കരുതലോടെ കാമ്പസിലേക്ക്

Monday 04 October 2021 12:13 AM IST
കാമ്പസ് ഉണരുന്നു.... കൊവിഡ് മഹാമാരിയിൽ നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം കലാലയങ്ങൾ തുറക്കുകയാണ്.അവസാന വർഷ ബിരുദ ക്ലാസുകൾക്കാണ് തുടക്കമാകുന്നത്.കാമ്പസുകൾ ശുചീകരിച്ചും വിദ്യാർത്ഥികളെ വരവേൽക്കാനും എസ്.എഫ്.ഐപ്രവർത്തകർ സജീവമായി.പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിൽ ചെഗുവെര സ്ക്വയർ ഒരുക്കുന്ന പ്രവർത്തകർ

പത്തനംതിട്ട : കൊവിഡ് സാഹചര്യത്തിൽ അടച്ചിട്ട പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇന്ന് തുറക്കുന്നത് വലിയ ജാഗ്രതയോടെ. ഡിഗ്രി അഞ്ചും ആറും സെമസ്റ്റർ വിദ്യാർത്ഥികളും പി.ജി വിദ്യാർത്ഥികളുമാണ് ഇന്ന് കാമ്പസുകളിലേക്ക് എത്തുന്നത്. ഏറെ നാളുകൾ കാണാതിരുന്ന ശേഷം വീണ്ടും കണ്ടുമുട്ടുന്നതിന്റെ ആവേശത്തിൽ വിദ്യാർത്ഥികൾ കൊവിഡ് നിയന്ത്രണം പാലിക്കാതെ കൂടിച്ചേരലുകളിലേക്ക് പോകുമോ എന്നാണ് കോളേജ് അധികൃതരുടെ ആശങ്ക. പലരും വാക്സിൻ എടുക്കാത്തവർ ആയതിനാൽ കൂടിച്ചേരലുകളും സെൽഫിയെട‌ുക്കലും ഉണ്ടാകാൻ സാദ്ധ്യതയേറെയാണ്. ഇത്തരം കാര്യങ്ങൾ നോക്കാനും മാനദണ്ഡങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പുവരുത്താനും ജില്ലയിലെ കോളേജുകളിൽ ജാഗ്രത സമിതികൾ രൂപീകരിച്ചിട്ടുണ്ട്. വിദ്യാർത്ഥികളും അദ്ധ്യാപകരും അനദ്ധ്യാപകരും ചേർന്നതാണ് സമിതികൾ.

കോളേജുകൾ തുറക്കുന്നതിന് മുന്നോടിയായുള്ള പരിസര ശുചീകരണം,

ക്ളാസ് മുറികളുടെ സാനിറ്റൈസേഷൻ തുടങ്ങിയവ കഴിഞ്ഞയാഴ്ച പൂർത്തിയായി. ഗവൺമെന്റ്, എയിഡഡ് കോളേജ് അദ്ധ്യാപകർ പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി വാക്സിനെടുത്തവരാണ്. അനദ്ധ്യാപകരും രണ്ടുഡോസ് എടുത്തു. അൺ എയിഡഡ് കോളേജുകളിലെ ജീവനക്കാരിൽ വാക്സിൻ എടുത്തവർ മാത്രം ജോലിക്ക് വന്നാൽ മതിയെന്ന് നിർദേശം നൽകിയിട്ടുണ്ട്.

ക്ളാസ് മുറിയിൽ ഒരു ബെഞ്ചിൽ രണ്ട് കുട്ടികളെ വീതം ഇരുത്തിയാൽ മതിയെന്ന് നിർദേശമുണ്ട്. അൻപത് ശതമാനം വിദ്യാർത്ഥികളെ ഒരു ബാച്ചായി കണ്ട് ആവശ്യമുള്ള സ്ഥലത്തും സമയത്തും ക്ളാസുകളെടുക്കണം. പി.ജി വിദ്യാർത്ഥികൾ എണ്ണത്തിൽ കുറവായതിനാൽ മുഴുവൻ കുട്ടികളെയും ഉൾപ്പെടുത്തി ക്ളാസുകൾ നടത്താമെന്ന് സർക്കാർ ഉത്തരവുണ്ട്. സയൻസ് വിഷയങ്ങളിൽ പ്രാക്ടിൽ ക്ളാസുകൾക്ക് മുൻഗണ നൽകണം. ഒന്നാം വർഷ വിദ്യാർത്ഥികളുടേതടക്കം പ്രാക്ടിക്കൽ ക്ളാസുകൾ നടക്കാനുണ്ട്.

കരുതേണ്ടത്

സാനിട്ടൈസർ, മാസ്ക്, തെർമൽ സ്കാനർ.

നിരീക്ഷണം

കൊവിഡ് പ്രോട്ടോക്കോൾ പാലിക്കൽ, കൂട്ടംകൂട‌ൽ ഒഴിവാക്കൽ, മാസ്ക് ശരിയായി ധരിക്കുന്നുവെന്ന് ഉറപ്പാക്കൽ

Advertisement
Advertisement