിരുന്നു സലയുടെ ഗോളുകൾ വന്നത്. 67-ാംമിനിട്ടിൽ പകരക്കാരനായി കളത്തിലെത്തിയ ഫിർമിനോ 77, 81 മിനിട്ടുകളിലാണ് ഗോളുകൾ നേടിയത്. 45-ാം മിനിട്ടിൽ മിൽനറുടെ പാസിൽ നിന്നാണ് മാനേ സ്കോർ ചെയ്തത്. 74-ാം മിനിട്ടിൽ തരേമി പോർട്ടോയുടെ ഏക ഗോൾ കണ്ടെത്തി. ആദ്യ മത്സരത്തിൽ എ.സി മിലാനെ 3-1ന് തോൽപ്പിച്ച ലിവർ 6 പോയിന്റുമായി ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. മറ്രൊരു മത്സരത്തിൽ മിലാനെ 1-2ന് തോൽപ്പിച്ച അത്‌ലറ്റിക്കോയാണ് രണ്ടാം സ്ഥാനത്ത്.

ആദ്യം ഗോൾ നേടിയ മിലാൻ അവസാന നിമിഷങ്ങളിൽ വഴങ്ങിയ ഗോളുകളിലാണ് തോറ്രത്.

റാഫേൽ ലിയാവോയുടെ ഗോളിൽ 20-ാം മിനിട്ടിൽ ലീഡെടുത്ത മിലാനെ 84-ാം മിനിട്ടിൽ ഗ്രീസ്മാനും രണ്ടാം പകുതിയുടെ അധികസമയത്ത് 97-ാംമിനിട്ടിൽ പെനാൽറ്റിയിലൂടെ സുവാരസ് നേടിയ ഗോളുകളുടെ പിൻബലത്തിലാണ് അത്‌ലറ്രിക്കോ മറികടന്നത്. 29-ാം മിനിട്ടിൽ രണ്ടാം മഞ്ഞക്കാർഡും മാർച്ചിംഗ് ഓർഡറും വാങ്ങി ഫ്രാങ്ക് കെസ്സി പുറത്തായതിനെ തുടർന്ന് പത്തുപേരുമായി കളിക്കേണ്ടി വന്നതാണ് മിലാന് തിരിച്ചടിയായത്.

റയലിന് ഷെറിഫ് ഷോക്ക്

ഏറ്രവും കൂടുതൽ തവണ ചാമ്പ്യൻസ് ലീഗ് കിരിടം സ്വന്തമാക്കിയിട്ടുള്ള റയൽ മാഡ്രിഡിനെ അവരുടെ തട്ടകത്തിൽ എത്തി മലർത്തിയടിച്ച് ലീഗിലെ തുടക്കക്കാരായ മോൾഡോവിയ ക്ലബ് ഷെറിഫ്. 2-1നാണ് ഷെരീഫ് റയലിന്റെ ഫ്യൂസുരിയത്. യാക്ഷിബോയേവിലൂടെ 25-ാം മിനിട്ടിൽ തന്നെ ഷെറിഫ് ലീഡെടുത്തു. എന്നാൽ രണ്ടാം പകുതിയിൽ 65-ാ മിനിട്ടിൽ കിട്ടിയ പെനാൽറ്റി ഗോളാക്കി കരിംബെൻസേമ റയലിനെ ഒപ്പമെത്തിച്ചു. സമനില കരുതിയിരിക്കെ 89-ാംമിനിട്ടിൽ സെബാസ്റ്റ്യൻ തീൽ റയലിന്റെ വിജയഗോൾ നേടുകയായിരുന്നു. ആദ്യ കളിയിൽ ശക്താറിനേയും തോൽപ്പിച്ച ഷെറിഫ് ഗ്രൂപ്പ് ഡിയിൽ ഒന്നാം സ്ഥാനത്താണ് റയൽ രണ്ടാമതാണ്.

മത്സരഫലം

ഷക്താർ 0-0 ഇന്റർ

അയാക്സ് 2-0 ബെസിക്‌റ്റാസ്

റയൽ 1-2 ഷെറിഫ്

മിലാൻ 1-2അത്‌ലറ്റിക്കോ

ബൊറൂഷ്യ 1-0 സ്പോർട്ടിംഗ്

പി.എസ്.ജി 2-0 മാൻ.സിറ്റി

പോർട്ടോ 1-5 ലിവർപൂൾ

ലെയ്പ്‌സിഗ് 1-2 ബ്രൂഗ്ഗെ

Advertisement
Advertisement