ദുബായ് എക്‌സ്‌പോയിൽ ഇന്ത്യ അടിവരയിടുന്നു, 'ലോകം ഒരു കുടുംബം"

Friday 01 October 2021 12:23 AM IST

ദുബായ്: ലോകം കാത്തിരുന്ന ദുബായ് വേൾഡ് എക്‌സ്‌പോ 2020ൽ 'ലോകം ഒരു കുടുംബം" എന്ന ആശയത്തിൽ ഇന്ത്യയൊരുക്കുന്നത് നാല് നിലകളിലുള്ള പവലിയൻ. എക്‌സ്‌പോയിലെ വലിയ പവലിയനുകളിൽ ഒന്നാണ് ഇന്ത്യയുടേത്. 'ലോകം ഒരു കുടുംബം" എന്ന ആശയത്തിൽ ചരിത്രം മുതൽ ഭാവി വരെയാണ് ഇന്ത്യ ഒരുക്കുന്നത്.

കാലാവസ്ഥ, ജൈവ വൈവിദ്ധ്യം, ബഹിരാകാശം, ഗ്രാമനഗര വികസനം, സഹിഷ്ണുത, അറിവും വിദ്യാഭ്യാസവും, ആരോഗ്യം, കാർഷികം, ജലസംരക്ഷണം എന്നിവയടക്കം 11 പ്രമേയങ്ങളെ അടിസ്ഥാനമാക്കിയാണ് പവിലിയനിലെ സോണുകൾ. പവിലിയനിലെ പടുകൂറ്റൻ ഭിത്തിയിലെ ലൈറ്റ് ആൻഡ് ഷോയിൽ 'മേക്ക് ഇൻ ഇന്ത്യ"യും പ്രത്യക്ഷപ്പെടും.

 ആദ്യം ആരോഗ്യം

ആയുർവേദം, യോഗ, പ്രകൃതി ചികിത്സ, യുനാനി, സിദ്ധ, ഹോമിയോപ്പതി എന്നിവയുടെ മികവുകളും സാദ്ധ്യതകളും രാജ്യാന്തര തലത്തിൽ പരിചയപ്പെടുത്തും. ബഹിരാകാശ നേട്ടങ്ങൾ, ശാസ്ത്രജ്ഞരുടെ സംഭാവ, ഭാവി പദ്ധതികൾ, ഭൂമിയെ ചുറ്റുന്ന ഇന്ത്യൻ ഉപഗ്രഹങ്ങൾ തുടങ്ങിയവയുടെ മാതൃകകളും പ്രഥമനിലയത്തിലുണ്ട്.

രണ്ടാം നില മുതൽ പൈതൃകത്തനിമ

 പുണ്യനഗരങ്ങൾ, നദികൾ, തീർത്ഥഘട്ടങ്ങൾ, തീർത്ഥയാത്രകൾ, കൊട്ടാരങ്ങൾ, വള്ളംകളിയടക്കമുള്ള ദേശീയ വിനോദങ്ങൾ, സിനിമ ചരിത്രം

 ഗാന്ധിജിയുടെ ലളിതജീവിതവും സന്ദേശങ്ങളും

 മുകൾ നിലകളിലൊന്ന് സംസ്ഥാനങ്ങൾക്ക്

 നിക്ഷേപാവസരങ്ങൾ പങ്കുവച്ച് സംസ്ഥാനങ്ങൾക്ക് പദ്ധതികൾ പ്രഖ്യാപിക്കാം

 പദ്ധതികളുടെയും പരിപാടികളുടെയും എണ്ണമനുസരിച്ച് ഒരു സംസ്ഥാനത്തിന് രണ്ടാഴ്ച വരെ ലഭിക്കും.

ദുബായ് എക്‌സ്‌പോ 2020

 എക്‌സ്‌പോ ഗ്രാമം നാലര കിലോമീറ്റർ ചുറ്റളവിൽ

 പങ്കെടുക്കുന്നത് 192 രാജ്യങ്ങൾ

 എക്സ്പോ ഗ്രാമത്തിലേക്കു മാത്രമായി മെട്രോ സ്റ്റേഷനും സർവീസും

 ഗതാഗത സൗകര്യം ഒരുക്കാൻ ചെലവാക്കിയത് 30,000 കോടി രൂപ

 വിസ്മയിപ്പിച്ച് ഉദ്ഘാടനം

എക്സ്‌പോയുടെ ഉദ്ഘാടനം ഇന്നലെ യു.എ.ഇ സമയം രാത്രി 7.30ന് ദുബായിൽ എക്‌സ്‌പോ ഗ്രാമത്തിലെ പ്രധാനവേദിയിൽ നടന്നു. വിസ്മയിപ്പിക്കുന്ന ഉദ്ഘാടനച്ചടങ്ങിൽ യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷേഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷേഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എന്നിവരുൾപ്പെടെ ഭരണാധികാരികളും ഉദ്യോഗസ്ഥരും പങ്കെടുത്തു. ആയിരത്തോളം കലാകാരന്മാരെ അണിനിരത്തി അൽവാസൽ പ്ലാസയിലാണ് പരിപാടി നടന്നത്. ആറുമാസത്തെ എക്സ്പോയിൽ രണ്ടരക്കോടി സന്ദർശകർ എത്തുമെന്നാണ് റിപ്പോർട്ട്. 2020ൽ നടക്കേണ്ടിയിരുന്ന എക്സ്‌പോ കൊവിഡിനെ തുടർന്നാണ് 2021ലേക്ക് മാറ്റിയത്. ഇന്ന് മുതൽ 2022 മാർച്ച് 31 വരെയാണ് എക്സ്‌പോ.

Advertisement
Advertisement