ടൂറിസം കാരവനുകൾക്ക് നികുതി കുറയ്ക്കും: മന്ത്രി ആന്റണി രാജു

Friday 01 October 2021 3:46 AM IST

കൊച്ചി: ടൂറിസം കാരവനുകൾക്ക് നികുതിയിളവും ഗ്രീൻ ചാനൽ സൗകര്യവും മുൻഗണനയും അനുവദിക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞു. കാരവൻ ടൂറിസത്തിന്റെ നോഡൽ ഓഫീസറായി അഡിഷണൽ ട്രാൻസ്പോർട്ട് കമ്മിഷണർ പ്രമോജ് ശങ്കറിനെ നിയോഗിക്കും. കാരവൻ ടൂറിസം പദ്ധതിയെക്കുറിച്ച് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്കായി സംഘടിപ്പിച്ച ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

20 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള കാരവനുകൾക്ക് പ്രതിവർഷം 80,000 രൂപയാണ് നിലവിലെ നികുതി. ഇത് നാലിലൊന്നായി കുറയ്ക്കണമെന്ന ടൂറിസം മന്ത്രി മുഹമ്മദ് റിയാസിന്റെ നിർദേശം അംഗീകരിക്കുന്നു. മന്ത്രിസഭയുടെ അംഗീകാരത്തോടെ നികുതിയിളവ് അനുവദിക്കും. സർക്കാരിന്റെ അഭിമാനപദ്ധതിയായ കാരവൻ ടൂറിസത്തിന് ഗതാഗതവകുപ്പ് പൂർണപിന്തുണ നൽകും.

ടൂറിസം, ഗതാഗത വകുപ്പുകൾ അംഗീകരിക്കുന്ന കാരവനുകളിൽ പ്രത്യേക ലോഗോ പതിപ്പിക്കും. ജോയിന്റ് ആർ.ടി.ഒയ്ക്ക് മുകളിലുള്ള ഉദ്യോഗസ്ഥർക്കായിരിക്കും ഇവ പരിശോധിക്കാൻ അധികാരം. അനാവശ്യ പരിശോധനകളാൽ കാരവൻ യാത്രകൾ തടസപ്പെടുത്താനും വൈകിപ്പിക്കാനും അനുവദിക്കില്ല.

വാഹനത്തിൽ ചേസിസ് വാങ്ങി നിർമ്മിക്കുന്ന കാരവനുകൾക്ക് ഇളവുകൾ അനുവദിക്കും. രജിസ്ട്രേഷൻ, അനുമതികൾ എന്നിവ നിശ്ചിത സമയത്തിനകം നൽകുമെന്നും മന്ത്രി പറഞ്ഞു.

മന്ത്രി മുഹമ്മദ് റിയാസ് അദ്ധ്യക്ഷത വഹിച്ചു. ഹൈബി ഈഡൻ എം.പി., കെ.എൻ. ഉണ്ണികൃഷ്ണൻ എം.എൽ.എ., ഗതാഗത വകുപ്പ് സെക്രട്ടറി ബിജു പ്രഭാകരൻ, അഡിഷണൽ ട്രാൻസ്പോർട്ട് കമ്മിഷണർ പ്രമോജ് ശങ്കർ, മുളവുകാട് പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. അക്ബർ, പഞ്ചായത്തംഗം നിക്കോളാസ് ഡിക്കൂത്ത്, ഗതാഗത കമ്മിഷണർ എം.ആർ. അജിത്കുമാർ, ടൂറിസം വകുപ്പ് ഡയറക്ടർ വി.ആർ. കൃഷ്ണതേജ് എന്നിവർ സംസാരിച്ചു.

Advertisement
Advertisement