ദേശീയപാത അതോറിറ്റി- അഗ്രി. യൂണി. തർക്കം തീരുന്നു

Monday 04 October 2021 12:10 AM IST
സെപ്റ്റംബ‌ർ 20ന് കേരളകൗമുദി പ്രസിദ്ധീകരിച്ച വാർത്ത

കാസർകോട്: കാർഷിക സർവ്വകലാശാലയുടെ കാസർകോട് ജില്ലയിലെ നാലു സ്ഥാപനങ്ങളുടെ ഭൂമി ദേശീയ പാത വികസനത്തിന് ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന വിവാദങ്ങൾ അവസാനിക്കുന്നു. ഇതു സംബന്ധിച്ച് കേരള കൗമുദിയിൽ വന്ന വാർത്തയെ തുടർന്ന് തർക്കം തീർക്കാൻ സർക്കാർ നിർദ്ദേശ പ്രകാരം കാസർകോട് ജില്ലാ കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ് വിളിച്ച യോഗത്തിലാണ് തർക്കങ്ങളുടെ മഞ്ഞുരുകിയത്.

പടന്നക്കാട് കാർഷിക കോളേജിനും ഫാമിനും പിലിക്കോട് പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിനുമായി ആറ് ഏക്കറോളം സ്ഥലമാണ് ദേശീയപാതക്കായി നഷ്ടപ്പെടുന്നത്. മതിലും കെട്ടിടവും സ്ഥാവര ജംഗമ വസ്തുക്കളും പൊളിച്ച് ഏറ്റെടുക്കുമ്പോഴും നഷ്ടപരിഹാരം നൽകില്ലെന്ന ദേശീയപാത അതോറിറ്റി അധികൃതരുടെ നിലപാടാണ് വിവാദമായത്. ഇതുവരെയായി സ്ഥലം വിട്ടുകൊടുക്കാത്ത കാർഷിക സർവ്വകലാശാല, കാസർകോട് സി.പി.സി.ആർ.ഐ എന്നിവയുടെ അധികാരികൾ, ദേശീയപാത സ്ഥലം ഏറ്റെടുക്കൽ ഡെപ്യൂട്ടി കളക്ടർമാർ, ലെയ്സൺ ഓഫീസർ, രണ്ടു പഞ്ചായത്ത് അധികൃതർ എന്നിവരെ പങ്കെടുപ്പിച്ച് ഓൺലൈൻ ആയാണ് കളക്ടർ മീറ്റിംഗ് നടത്തിയത്.

ചർച്ചയിൽ ജില്ലാ കളക്ടർ ഉദാര നിലപാടാണ് സ്വീകരിച്ചത്. കാർഷിക സർവ്വകലാശാലയുടെ കാർഷിക കോളേജ്, പിലിക്കോട് കാർഷിക ഗവേഷണ കേന്ദ്രം, കരുവാച്ചേരി ഫാം, സി.പി.സി.ആർ.ഐ എന്നിവയുടെ പൊളിക്കുന്ന മതിലുകൾ, ഗേറ്റ്, സെക്യൂരിറ്റി കാബിൻ തുടങ്ങിയവയ്ക്ക് നഷ്ടപരിഹാരം നൽകുമെന്ന് യോഗത്തിൽ കളക്ടർ ഉറപ്പുനൽകി. ഈ ആഴ്ച തന്നെ നഷ്ടപരിഹാര തുക കണക്കാക്കുന്നതിന് ഡെപ്യൂട്ടി കളക്ടർക്ക് ജില്ലാ കളക്ടർ നിർദ്ദേശം നൽകി. നഷ്ടപരിഹാരം നൽകാനുള്ള തുക നിലവിലുണ്ടെന്ന് ലെയ്സൺ ഓഫീസറും അറിയിച്ചു.

2.6 കോടി കിട്ടിയേക്കും
നിലവിലുള്ള കണക്ക് പ്രകാരം 2.6 കോടി രൂപ കാർഷിക കോളേജിന് കിട്ടിയേക്കുമെന്നാണ് കരുതുന്നത്. ഇതിന്റെ രണ്ടര ഇരട്ടി കിട്ടണം എന്നായിരുന്നു കാർഷിക സർവ്വകലാശാലയുടെ അവകാശവാദം. ഏറ്റെടുക്കുന്ന ഭൂമിയുടെ കാര്യത്തിൽ ഇപ്പോൾ തീരുമാനം എടുക്കാൻ കഴിയില്ലെന്നും സർക്കാർ തീരുമാനം വരട്ടെയെന്നും പറഞ്ഞു. നഷ്ടപരിഹാര തുക കുറവാണെന്ന് തോന്നിയാൽ ആർബിട്രേഷൻ ഫയൽ ചെയ്യുന്നതിൽ എതിർപ്പില്ലെന്ന് കളക്ടർ അറിയിച്ചിട്ടുണ്ട്.

കരാർ ഏറ്റെടുത്തിരിക്കുന്ന മേഖ കൺസ്ട്രക്ഷൻ കമ്പനിക്ക് ഒക്ടോബർ മാസം തന്നെ മുഴുവൻ ഭൂമിയും കൈമാറേണ്ടതുണ്ട്. വിഷയം നീട്ടിക്കൊണ്ടുപോകാതെ എല്ലാവരും സഹകരിക്കണം

ജില്ലാ കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ്

കളക്ടർ വിളിച്ചു ചേർത്ത യോഗത്തിലെ തീരുമാനങ്ങൾ കാർഷിക സർവ്വകലാശാല രജിസ്ട്രാറെ അറിയിച്ചിട്ടുണ്ട്. അന്തിമ തീരുമാനം എടുക്കേണ്ടത് യൂണിവേഴ്സിറ്റിയാണ്. ഇതുവരെ നമുക്ക് നോട്ടീസ് ഒന്നും കിട്ടിയിരുന്നില്ല. യോഗ മിനുട്സ് അടക്കം നോട്ടീസ് നൽകാമെന്ന് കളക്ടർ പറഞ്ഞിട്ടുണ്ട്.

പി കെ മിനി (കാർഷിക കോളേജ് ഡീൻ പടന്നക്കാട് )

Advertisement
Advertisement