ഉടയാത്ത ഖദറിട്ടാൽ പോര, ആത്മാർത്ഥത വേണം: ചെന്നിത്തല

Monday 04 October 2021 12:58 AM IST
കോൺഗ്രസ് യുണിറ്റ് കമ്മറ്റിയുടെ ജില്ലാതല ഉദ്ഘാടനം മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യുന്നു

പത്തനംതിട്ട: ഉടയാത്ത ഖദർ ഇട്ടാൽ പോര, ജനങ്ങൾക്ക് വേണ്ടി അർപ്പണ മനോഭാവത്തോടെ പ്രവർത്തിക്കാനും വോട്ടു ചെയ്യാനും ചെയ്യിക്കാനും കോൺഗ്രസ് നേതാക്കൾ തയ്യാറാകണമെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോൺഗ്രസ്സ് യൂണിറ്റ് കമ്മിറ്റി രൂപീകരണത്തിന്റെ ജില്ലാതല ഉദ്ഘാടനം മൈലപ്രായിൽ നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം.

മഹാമാരിയെ മറയാക്കി അഴിമതി സാർവത്രികമാക്കിയ സർക്കാരാണ് പിണറായിയുടേത്. കിറ്റും ആനുകൂല്യങ്ങളും നൽകി ജനങ്ങളെ കബളിപ്പിക്കുകയാണ് പിണറായി സർക്കാർ ചെയ്തതെന്ന് ചെന്നിത്തല പറഞ്ഞു.

ഡി.സി.സി പ്രസിഡന്റ് പ്രൊഫ: സതീഷ് കൊച്ചുപറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. ആന്റോ ആന്റണി എം.പി, കെ.പി.സി.സി ജനറൽ സെക്രട്ടറി പഴകുളം മധു, മുൻ ഡി.സി.സി പ്രസിഡന്റ് ബാബു ജോർജ്, എ.ഐ.സി.സി അംഗം മാലേത്ത് സരളാദേവി, സി.യു.സി ജില്ല കോ ഓഡിനേറ്ററൻമാരായ എ.സുരേഷ് കുമാർ, വെട്ടൂർ ജ്യോതിപ്രസാദ് , സലിം പി.ചാക്കോ, ഡി.സി.സി ജനറൽ സെക്രട്ടറി എലിസബത്ത് അബു, തണ്ണിത്തോട് ബ്ലോക്ക് പ്രസിഡന്റ് റോയിച്ചൻ

എഴിക്കകത്ത്, മൈലപ്രാ മണ്ഡലം പ്രസിഡന്റ് മാത്യു തോമസ്, ബൂത്ത് പ്രസിഡന്റ് എം.കെ. സുരേന്ദ്രൻ എന്നിവർ പ്രസംഗിച്ചു.

കെ.പി.സി.സിയുടെ ആഹ്വാനമനുസരിച്ച് തിരക്ക് ഒഴിവാക്കി പ്രധാനപ്പെട്ടവരെ മാത്രം ഉൾക്കൊള്ളിച്ചുകൊണ്ടുള്ള വേദിയാണ് ഉദ്ഘാടനത്തിന് ക്രമീകരിച്ചിരുന്നത്.