നിഥിനമോൾക്ക് നിറകണ്ണുകളോടെ ജന്മനാടിന്റെ യാത്രാമൊഴി

Monday 04 October 2021 12:40 AM IST

ഉദയനാപുരം /പാലാ : സഹപാഠിയുടെ പ്രണയപ്പകയുടെ ഇരയായ നിഥിനമോൾക്ക് നിറകണ്ണുകളോടെ ജന്മനാട് യാത്രാമൊഴിയേകി. ശനിയാഴ്ച രാവിലെ കോട്ടയം മെഡിക്കൽ കോളേജിൽ പോസ്റ്റ്‌മോർട്ടത്തിന് ശേഷം ഉച്ചയ്ക്ക് 12 ഓടെ തലയോലപ്പറമ്പിലെ കുറുന്തറതുറയിലുള്ള കളപ്പുരയ്ക്കൽ വീട്ടിലേക്കാണ് ആദ്യം മൃതദേഹം എത്തിച്ചത്. 12.20 ന് അമ്മവീടായ ഉദയനാപുരം തുറുവേലിക്കുന്നിലുള്ള കുന്നേപ്പടി വീട്ടുവളപ്പിൽ കൊണ്ടുവന്നു. ഹൃദയസംബന്ധമായ രോഗങ്ങൾ കൊണ്ട് അവശയായ അമ്മ ബിന്ദുവിന്റെ വിലാപം കണ്ട് നിന്നവരുടെ കണ്ണുകളെ ഈറനണിയിച്ചു. ദുരന്തം നടക്കുന്നതിന് തലേദിവസം കോളേജിലെ ഫീസ് അടക്കുന്നതിനെ കുറിച്ചുള്ള ആകുലത നിഥിനയും അമ്മയും പങ്ക് വച്ചതായി സുഹൃത്ത് കേരളകൗമുദിയോട് പറഞ്ഞു.

വിവിധയിടങ്ങളിൽ നിന്ന് നൂറ് കണക്കിന് പേരാണ് നിഥിനയെ അവസാനമായി ഒരുനോക്ക് കാണാനായെത്തിയത്. തോമസ് ചാഴികാടൻ എം.പി, എം.എൽ.എമാരായ സി.കെ.ആശ, മോൻസ് ജോസഫ്, എൻ.സി.പി സംസ്ഥാന വൈസ് പ്രസിഡന്റ് ലതിക സുഭാഷ്, മഹിളാ മോർച്ച അഖിലേന്ത്യാ അദ്ധ്യക്ഷ പത്മജ.എസ് മേനോൻ, ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് എസ്.സതീഷ്, യുവജന കമ്മിഷൻ ചെയർപേഴ്‌സൺ ചിന്ത ജെറോം, സെന്റ് തോമസ് കോളേജ് പ്രിൻസിപ്പൽ ജെയിംസ് മംഗലത്തിൽ, പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്,എസ്.എൻ.ഡി.പി യോഗം വൈക്കം യൂണിയൻ പ്രസിഡന്റ് പി.വി.ബിനേഷ് തുടങ്ങിയവർ അന്തിമോപചാരം അർപ്പിച്ചു. ഉച്ചകഴിഞ്ഞ് 2.30 ന് വീട്ടുവളപ്പിൽ മൃതദേഹം സംസ്‌കരിച്ചു.

കഴുത്തിലെ മുറിവിന് 6 സെന്റീ മീറ്രർ ആഴം കാമ്പസിലൂടെ നടന്നു പോകുന്നതിനിടെ മുടിയ്ക്ക് വലിച്ച് വീഴ്‌ത്തിയ ശേഷം കഴുത്തിന് ശക്തമായി കുത്തിപ്പിടിച്ചതോടെ നിഥിനമോളുടെ ബോധം മറഞ്ഞിരുന്നെന്നും ഇതിന് ശേഷമാണ് അഭിഷേക് കഴുത്തറത്തതെന്നും പൊലീസ് പറഞ്ഞു. പ്രൊഫഷണൽ കില്ലറുടെ വൈദഗ്ദ്ധ്യത്തോടെയാണ് അഭിഷേക് കൃത്യം നിർവഹിച്ചതെന്നും അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി.

ചോദ്യം ചെയ്യലിലും തെളിവെടുപ്പിലും യാതൊരു കൂസലുമില്ലാതെ നിർവികാരനായാണ് അഭിഷേക് ബൈജു എല്ലാം പൊലീസിനോട് വിവരിച്ചത്. ശനിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടരയോടെയായിരുന്നു സെന്റ്‌തോമസ് കോളേജിലെ തെളിവെടുപ്പ്. തലമുടിക്കുത്തിന് പിടിച്ചുനിറുത്തിയതും, കഴുത്തിൽ അമർത്തിയതുമൊക്കെ സി.ഐ കെ.പി.ടോംസണെ നിഥിനയുടെ സ്ഥാനത്ത് നിറുത്തി ചെയ്ത് കാണിച്ച് പ്രതി വിശദീകരിച്ചു. കഴുത്തിലെ മുറിവിന് ആറ് സെന്റിമീറ്റർ ആഴമുണ്ടെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്. സ്വരനാളിയും അന്നനാളവും രക്തധമനികളും മുറിഞ്ഞു. ദിവസങ്ങൾക്ക് മുൻപ് കൊലപാതകത്തിനുള്ള ഒരുക്കങ്ങൾ അഭിഷേക് നടത്തിയെന്നാണ് സൂചന. പേപ്പർകട്ടർ ഉപയോഗിച്ച് വാഴപ്പിണ്ടി പോലുള്ളവ മുറിച്ച് പരിശീലനം നേടിയിരുന്നോയെന്നും അന്വേഷിക്കുന്നുണ്ട്.

കഴിഞ്ഞ ഒരു വർഷമായി കൈവശമുണ്ടായിരുന്ന പേപ്പർ കട്ടറിൽ പുതിയ ബ്ലേഡിട്ടാണ് പ്രതി എത്തിയത്.

രണ്ടാഴ്ച മുൻപ് ഒരു സുഹൃത്തിനോട് 'അവളെ ഞാൻ കുത്തുമെന്ന് ' പറഞ്ഞതായും വിവരം ലഭിച്ചിട്ടുണ്ട്. അഭിഷേകിന്റെ ഫോൺ വിശദാംശങ്ങളും തേടുന്നുണ്ട്. പാലാ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഇന്ന് കസ്റ്റഡി അപേക്ഷ നൽകും.

Advertisement
Advertisement