'ഗ്രാമം സുഭദ്രം' തിരുവേഗപ്പുറയിൽ തൊഴിലുറപ്പ് പദ്ധതിയിലൂടെ കോഴിക്കൂടുകൾ

Monday 04 October 2021 12:20 AM IST
തിരുവേഗപ്പുറ പഞ്ചായത്ത് മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി കോഴിക്കൂടുകൾ നിർമ്മിച്ചു നൽകുന്നതിന്റെ ഉദ്ഘാടനം സജിത വിനോദ് നിർവഹിക്കുന്നു.

കൊപ്പം: 2021 - 22 സാമ്പത്തിക വർഷത്തിൽ പട്ടാമ്പി ബ്ലോക്കിൽ തൊഴിലുറപ്പ് പദ്ധതി പ്രവർത്തനങ്ങളിൽ ഏറ്റവും മികച്ച പഞ്ചായത്ത് എന്ന നേട്ടം കരസ്ഥമാക്കിയ തിരുവേഗപ്പുറ പഞ്ചായത്ത് മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി അർഹതയുള്ള മുഴുവൻ കുടുംബങ്ങൾക്കും കോഴിക്കൂടുകൾ നിർമ്മിച്ചു നൽകുന്നു.

പദ്ധതിയുടെ നിർമ്മാണോദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സജിത വിനോദ് നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എം.ടി. മുഹമ്മദലി അദ്ധ്യക്ഷനായി. ചടങ്ങിൽ വാർഡ് മെമ്പർ രാധാകൃഷ്ണൻ സ്വാഗതം ആശംസിച്ചു.

മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലൂടെ ജീവനോപാധി ആസ്തികൾ നിർമ്മിച്ചു നൽകി ഗ്രാമീണ ജനതയുടെ നിത്യജീവിതത്തിന് ഊടും പാവുമാകുന്ന ഒരു ബൃഹത് പദ്ധതി എന്ന നിലയ്ക്കാണ് പഞ്ചായത്ത് ഈ പദ്ധതി ആരംഭിക്കുന്നത്.

ആസ്തി സമയബന്ധിതമായി നിർമ്മിച്ചു നൽകി, അതിൽ സമ്പൂർണത കൈവരിക്കുക എന്നതാണ് ഈ പദ്ധതിയുടെ പ്രധാന സവിശേഷത. കോഴിക്കൂട് ആവശ്യമുള്ളവരെന്ന് കണ്ടെത്തുന്ന മുഴുവൻ പേർക്കും നിർമ്മിച്ചു നൽകുക എന്ന രീതിയാണ് അനുവർത്തിക്കുന്നത്.

ബഹുവർഷ പദ്ധതിയായി നടപ്പിലാക്കുന്ന കോഴിക്കൂട് പദ്ധതി വനിതകൾക്ക് മുൻഗണന നൽകി സ്ത്രീസൗഹൃദ പദ്ധതിയായി കൂടി നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നത്.

- എം.ടി. മുഹമ്മദലി, പഞ്ചായത്ത് പ്രസിഡന്റ്

Advertisement
Advertisement