വാഹനങ്ങളുടെ ഫിറ്റ്നസ് കാലാവധി അവസാനിച്ചു: ടാക്സി ഡ്രൈവർമാർ പ്രതിസന്ധിയിൽ

Friday 01 October 2021 12:00 AM IST

പാലക്കാട്: കൊവിഡ് പ്രതിസന്ധി മൂലം സർക്കാർ നീട്ടിക്കൊടുത്ത വാഹനങ്ങളുടെ ഫിറ്റ്നസ് കാലാവധി അവസാനിച്ചതോടെ ടാക്സി ഡ്രൈവർമാർ ദുരിതത്തിൽ. ലോക്ക് ഡൗൺ ഇളവുകൾക്കു ശേഷം നിലവിൽ ടാക്സികൾ നിരത്തിലിറങ്ങി കരകയറി വരുന്നതിനിടെയാണ് ഫിറ്റ്നസ് കാലാവധി ഇന്നലെ അവസാനിച്ചത്.

ഇതോടെ ഫിറ്റ്നസിന് വേണ്ടിയുള്ള തുക കൊടുക്കാനാകാതെ ടാക്സി ഡ്രൈവർമാർ നെട്ടോട്ടത്തിലാണ്. ഇതിനു പുറമെ ജി.പി.എസ് ഘടിപ്പിക്കണമെന്നുള്ള നിർബന്ധവും ഏറെ ദുരിതത്തിലാക്കുന്നു. ജി.പി.എസ് സംവിധാനം ആർ.ടി.ഒ ഓഫീസുകളിൽ ഇതുവരെ പ്രവർത്തനക്ഷമമാകാത്ത സാഹചര്യത്തിലാണ് നിയമം കർശനമാക്കിയതെന്നാണ് ടാക്സി ഡ്രൈവർമാരുടെ പരാതി.

  • ഭൂരിഭാഗം ഡ്രൈവർമാരും സാമ്പത്തിക പ്രതിസന്ധിയിൽ

കൊവിഡ് രണ്ടാംതരംഗ വ്യാപനത്തെ തുടർന്ന് പല ടാക്സികളും വലിയ സാമ്പത്തിക പ്രതിസന്ധിയിലാണ്. ബസുകളും കാറുകളും ഉൾപ്പടെ ടൂറിസ്റ്റ് മേഖലയെ ആശ്രയിക്കുന്ന ഇരുപതിനായിരത്തോളം വാഹനങ്ങളാണ് ജില്ലയിലുള്ളത്. കഴിഞ്ഞ വർഷത്തെ ലോക്ക് ഡൗണിൽ നിറുത്തിയിട്ട വാഹനങ്ങളിൽ പലതും നിരത്തിലിറങ്ങിയിട്ടേയുള്ളൂ. ഭൂരിഭാഗം ഉടമകളും വായ്പയെടുത്താണ് പിടിച്ച് നിൽക്കുന്നത്.

ഡിസംബർ, ജനുവരി, ഫെബ്രുവരി മാസങ്ങളിൽ വിനോദ സഞ്ചാര മേഖല ഉണർന്നതോടെ ചെറിയ തോതിൽ വാഹനങ്ങൾക്ക് വരുമാനം ലഭിച്ചു തുടങ്ങിയിരുന്നു. അതിനിടയിലാണ് രണ്ടാംതരംഗമുണ്ടായത്. ശബരിമല മണ്ഡലകാല സീസണുകളിലെ ബുക്കിംഗ്, വിവാഹ ഓട്ടങ്ങൾ, കർക്കടകത്തിലെ ക്ഷേത്രദർശന യാത്രകൾ എന്നിവയെല്ലാം കൊവിഡ് മൂലം നഷ്ടമായി. ഇതെല്ലാം കൂടുതൽ പ്രതിസന്ധിയിലാക്കി. 30% വാഹനങ്ങൾ മാത്രമാണ് നിലവിൽ ജി ഫോം നൽകിയിട്ടുള്ളത്.

ലോക്ക്ഡൗൺ മൂലം നിറുത്തിയിട്ട വാഹനങ്ങൾ നിരത്തിലിറക്കാൻ മിനിമം 20,000 രൂപയോളമെങ്കിലും ചെലവ് വന്നിട്ടുണ്ട്. നിലവിലെ സാഹചര്യത്തിൽ ഫിറ്റ്നസ് കാലാവധി 2022 മാർച്ച് 31 വരെ നീട്ടി തരണമെന്നുള്ള അപേക്ഷ ഗതാഗത മന്ത്രിക്കും മുഖ്യമന്ത്രിക്കും നൽകിയിട്ടുണ്ടെങ്കിലും ഇതുവരെ നടപടിയൊന്നും ഉണ്ടായിട്ടില്ല.

​- വി. രാമദാസ്, ജില്ലാ രക്ഷാധികാരി, കേരള ടാക്സി ഡ്രൈവേഴ്സ് ഓർഗനൈസേഷൻ