അഭിഷേകിനെതിരെ നടപടി ശക്തമാക്കാൻ ഇടപെടും : പി.സതീദേവി
Monday 04 October 2021 12:38 AM IST
ഉദയനാപുരം : പാലാ സെന്റ് തോമസ് കോളജിൽ സഹപാഠി കഴുത്തറുത്ത് കൊലപ്പെടുത്തിയ നിഥിനമോളുടെ തുറുവേലിക്കുന്നിലെ വീട് സംസ്ഥാന വനിതാകമ്മിഷൻ അദ്ധ്യക്ഷ അഡ്വ.പി.സതീദേവി, കമ്മിഷൻ അംഗം ഇ.എം.രാധ എന്നിവർ സന്ദർശിച്ചു. അമ്മ ബിന്ദുവിനെ സതീദേവി ആശ്വസിപ്പിച്ചു. അഭിഷേകിനെതിരെയുള്ള നടപടികൾ ശക്തമാക്കുമെന്നും അവർ ഉറപ്പ് നൽകി. പ്രണയപ്പകയുടെ പേരിലുള്ള കുറ്റകൃത്യങ്ങൾ വർദ്ധിച്ചു വരികയാണ്. കേസിൽ യാതൊരു തരത്തിലുള്ള ഇടപെടലുകളും നടക്കാതിരിക്കാൻ വനിതാകമ്മിഷൻ ശ്രദ്ധിക്കും. പ്രണയത്തിന്റെ പേരിൽ പെൺകുട്ടികളുടെ ജീവനെടുക്കുന്ന ചെറുപ്പക്കാർ സമൂഹത്തിന് ആപത്താണ്. അവർക്ക് ആവശ്യമായ ബോധവത്കരണം നൽകണം. കുടുംബത്തിന്റെ കടബാദ്ധ്യതയും മറ്റും മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും സതീദേവി കൂട്ടിച്ചേർത്തു.