എൽ.ഐ.സി ഐ.പി.ഒ അപേക്ഷ നവംബറിൽ

Monday 04 October 2021 3:26 AM IST

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ ഇൻഷ്വറൻസ് കമ്പനിയും പൊതുമേഖലാ സ്ഥാപനവുമായ എൽ.ഐ.സിയുടെ പ്രാരംഭ ഓഹരി വില്പനയ്ക്കുള്ള അപേക്ഷ (ഡി.ആർ.എച്ച്.പി) നവംബറിൽ സെബിക്ക് സമർപ്പിക്കും. നടപ്പുവർഷം തന്നെ ഐ.പി.ഒ പൂർത്തിയാക്കുമെന്നും കർശന സമയവ്യവസ്ഥയാണ് സജ്ജീകരിച്ചിട്ടുള്ളതെന്നും ധനമന്ത്രാലയ അധികൃതർ വ്യക്തമാക്കി.

എൽ.ഐ.സിക്ക് 38 ലക്ഷം രൂപയുടെ ആസ്‌തിമൂല്യമാണ് കഴിഞ്ഞ സമ്പദ്‌വർഷ പ്രകാരമുള്ളത്. അഞ്ചുമുതൽ 10 ശതമാനം വരെ ഓഹരി കേന്ദ്രം ഐ.പി.ഒയിലൂടെ വിറ്റഴിച്ചേക്കും. ഇതിലൂടെ കുറഞ്ഞത് ഒരുലക്ഷം കോടി രൂപ പ്രതീക്ഷിക്കുന്നു. നടപ്പുവർഷം പൊതുമേഖലാ ഓഹരി വില്പനയിലൂടെ 1.75 ലക്ഷം കോടി രൂപ ഉന്നമിടുന്ന കേന്ദ്രത്തിന് എൽ.ഐ.സി ഐ.പി.ഒ നിർണായകമാണ്. ഈ വർഷം ഇതുവരെ പൊതുമേഖലാ ഓഹരി വില്പനയിലൂടെ നേടിയത് 9,110 കോടി രൂപ മാത്രമാണ്.