ദളിത്, കർഷക, തീരവാസി പ്രശ്നങ്ങൾ ഇടപെടണം: മെത്രാൻ സമിതി
Monday 04 October 2021 1:05 AM IST
കൊച്ചി: ദളിത്, കർഷക, തീരദേശവാസി പ്രശ്‌നങ്ങളിൽ സർക്കാർ ശക്തമായ ഇടപെടൽ നടത്തണമെന്ന് കേരള കത്തോലിക്കാ മെത്രാൻ സമിതി (കെ.സി.ബി.സി) സമ്മേളനം ആവശ്യപ്പെട്ടു.
വന്യജീവി ആക്രമണങ്ങളും പരിസ്ഥിതി നിയമങ്ങളും മൂലം കർഷകർ കുടിയിറക്ക് ഭീഷണിയിലാണ്. വരുമാനം കുറഞ്ഞതും കടബാദ്ധ്യകളും കർഷകരെ ആശങ്കയിലാക്കി. ബഫർ സോൺ പുനർനിർണയിക്കാൻ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തോട് സംസ്ഥാന സർക്കാർ ആവശ്യപ്പെടണം. കടലാക്രമണങ്ങൾ, തീരശോഷണം എന്നിവ മൂലം അപകടാവസ്ഥയിൽ കഴിയുന്ന തീരദേശവാസികൾക്ക് സുരക്ഷിത വാസസ്ഥലമൊരുക്കാൻ നടപടിയെടുക്കണം. മറ്റു പട്ടികജാതി വിഭാഗങ്ങൾക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ ദളിത് ക്രൈസ്തവർക്കും ലഭ്യമാക്കണം. സംവരണം നൽകാൻ കേന്ദ്ര സർക്കാരിന് ശുപാർശ നൽകണം. ജനസംഖ്യാനുപാതികമായ ആനുകൂല്യങ്ങളും പരിഗണനകളും ഉറപ്പുവരുത്തണമെന്നും സമിതി ആവശ്യപ്പെട്ടു.