മോൻസൺ 3 ദിവസം കൂടി കസ്റ്റഡിയിൽ

Friday 01 October 2021 12:06 AM IST

കൊച്ചി: പുരാവസ്തു വില്പനയുടെ പേരിൽ പത്തു കോടി തട്ടിയ കേസിൽ അറസ്റ്റിലായ മോൻസൺ മാവുങ്കലിനെ മൂന്നു ദിവസം കൂടി ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയിൽ വിട്ടു. ഒക്ടോബർ രണ്ടു വരെ എറണാകുളം അഡി. സി.ജെ.എം കോടതിയാണ് കസ്റ്റഡി അനുവദിച്ചത്.

മോൻസന്റെ പക്കൽ പുരാവസ്തു ശേഖരമുണ്ടെങ്കിലും വാങ്ങാൻ ആരെയും നിർബന്ധിച്ചിരുന്നില്ലെന്നും, വ്യാജരേഖ ചമച്ചെന്ന ആരോപണം തെറ്റാണെന്നും മോൻസന്റെ അഭിഭാഷകൻ പറഞ്ഞു. മോൻസന്റെ അക്കൗണ്ടിൽ പണമില്ല. പത്തു കോടിയുടെ തട്ടിപ്പെന്നു പറയുമ്പോഴും 1.36 കോടിയുടെ ഇടപാടുകളുമായി ബന്ധപ്പെട്ടാണ് കേസെന്നും അഭിഭാഷകൻ വിശദീകരിച്ചു.

എച്ച്.എസ്.ബി.സി ബാങ്കിലെ അക്കൗണ്ടിൽ കോടിക്കണക്കിന് രൂപയുണ്ടെന്ന തരത്തിൽ വ്യാജരേഖ ചമച്ചാണ് പ്രതി തട്ടിപ്പു നടത്തിയതെന്നും, ഇതേക്കുറിച്ച് കൂ‌ടുതൽ അന്വേഷണം വേണമെന്നും പ്രോസിക്യൂട്ടർ വ്യക്തമാക്കി. ബാങ്ക് അക്കൗണ്ട് രേഖകൾ വ്യാജമാണെന്ന് ബാങ്ക് അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതെങ്ങനെ തയ്യാറാക്കിയെന്നതടക്കമുള്ള വിവരങ്ങൾ അറിയണം. ഇതിനുപയോഗിച്ച ഇലക്ട്രോണിക് ഉപകരണങ്ങൾ ഉൾപ്പെടെ കണ്ടെടുക്കേണ്ടതുണ്ട്. പ്രതി ചോദ്യം ചെയ്യലിനോടു സഹകരിക്കുന്നില്ലെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കി.

മോൻസണിന്റെ ശബ്ദ സാബിളുകൾ ക്രൈംബ്രാഞ്ച് ശേഖരിച്ചു. പണം ആവശ്യപ്പെട്ട പരാതിക്കാരുമായുള്ള സംഭാഷണത്തിലെ ശബ്ദം ഉറപ്പു വരുത്താനാണി​ത്. ഇന്നലെ രാവിലെ കാക്കനാട് ചിത്രാഞ്ജലി സ്റ്റുഡിയോയിലെത്തിച്ചാണ് സാമ്പിളുകൾ ശേഖരിച്ചത്.

മോൻസൺ​ സുഹൃത്തല്ല:

ലോക്നാഥ് ബെഹ്റ

മോൻസണുമായി യാതൊരു ബന്ധവുമില്ലെന്ന് മുൻ പൊലീസ് മേധാവിയും കൊച്ചി മെട്രോ എം.ഡിയുമായ ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. പറയാനുള്ള കാര്യങ്ങൾ പൊലീസിനോട് പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പ്രതികരി​ച്ചു.

ഇന്നലെ ജെ.എൻ.എൽ മെട്രോ സ്റ്റേഷന് മുമ്പിൽ നിന്ന് പെരുമ്പാമ്പിനെ പിടികൂടിയ ട്രാഫിക് പൊലീസുകാരനെ ആദരിക്കുന്ന ചടങ്ങിൽ അദ്ദേഹം പങ്കെടുത്തു. ബെഹ്‌റ അവധിയെടുത്തിട്ടില്ലെന്ന് കെ.എം.ആർ.എൽ അറിയിച്ചു

Advertisement
Advertisement