ദേവസ്വം ബോർഡിനോട് സർക്കാർ കനിയണം: എൻ. വാസു

Monday 04 October 2021 12:45 AM IST

തിരുവനന്തപുരം: സർക്കാർ കനിഞ്ഞാലേ മുന്നോട്ട് തിരുവിതാംകൂർ ദേവസ്വം ബോർഡിന് മുന്നോട്ട് പോകാനാകൂ എന്ന് പ്രസിഡന്റ് എൻ. വാസു പറഞ്ഞു. ഈ മാസം ശമ്പളം നൽകിയെങ്കിലും ബോർഡ് സാമ്പത്തിക പ്രതിസന്ധിയിലാണ്. നവംബർ 16ന് ശബരിമല സീസൺ ആരംഭിക്കാനിരിക്കെ മുന്നൊരുക്കങ്ങൾക്ക് പണം കണ്ടെത്തണം. 100 കോടി രൂപ സർക്കാരിനോട് ആവശ്യപ്പെട്ടെങ്കിലും പത്ത് കോടിയാണ് ലഭിച്ചത്. 2021 ഫെബ്രുവരി മുതൽ വിരമിച്ചവർക്ക് അനൂകൂല്യങ്ങൾ നൽകുന്ന കാര്യവും അവതാളത്തിലാണ്. ജീവനക്കാർക്ക് അടുത്ത മാസങ്ങളിൽ ശമ്പളം നൽകാനും പണമില്ല.

 ശബരിമല 16ന് തുറക്കും

തുലാമാസ പൂജകൾക്കായി ശബരിമല 16ന് വൈകിട്ട് 5ന് തുറക്കും. 17ന് രാവിലെ പുതിയ ശബരിമല, മാളികപ്പുറം മേൽശാന്തിമാരുടെ നറുക്കെടുപ്പ് നടക്കും. 17 മുതൽ 21വരെ വെർച്വൽ ക്യൂവിലൂടെ ഭക്തർക്ക് പ്രവേശനമുണ്ട്. പ്രതിദിനം 15,000 പേർക്ക് ദർശനാനുമതിയുണ്ട്. രണ്ട് വാക്സിൻ സർട്ടിഫിക്കറ്റ്/ആർ.ടി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്. ഏഴിന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ എല്ലാ വകുപ്പുകളെയും ഏകോപിപ്പിച്ചുള്ള അവലോകന യോഗം ചേരും. ഇതിനു ശേഷം കൂടുതൽ ഇളവുകൾ നൽകണോ എന്ന് തീരുമാനിക്കും.