കുടുംബശ്രീ ഓക്സിലറി ഗ്രൂപ്പിൽ അംഗത്വമെടുക്കാൻ 75000 പേർ

Friday 01 October 2021 12:00 AM IST

കൊല്ലം: യുവതികളുടെ ശാക്തീകരണം ലക്ഷ്യമിട്ട് സംസ്ഥാനത്ത് രൂപീകരിക്കുന്ന കുടുംബശ്രീ ഓക്സിലറിഗ്രൂപ്പിൽ ജില്ലയിൽ 75000 പേർ അംഗങ്ങളാകും. ഒരുവാർഡിൽ 50പേർവീതം വരുന്ന 1419 പുതിയ സി.ഡി.എസ് ഗ്രൂപ്പുകളാണ് പുതുതായി രൂപീകരിക്കുന്നത്. നഗരസഭ ഉൾപ്പെടെ ചില തദ്ദേശസ്ഥാപനങ്ങളിൽ കൂടുതൽ ഗ്രൂപ്പുകളുണ്ടാവും. അങ്ങനെവന്നാൽ 1500 ഗ്രൂപ്പുകൾവരെ ജില്ലയിൽ രൂപീകരിക്കപ്പെടും. പതിനെട്ടിനും നാല്പതിനും ഇടയിൽ പ്രായമുള്ള സ്ത്രീകളെ ഉൾപ്പെടുത്തിയാണ് കുടുംബശ്രീ ഓക്സിലറിഗ്രൂപ്പുകളുടെ രൂപീകരണം.

ഒരുവീട്ടിൽ നിന്ന് ഒരാൾക്കുമാത്രമേ കുടുംബശ്രീയിൽ അംഗമാകാൻ കഴിയുമായിരുന്നുള്ളൂ. ഇനി ഒരുവീട്ടിൽ നിന്ന് മറ്റൊരാൾക്കുകൂടി അംഗത്വം ലഭിക്കും. ആദ്യഘട്ടത്തിൽ സാമ്പത്തികസഹായങ്ങൾ ലഭ്യമല്ല. സംസ്ഥാനത്ത് 20,000 ഗ്രൂപ്പുകളാവും പുതുതായുണ്ടാവുക. ഓരോ ഗ്രൂപ്പിനും ഒരു ലീഡറുണ്ടാകും. ഇതിനുപുറമേ സാമ്പത്തികം, സാമൂഹിക വികസനം, ഉപജീവനം, ഏകോപനം എന്നിവയുടെ ചുമതല വഹിക്കുന്ന നാലു പേർ കൂടി നേതൃത്വത്തിലേക്കുവരും.

ഒക്ടോബർ 2 മുതൽ രൂപീകരണം ആരംഭിക്കും

ഗാന്ധിജയന്തി ദിനമായ ഒക്ടോബർ 2 മുതൽ ഓരോവാർഡിലും പ്രത്യേക യോഗം ചേർന്ന് രൂപീകരണം ആരംഭിക്കും. പുതിയ ഗ്രൂപ്പ്‌ നിലവിൽ വരുന്നതോടെ ജില്ലയിൽ കുടുംബശ്രീ അംഗങ്ങളുടെ സംഘബലം 4.25 ലക്ഷത്തോളമാകും. ജില്ലയിൽ 24,000 കുടുംബശ്രീ യൂണിറ്റുകളിലായി നിലവിൽ 3.40 ലക്ഷം അംഗങ്ങളുണ്ട്. 18നും 40നും മദ്ധ്യേപ്രായമുള്ള 25 ശതമാനം സ്ത്രീകൾ മാത്രമാണ് നിലവിൽ കുടുംബശ്രീയിൽ ഉൾപ്പെടുന്നത്. ഈ സ്ഥിതിയിൽ മാറ്റംവരുത്തി ചെറുപ്പക്കാരായ സ്ത്രീകളെക്കൂടി ഇതിന്റെ ഭാഗമാക്കുക എന്ന ലക്ഷ്യമാണ് ഓക്സിലറി ഗ്രൂപ്പ്‌ രൂപീകരണത്തിന് പിന്നിലുള്ളത്.

ജില്ലയിൽ 24,000 കുടുംബശ്രീ യൂണിറ്റുകളിലായി നിലവിൽ 3.40 ലക്ഷം അംഗങ്ങളുണ്ട്

സ്ത്രീകൾ നേരിടുന്ന സ്ത്രീധനം ഉൾപ്പടെയുള്ള സാമൂഹ്യപ്രശ്നങ്ങൾ ചർച്ചചെയ്യുന്നതിനും പ്രതിരോധിക്കുന്നതിനുമുള്ള വേദിയായാകും ഓക്സിലറി ഗ്രൂപ്പുകളുടെ പ്രവർത്തനം. സംരംഭകർക്ക് സഹായം ലഭ്യമാക്കൽ,​ തൊഴിൽസാദ്ധ്യതകൾ പരിചയപ്പെടുത്തൽ,​ മാനസികാരോഗ്യം മെച്ചപ്പെടുത്തൽ തുടങ്ങിയ പ്രവർത്തനങ്ങളുംം ലക്ഷ്യമിടുന്നുണ്ട്. ആദ്യഘട്ടത്തിൽ സാമ്പത്തിക സഹായം ലഭിക്കില്ല.

വി.ആർ. അജു, കുടുംബശ്രീ ജില്ലാമിഷൻ കോ ഒാർഡിനേറ്റർ

Advertisement
Advertisement