ഇന്ന് ലോക വൃദ്ധദിനം , നോക്കുകൂലി വേണ്ട, കൂനുവന്നിട്ടും ജീവിക്കുന്നത് പണിയെടുത്ത്

Friday 01 October 2021 12:01 AM IST

തൃശൂർ/കണ്ണൂർ: ഒരുളുപ്പുമില്ലാതെ നോക്കുകൂലിക്കായി വഴക്കിടുന്നവർ കണ്ണുതുറന്നു കാണണം, കത്രീനയെയും നാരായണിയെയും. കോരിച്ചൊരിയുന്ന മഴയത്തും പൊള്ളുന്ന വെയിലിലും പാടത്തുണ്ടാകും നാരായണി. വയസ്സ് 85. കത്രീനയുടെ വാർക്കപ്പണി കണ്ടാൽ ആരും പറയില്ല വയസ് 92 ആയെന്ന്. സിമന്റും മണലും അതിവേഗം കുഴയ്ക്കും. മെറ്റൽ കൂട്ടും. നിർമ്മാണത്തിലുളള കെട്ടിടത്തിന്റെ രണ്ടാം നിലയിലേക്ക് ചാരിവച്ച ഏണിപ്പടിയിലൂടെ കയറിപ്പോകും. കാലോ കണ്ണോ തെറ്റില്ല. നാട്ടിലാകെ പടർന്ന കൊവിഡ് കത്രീനയെയും നാരായണിയെയും തൊട്ടില്ല. ഈ പ്രായത്തിലും മിതമെങ്കിലും രുചിയറിഞ്ഞ് ഭക്ഷണം കഴിക്കും. അതാണ് അദ്ധ്വാനത്തിന്റെ പകിട്ട്. ജോലിചെയ്യാതെ നേടുന്ന പണം ആശുപത്രിയിൽ കൊടുക്കാനേ തികയൂ എന്നുകൂടി പറയും ഇരുവരും.

മയ്യിൽ വള്ളിയോട്ടെ ആണോലത്തിൽ നാരായണി 60 വർഷത്തോളമായി കൃഷിപ്പണി ചെയ്യുന്നു. 17 വർഷം മുൻപ് ഭർത്താവ് കെ. കുഞ്ഞിരാമൻ മരിച്ചു. ആറു മക്കളെയും നാരായണി വളർത്തിയത് പാടത്ത് പണിയെടുത്താണ്. മക്കൾക്കെല്ലാം മികച്ച വിദ്യാഭ്യാസവും നൽകി. പെൺമക്കളെ വിവാഹം കഴിപ്പിച്ചയച്ചു. ഇതുവരെ കാര്യമായ അസുഖങ്ങൾ ബാധിച്ചിട്ടില്ലാത്ത നാരായണി മരുന്നിന്റെ പിൻബലമില്ലാതെയാണ് ജീവിക്കുന്നതെന്ന് കേരള മെഡിക്കൽ സർവീസ് കോർപ്പറേഷനിൽ ജോലിചെയ്യുന്ന മകൻ കെ. സജീവൻ സാക്ഷ്യപ്പെടുത്തുന്നു. ഇപ്പോൾ സ്വന്തം പാടമായ 35 സെന്റിലാണ് കൃഷി. കിളയ്ക്കലും കളപറിക്കലും ഞാറു നടലുമെല്ലാം നാരായണി ഒറ്റയ്ക്കാണ്.

വീട്ടു പറമ്പിൽ പച്ചക്കറിയും മറ്റും കൃഷി ചെയ്യുന്നുണ്ട്.

തൃശൂർ പൂങ്കുന്നം ഹരി നഗറിൽ കത്രീന 65 വർഷമായി വാർക്കപ്പണിക്കാരിയാണ്. ബി.പിയോ ഷുഗറോ കൊളസ്‌ട്രോളോ ഇല്ല. ഭർത്താവ് കാട്ടൂക്കാരൻ ജോൺ (ബേബി) ക്ഷയരോഗബാധിതനായതോടെയാണ് കുടുംബഭാരം കത്രീന ചുമലിലേറ്റിയത്. ഭർത്താവിന്റെ വേർപാടിനുശേഷം മകൾ ഫിലോമിനയ്‌ക്കൊപ്പമാണ് താമസം. രാവിലെ നാലിന് ഉണരും. പണിക്ക് പോകുമ്പോൾ സുധാകരന്റെ ചായക്കടയിൽ നിന്ന് കടുപ്പവും മധുരവും കൂട്ടി സ്‌പെഷ്യൽ കട്ടൻ.

''ചിട്ടയായ ഭക്ഷണവും ഉറക്കവും ജോലിചെയ്യുന്നതിലൂടെ ലഭിക്കുന്ന സന്തോഷവുമാണ് എന്റെ ആരോഗ്യരഹസ്യം

-നാരായണി

''പണിയെടുത്ത് നടുവളഞ്ഞെങ്കിലും എല്ലിനും പല്ലിനും ബലമുണ്ട്. കാഴ്ചയ്ക്കും കേൾവിക്കും കുഴപ്പമില്ല. മരിക്കും വരെ ജോലി ചെയ്യണം.

- കത്രീന

Advertisement
Advertisement