അയാൾ കഥയെഴുതി കൂട്ടുകയാണ് ഒന്നര വർഷം, 512 കഥകൾ

Friday 01 October 2021 12:43 AM IST

കൊച്ചി: ഒരു ദിവസം ഒരുകഥ. 2020 മേയ് 4 മുതൽ ഇന്നലെ വരെ ഫേസ് ബുക്കിൽ എഴുതി പോസ്റ്റ് ചെയ്തത് 512 കഥകൾ. റിട്ട. സബ് ഇൻസ്പെക്ടർ കെ.കെ.രാമചന്ദ്രൻ എന്ന 'രേഖ വെള്ളത്തൂവൽ' ആണ് ഇടവേളകളില്ലാതെ കഥയെഴുതി സാഹിത്യലോകത്ത് വ്യത്യസ്തനാകുന്നത്. 37 വർഷത്തെ പൊലീസ് ജീവിതത്തിനിടെ മനസിലുടക്കിയ അവിസ്മരണീയ മുഹൂർത്തങ്ങൾക്കു പുറമെ കൃഷി, പരിസ്ഥിതി, കുടുംബം, സമൂഹം, പ്രണയം, വിദ്യാഭ്യാസം, മദ്യം, മയക്കുമരുന്ന്, ഗാർഹിക പീഡനം തുടങ്ങി ചുറ്റുപാടുകളുടെ സ്പന്ദനങ്ങളാണ് കഥയായും കഥാപാത്രങ്ങളായും ഇദ്ദേഹം വായനക്കാരിലെത്തിക്കുന്നത്.

മുമ്പ് ഇടുക്കിയിൽ ജോലി ചെയ്ത കാലത്ത് കാർട്ടൂൺ വരച്ച് പുകവലിക്കെതിരെ ശക്തമായ ബോധവത്കരണം സംഘടിപ്പിച്ചും 1987 ൽ അയൽക്കാർക്കിടയിൽ സ്നേഹവും സാഹോദര്യവും വളർത്തുന്നതിന് അടിമാലിയിൽ 'സ്നേഹദ്വീപ്' എന്നപേരിൽ 13 കുടുംബങ്ങളെ സംഘടിപ്പിച്ച് അയൽകൂട്ടത്തിന്റെ ആദ്യമാതൃക സൃഷ്ടിച്ചും ജനശ്രദ്ധനേടിയ ഉദ്യോഗസ്ഥനാണ് രേഖ വെള്ളത്തൂവൽ.

ചുറ്റുവട്ടത്തോ സാമൂഹ്യമാദ്ധ്യമങ്ങളിലോ കാണുന്ന ചിത്രത്തിൽ നിന്നാകും ഓരോ ദിവസവും കഥ പിറക്കുക. ചിത്രമെന്നാൽ വെറുമൊരു കുടയുടേതാകാം, മനോഹരമായ പ്രകൃതിയാകാം, മഴയോ വെയിലോ കാറ്റോ ആകാം. അതിന്റെ പശ്ചാത്തലത്തിൽ മനോമുകുരത്തിൽ തെളിയുന്ന ആശയം വിരൽ തുമ്പിലൂടെ ആൻഡ്രോയിഡ് ഫോണിലേക്ക് പകർത്തും. ലോക്ക്ഡൗൺ കാലത്ത് വെറുമൊരു കൗതുകത്തിന് തുടങ്ങിയതാണെങ്കിലും പിന്നീട് വായനക്കാരുടെ എണ്ണം കൂടിയതോടെ കഥയെഴുത്ത് ദിനചര്യയായി. കൃഷിക്കാർ മുതൽ വൈസ് ചാൻസിലർ വരെ നൂറുകണക്കിന് വായനക്കാരാണ് ഫേസ് ബുക്കിൽ രേഖയുടെ കഥയ്ക്കുവേണ്ടി കാത്തിരിക്കുന്നത്.

കഥ എഴുതിയാൽ നിമിഷങ്ങൾക്കകം വായനക്കാരിൽ എത്തുകയും ചൂടാറുംമുമ്പേ ആസ്വാദനം അറിയുകയും ചെയ്യുന്നത് എഴുത്തുകാരനെന്ന നിലയിൽ വലിയ പ്രചോദനമാണ്.

രേഖ വെള്ളത്തൂവൽ

രേഖ വെള്ളത്തൂവൽ

പൊലീസുകാരൻ എന്ന നിലയിൽ സ്വന്തം പേര് വെളിപ്പെടുത്തി കാർട്ടൂൺ വരയ്ക്കാൻ സാധിക്കാത്തതുകൊണ്ടാണ് വരയുമായി ബന്ധമുള്ള 'രേഖ' യെന്ന പേരും ജനിച്ചുവളർന്ന സ്ഥലനാമവും ചേർത്ത് 'രേഖ വെള്ളത്തൂവൽ' എന്ന തൂലീകനാമം സ്വീകരിച്ചത്. ഫേസ് ബുക്കിലെ കഥയെഴുത്തിനൊപ്പം കൊവിഡ് കാലത്തുതന്നെ രേഖ തിരക്കഥയെഴുതി സംവിധാനം നിർവഹിച്ച 'ഉയരം' എന്ന സിനിമ റിലീസിങ്ങിന് ഒരുങ്ങുകയാണ്.

Advertisement
Advertisement