പത്തനംതിട്ട ജനറൽ ആശുപത്രിയിൽ, ലിഫ്റ്റ് തകർച്ചയുടെ ഏഴാം മാസം

Tuesday 05 October 2021 12:03 AM IST
പത്തനംതിട്ട ജനറൽ ആശുപത്രയിലെ കേടായ ലിഫ്റ്റുകൾ

പത്തനംതിട്ട : ജനറൽ ആശുപത്രിയിൽ ലിഫ്റ്റ് പ്രവർത്തിക്കാതായിട്ട് എഴാം മാസം. ആകെയുള്ളത് രണ്ട് ലിഫ്റ്റാണ്. ഒരെണ്ണത്തിന്റെ പ്രവർത്തനം ഒരു വർഷം മുൻപേ നിലച്ചതാണ്. രണ്ടാമത്തേത് നിലച്ചിട്ട് ഏഴ് മാസം പിന്നിട്ടു. ഇത് പാതി തുറന്ന നിലയിലാണ്. ആളുകൾ കയറാതിരിക്കാൻ തകിട് ഷീറ്റ് വച്ച് മറച്ചിട്ടുണ്ട്. ആരോഗ്യ മന്ത്രിയെയും ജില്ലാ കളക്ടറെയും ആശുപത്രി അധികൃതർ അറിയിച്ചിട്ടും ലിഫ്റ്റ് നന്നാക്കാൻ നടപടിയില്ല. കൊവിഡ് രോഗികളെ സ്ട്രക്ചറിലും വീൽ ചെയറിലും എടുത്തുകൊണ്ടാണ് മുകളിലെ നിലകളിലേക്ക് പോകുന്നത്. നിലവിൽ മുകളിലെ നിലകളിൽ കൊവിഡ് രോഗികളെയാണ് കിടത്തി ചികിത്സിക്കുന്നത്. ശ്വാസം മുട്ടൽ അനുഭവപ്പെടുന്ന ചില രോഗികൾ പടികൾ നട‌ന്നു കയറാൻ നിർബന്ധിതരാകുന്നു. അവശനിലയിലുള്ളവരെ കൊവിഡ് ബ്രിഗേഡിയർമാരാണ് ചുമന്നു കൊണ്ടുമുകളിലേക്ക് എത്തിച്ചിരുന്നത്. ബ്രിഗേഡിയർമാരെ പിരിച്ചുവിട്ടതോടെ അവരുടെ സേവനവും അവസാനിച്ചു.

ആശുപത്രിയിൽ മറ്റ് വിഭാഗങ്ങൾ കൂടി പ്രവർത്തനം തുടങ്ങിയിട്ടുണ്ട്. കിടത്തി ചികിത്സ വേണ്ടിവരുന്നവർക്ക് ലിഫ്റ്റ് ഇല്ലാത്തത് വലിയ ദുരിതമാകും.

പുതിയ സൂപ്രണ്ട് ചുമതലയേറ്റ ശേഷം ലിഫ്റ്റ് പ്രവർത്തിപ്പിക്കാൻ നടപടി ആവശ്യപ്പെട്ട് ജില്ലാ കളക്ടർക്ക് കത്തെഴുതിയിരുന്നതാണ്. അറ്റകുറ്റപ്പണി നടത്തേണ്ട സ്വകാര്യ ഏജൻസിയുടെ കരാർ അവസാനിച്ചിരുന്നു. പുതിയ ഏജൻസി മുന്നോട്ടു വന്നിട്ടുണ്ടെങ്കിലും ലിഫ്റ്റുകളുടെ സാങ്കേതിക പരിശോധന നടത്തിയിട്ടില്ല. പല തവണ അറ്റകുറ്റപ്പണി നടത്തിയ ലിഫ്റ്റുകൾ ഇനി പ്രവർത്തിപ്പിക്കാൻ പറ്റുന്നതല്ലെങ്കിൽ പുതിയത് സ്ഥാപിക്കേണ്ടി വരും. ഇതിന് ലക്ഷങ്ങളുടെ ചെലവുണ്ട്. നിലവിൽ ആശുപത്രിയുടെ നടത്തിപ്പ് ചുമതലയുള്ള നഗരസഭയ്ക്ക് താങ്ങാനാവുന്നതല്ല ഇൗ ചെലവ്. ആരോഗ്യ വകുപ്പിൽ നിന്ന് ഫണ്ട് അനുവദിച്ചാൽ മാത്രമേ പുതിയത് സ്ഥാപിക്കാനാകൂ.

1. രോഗികളെ എടുത്തുകൊണ്ടുപോകണം

2. അറ്റകുറ്റപ്പണി നടത്തേണ്ട ഏജൻസിയുടെ കാലാവധി കഴിഞ്ഞു