ഒറ്റപ്പെടുത്തലിലും കൂസാതെ അഞ്ചംഗ കന്യാസ്ത്രീ സംഘം, വഞ്ചിസ്ക്വയർ സമരത്തിന് മൂന്ന് വയസ്

Friday 01 October 2021 12:00 AM IST

കൊച്ചി: മാനഭംഗക്കേസിൽ പ്രതിയായ ബിഷപ്പിനെതിരെ തെരുവിലിറങ്ങി അസാധാരണ പോരാട്ടം നടത്തിയ കന്യാസ്ത്രീകളുടെ ജീവിതം മൂന്ന് വർഷം പിന്നിടുമ്പോഴും തടവറയ്ക്ക് തുല്യം. ഒറ്റപ്പെടുത്തലും ഭീഷണികളും അവഗണിച്ച് ഇരയായ സഹപ്രവർത്തകയ്ക്ക് നീതി കിട്ടാൻ പോരാട്ടം തുടരുകയാണ് അഞ്ച് കന്യാസ്ത്രീകൾ.

കന്യാസ്ത്രീയെ മാനഭംഗപ്പെടുത്തിയ സംഭവത്തിൽ ജലന്ധർ മുൻ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് ആവശ്യപ്പെട്ട് എറണാകുളം ഹൈക്കോടതി കവലയിൽ വഞ്ചിസ്ക്വയറിൽ നടന്ന സമരം ദേശീയ ശ്രദ്ധയാകർഷിച്ചിരുന്നു. കേസ് രജിസ്റ്റർ ചെയ്തിട്ടും ബിഷപ്പിനെ അറസ്റ്റ് ചെയ്യാൻ പൊലീസ് മടിച്ചപ്പോഴായിരുന്നു സമരം. കുറവിലങ്ങാട് മഠത്തിലെ സിസ്റ്റർ അനുപമ ഉൾപ്പെടെ അഞ്ച് കന്യാസ്ത്രീകൾക്കൊപ്പം വയനാട്ടിൽ നിന്ന് സിസ്റ്റർ ലൂസി കളപ്പുരയും സമരപ്പന്തലിലെത്തി. ലൂസി കളപ്പുരയെ പുറത്താക്കാൻ എഫ്.സി.സി സന്യാസി സഭയെ പ്രകോപിപ്പിച്ചതും ഇതാണ്.

കുറവിലങ്ങാട്ടെ മഠത്തിൽ തടവറയിലെന്നപോലെയാണ് ഇവരിപ്പോൾ കഴിയുന്നത്. മറ്റു കന്യാസ്ത്രീകൾ നേരെ നോക്കി ചിരിക്കാറില്ല. പള്ളിയിൽ ഇടവകാംഗങ്ങൾ അയിത്തം പുലർത്തുകയാണെന്ന് സമരത്തിന് നേതൃത്വം നൽകിയ ജോയിന്റ് ക്രിസ്ത്യൻ കൗൺസിൽ ഭാരവാഹികൾ പറഞ്ഞു. വിചാരണ നടപടികൾക്കും ധ്യാനത്തിനും മാത്രമാണ് പുറത്തിറങ്ങുന്നത്. അഞ്ച് കന്യാസ്ത്രീകളുടെയും വിചാരണ പൂർത്തിയായി. ധ്യാനത്തിനായി തൃപ്പൂണിത്തുറയിൽ ഫാ. ഡൊമിനിക് പത്യാലയുടെ കരുണാലയത്തിലെത്തിയ കന്യാസ്ത്രീകളെ ക്രിസ്ത്യൻ കൗൺസിൽ ഭാരവാഹികൾ കഴിഞ്ഞദിവസം സന്ദർശിച്ചിരുന്നു.

പൊലീസ് സംരക്ഷണമുള്ളതുകൊണ്ട് അവർക്ക് ഭക്ഷണം ലഭിക്കുന്നു. എനിക്ക് ഭക്ഷണവും നിഷേധിക്കുന്നു. സഭയുടെ നിഷേധ നിലപാടിനെ കന്യാസ്ത്രീകൾ ധീരമായി നേരിടുകയാണ്.

സിസ്റ്റർ ലൂസി കളപ്പുര

സഭയുടെ അദ്ധ്യാത്മിക നേതൃത്വത്തിലെ ക്രിമിനൽവത്കരണത്തിനെതിരെ കരുത്തുള്ള ചൂണ്ടുവിരലാണ് അവരുടെ സഹനസമരം.

ഫെലിക്സ് ജെ. പുല്ലൂടൻ,ജോയിന്റ് ക്രിസ്ത്യൻ കൗൺസിൽ

Advertisement
Advertisement