ഇന്ന് 50 പേരെ പിരിച്ചുവിടും, കൊവിഡ് പോരാളികൾ പടിയിറങ്ങുന്നു

Friday 01 October 2021 12:00 AM IST

പത്തനംതിട്ട : കൊവിഡ് ബ്രിഗേഡിയർമാരുടെ കാലാവധി അവസാനിക്കുമ്പോൾ ജില്ലയിൽ ഇന്ന് അമ്പത് പേരെ പിരിച്ചുവിടും. ഘട്ടംഘട്ടമായി കൂടുതൽ പേരെ ഒഴിവാക്കിയേക്കാം. ഇവരെ സ്ഥിരമാക്കാൻ കഴിയില്ല. അടുത്ത ഒഴിവുകൾ വരുമ്പോൾ ഇവർക്ക് പ്രാതിനിധ്യം ലഭിക്കും. ജില്ലയിൽ ആകെ 1062 കൊവിഡ് ബ്രിഗേഡിയർ ജീവനക്കാർ നിലവിൽ ഉണ്ട്. ഇതിൽ അമ്പത് മുതൽ നൂറ് വരെ ജീവനക്കാർ ആദ്യ ഘട്ടത്തിൽ പുറത്താകും. സംസ്ഥാനത്ത് ആകെ 19,210 ജീവനക്കാരാണ് കൊവിഡ് പോരാളികളായുള്ളത്. ഇവരുടെ ശമ്പളത്തിനായി 35 കോടി രൂപയാണ് നീക്കിവച്ചത്.

ജില്ലയിലെ ഫസ്റ്റ് ലൈൻ, സെക്കൻഡ് ലൈൻ ട്രീറ്റ് മെന്റ് സെന്ററുകളിലെ പതിനൊന്ന് എണ്ണത്തിൽ പകുതിയും അടച്ചു. കേസുകൾ കുറയുന്നത് അനുസരിച്ച് വീണ്ടും ബാക്കിയുള്ളവ കൂടി അടയ്ക്കാനാണ് തീരുമാനം. രണ്ട് മാസത്തിനുള്ളിൽ ജില്ലയിലെ കൊവിഡ് കണക്കുകൾ കുറയുമെന്നാണ് ആരോഗ്യ വകുപ്പ് അധികൃതർ പറയുന്നത്.

സി.എഫ്.എൽ.ടി.സികൾ പൂട്ടുന്നു

ജില്ലയിൽ നിലവിൽ കാർമൽ എൻജിനീയറിംഗ് കോളേജ്, കുറ്റപ്പുഴ മാർത്തോമ്മ ഹോസ്റ്റൽ, പന്തളം തെക്കേകര എന്നിവിടങ്ങളിലാണ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റ‌ർ പ്രവർത്തിക്കുന്നത്. പന്തളം അർച്ചന, റാന്നി മേനാംതോട്ടം, പത്തനംതിട്ട മുസലിയാർ കോളേജ് എന്നിവ സെക്കൻഡ് ലൈൻ ട്രീറ്റ്മെന്റ് സെന്ററായും പ്രവർത്തിക്കുന്നുണ്ട്. കോളേജിൽ ക്ലാസ് ആരംഭിക്കുന്നതിനാൽ മുസലിയാർ കോളേജിലെ സെന്റർ പത്തനംതിട്ട ജിയോയിലേക്ക് മാറ്റിയേക്കും. ഈ സി.എഫ്.എൽ.ടി.സികളിൽ ജോലി ചെയ്യുന്ന ജീവനക്കാർ പുറത്ത് പോകും.

കൊവിഡ് ആശുപത്രികളായ കോഴഞ്ചേരി ജില്ലാ ആശുപത്രി, പത്തനംതിട്ട ജനറൽ ആശുപത്രി എന്നിവിടങ്ങളിലെ കൊവിഡ് വിഭാഗം ജീവനക്കാരെ വേഗത്തിൽ പിരിച്ച് വിടാൻ സാദ്ധ്യതയില്ല. കൊവിഡ് കേസുകൾ കുറഞ്ഞാൽ മാത്രമേ ഇവരെ പിരിച്ച് വിടാൻ സാധിക്കു. പ്രതിദിന കൊവിഡ് കേസുകൾ അഞ്ഞൂറിൽ നിന്ന് ഇതുവരെ കുറഞ്ഞിട്ടില്ല.

കൊവിഡ് ബ്രിഗേഡിയർമാർ

ജില്ലയിൽ ആകെ : 1062

ആദ്യ ഘട്ടത്തിൽ പുറത്താകുന്നത്

ഡ്രൈവർമാർ, ലാബ് ടെക്നീഷ്യൻസ്, അറ്റൻഡർ, നഴ്സുമാർ,

ഡേറ്റ എൻട്രി ഓപറേറ്റർമാർ എന്നിവർ

ആറുമാസ കാലാവധിയിലാണ് ഇവരെ ജോലിയ്ക്ക് നിയമിച്ചത്.

വീണ്ടും നീട്ടി നൽകിയ കാലാവധി ഇന്നലെ അവസാനിക്കുകയായിരുന്നു. കൊവിഡ് സാഹചര്യം കണക്കിലെടുത്ത് അത്യാവശ്യമുള്ളവരെ മാത്രം നിലനിറുത്താനാണ് ആരോഗ്യ വകുപ്പിന്റെ തീരുമാനം.