ഹുറൂൺ ഇന്ത്യ അതിസമ്പന്ന പട്ടിക: അംബാനി തന്നെ ഒന്നാമൻ

Friday 01 October 2021 3:52 AM IST

കൊച്ചി: ഐ.ഐ.എഫ്.എൽ ഹുറൂൺ ഇന്ത്യയുടെ ഈവർഷത്തെ അതിസമ്പന്ന പട്ടികപ്രകാരം ആസ്‌തിയിൽ ഒമ്പതു ശതമാനം വർദ്ധനയുമായി റിലയൻസ് ഇൻഡസ്‌ട്രീസ് ചെയർമാൻ മുകേഷ് അംബാനി തന്നെ ഇന്ത്യയിലെയും ഏഷ്യയിലെയും ഏറ്റവും സമ്പന്നൻ. 7.18 ലക്ഷം കോടി രൂപയാണ് മുകേഷിന്റെ ആസ്‌തി.

ആസ്‌തിയിൽ 261 ശതമാനം വർദ്ധന കുറിച്ച അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി രണ്ടാമതുണ്ട്. ഏഷ്യയിലെ രണ്ടാമത്തെ വലിയ സമ്പന്നനുമായ അദാനിയുടെ ആസ്‌തി 5.05 ലക്ഷം കോടി രൂപ.

സമ്പത്ത് വാരിക്കൂട്ടി

ഗൗതം അദാനി

കഴിഞ്ഞ ഒരുവർഷത്തിനിടെ ഇന്ത്യയിലെ ടോപ് 10 ശതകോടീശ്വരന്മാരിൽ സമ്പത്ത് ഏറ്റവുമധികം വർദ്ധിപ്പിച്ചത് ഗൗതം അദാനിയാണ്. 3.65 ലക്ഷം കോടി രൂപയിൽ നിന്ന് അദാനിയുടെ ആസ്‌തി 5.05 ലക്ഷം കോടി രൂപയിലെത്തി. പ്രതിദിനം ആസ്‌തിയിലുണ്ടായ വർദ്ധന 1,002 കോടി രൂപ!

കോടീശ്വരന്മാരുടെ ഇന്ത്യ

ഈവ‌ർഷത്തെ പട്ടികപ്രകാരം 237 ശതകോടീശ്വരന്മാർ ഇന്ത്യയിലുണ്ട്. മുൻവർഷത്തേക്കാൾ അധികമായി 58 പേർ ഇടംപിടിച്ചു.

 ഏറ്റവുമധികം ശതകോടീശ്വരന്മാരുള്ള സംസ്ഥാനം മഹാരാഷ്‌ട്രയാണ്.

15

ഏറ്റവുമധികം ശതകോടീശ്വരന്മാരുള്ള സംസ്ഥാനങ്ങളിൽ കേരളം 11-ാമത്. 10-ംസ്ഥാനമായിരുന്നു കഴിഞ്ഞവർഷം. 15 ശതകോടീശ്വരന്മാണ് കേരളത്തിലുള്ളത്.

കരുത്തോടെ യൂസഫലി

ഇന്ത്യൻ ശതകോടീശ്വരന്മാരിലെ 30-ാംസ്ഥാനം ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി നിലനിറുത്തി. കേരളീയരിലെ ഏറ്റവും സമ്പന്നനായ യൂസഫലിയുടെ ആസ്‌തി 43,300 കോടി രൂപയാണ്; വർദ്ധന ഒരു ശതമാനം.

ഇൻഫോസിസ് സഹസ്ഥാപകൻ ക്രിസ് ഗോപാലകൃഷ്‌ണൻ (35,200 കോടി രൂപ), തിങ്ക് ആൻഡ് ലേൺ സ്ഥാപകൻ ബൈജു രവീന്ദ്രൻ (24,300 കോടി രൂപ), ജെംസ് എജ്യൂക്കേഷന്റെ സാരഥി സണ്ണി വർക്കി (18,300 കോടി രൂപ), ഇൻഫോസിസ് സഹസ്ഥാപകൻ എസ്.ഡി. ഷിബുലാൽ (17,700 കോടി രൂപ) എന്നിവരാണ് പട്ടികയിൽ ഇടംനേടിയ മറ്റ് മലയാളി പ്രമുഖർ.

1,007

ആയിരം കോടി രൂപയ്ക്കുമേൽ ആസ്‌തിയുള്ള 1,007 ഇന്ത്യക്കാരുണ്ടെന്ന് ഇത്തവണത്തെ ഹുറൂൺ പട്ടിക പറയുന്നു.

Advertisement
Advertisement