കനത്ത മഴയിൽ കൊടുംകാട്ടിൽ ഒരു രാത്രി
വെള്ളരിക്കുണ്ട്: കൊന്നക്കാട് പാമത്തട്ടിൽനിന്നും ശനിയാഴ്ച വൈകിട്ട് മുതൽ കാണാതായ വട്ടമല ഷാജിയുടെ മകൻ ലിജീഷ് മാത്യുവിനെ ഇന്നലെ പുലർച്ചെ കണ്ടെത്തി. നാട്ടുകാരും വനപാലകരുമടങ്ങുന്ന സംഘം ശങ്കരങ്ങാനം വനത്തിനു സമീപത്തുനിന്നാണ് കുട്ടിയെ കണ്ടെത്തിയത്.
വനത്തിനുള്ളിൽ നിന്നും വീട്ടിലേക്ക് വരുന്ന കുടിവെള്ള പൈപ്പ് നേരെയാക്കാൻ ശനിയാഴ്ച വൈകിട്ട് അഞ്ചരയോടെ പോയ ലിജീഷിനു കനത്ത മഴയും കോടയും കാരണം വഴി തെറ്റിപ്പോവുകയായിരുന്നു. നടന്നു തളർന്ന താൻ ഒരു മരച്ചുവട്ടിൽ ഇരുന്ന് നേരം വെളുപ്പിക്കുകയായിരുന്നുവെന്ന് ലിജീഷ് പറഞ്ഞു. മേഖലയിൽ ശനിയാഴ്ച രാത്രി കനത്ത മഴയുണ്ടായിരുന്നു. വനത്തിനുള്ളിൽ വഴി തെറ്റിയതാകാമെന്ന നിഗമനത്തിൽ നാട്ടുകാരും പൊലീസും ഫയർ ഫോഴ്‌സും ഫോറസ്റ്റ് അധികൃതരും ചേർന്ന് തിരച്ചിൽ തുടങ്ങിയിരുന്നു.
വീട്ടിൽ നിന്നും വനത്തിനുള്ളിലെ കുടിവെള്ളം എടുക്കുന്ന സ്ഥലത്തേക്ക് സ്ഥിരമായി പോകുന്ന വഴിയിലൂടെയാണ് ലിജീഷ് പോയത്. എന്നാൽ ശനിയാഴ്ച വൈകിട്ട് ഉണ്ടായ അതിശക്തമായ മഴയ്ക്കിടെ വനത്തിലേക്ക് പോയ ലിജീഷ് തിരിച്ചുവരാൻ വൈകിയതോടെ വീട്ടുകാർ പരിഭ്രാന്തരായി നാട്ടുകാരെ അറിയിച്ചു. വിവരം അറിഞ്ഞു ബളാൽ പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം, വെള്ളരിക്കുണ്ട് സി.ഐ. അനിൽ കുമാർ, എസ്.ഐ. വിജയ കുമാർ, ഫോറസ്റ്റ്, ഫയർ ഫോഴ്‌സ് ഉദ്യോഗസ്ഥർ എന്നിവരുടെ നേതൃത്വത്തിൽ തിരച്ചിൽ തുടങ്ങി. ഈ തിരച്ചിലിലാണ് വെളുപ്പിന് ലിജീഷ് മാത്യുവിനെ കണ്ടെത്തിയത്.
കനത്ത മഴയത്ത് ഒരു രാത്രി മുഴുവൻ കൊടും വനത്തിൽ കഴിയേണ്ടി വന്ന മകൻ ജീവനോടെ തിരിച്ചെത്തിയ സന്തോഷത്തിലാണ് വീട്ടുകാർ. മാലോത്ത് കസബ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയാണ് ലിജീഷ്.
തിരച്ചിലിന്റെ വെളിച്ചം കണ്ടു;
ശബ്ദം പുറത്തുവന്നില്ല
കുട്ടിയെ കാണാതായ ശനിയാഴ്ച രാത്രി തന്നെ ഇരുന്നൂറ്റമ്പതോളം പേർ ചേർന്ന് കാട് അരിച്ചുപൊറുക്കിയിരുന്നു. തിരച്ചിൽ നടത്താൻ എത്തിയവരുടെ ടോർച്ചുകളുടെ വെളിച്ചം കണ്ടിരുന്നുവെന്ന് കുട്ടി പറഞ്ഞു. പക്ഷേ കനത്ത മഴയിൽ ശബ്ദം പുറത്തുവന്നില്ല. ഇന്നലെ പുലർച്ചെ കണ്ടെത്തുമ്പോൾ കുട്ടി അർദ്ധബോധത്തിലായിരുന്നുവെന്ന് ബളാൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം പറഞ്ഞു. ചുമലിൽ രണ്ട് തട്ടുകൊടുത്തപ്പോഴാണ് കുട്ടി കണ്ണുതുറന്നത്. വീട്ടിൽ നിന്നും ഏതാണ്ട് അഞ്ഞൂറ് മീറ്റർ ദൂരം മാത്രമാണ് കുട്ടിയെ കണ്ടെത്തിയ ഇടത്തേക്ക് ഉണ്ടായിരുന്നതെങ്കിലും കനത്ത മഴയും കോടയും മൂലം രാത്രിയിൽ കണ്ടെത്താനായില്ലെന്ന് തിരച്ചിലിന് നേതൃത്വം നൽകിയ വെള്ളരിക്കുണ്ട് സി.ഐ അനിൽകുമാർ പറഞ്ഞു.