വിലക്കയറ്റം രൂക്ഷമാകുന്നു: അടിസ്ഥാനം തകർന്ന് നിർമ്മാണമേഖല

Monday 04 October 2021 1:44 AM IST

സർക്കാർ പ്രവൃത്തികൾ ഏറ്റെടുക്കാൻ കരാറുകാർക്ക് മടി

കൊല്ലം: നിർമ്മാണ മേഖലയുടെ നടുവൊടിച്ച് വിലവർദ്ധനവ് രൂക്ഷമാകുന്നു. സിമന്റ്,​ കമ്പി തുടങ്ങി ആണിക്കും കെട്ടുകമ്പിക്കുംവരെ വില കുത്തനെ ഉയരുന്നതിനാൽ നിർമ്മാണ പ്രവൃത്തികൾ നിറുത്തിവയ്ക്കേണ്ട അവസ്ഥയിലാണ് ജനങ്ങൾ. ലൈഫ് പദ്ധതിയിൽ ഉൾപ്പെട്ട സാധാരണക്കാരും എന്തുചെയ്യണമെന്നറിയാതെ കുഴയുകയാണ്. ഇതിനൊപ്പം സർക്കാർ മേഖലയിലെ നിർമ്മാണപ്രവൃത്തികളുടെ കരാറെടുക്കാനും പലരും മടിക്കുന്നുണ്ട്. നേരത്തേ എൻജിനിയർമാർ തയ്യാറാക്കിയ എസ്റ്റിമേറ്റനുസരിച്ച് പണി പൂർത്തീകരിക്കാൻ കഴിയാത്ത അവസ്ഥയാണുള്ളതെന്ന് കരാറുകാർ പറയുന്നു. എസ്റ്റിമേറ്റിൽ നിന്ന് പത്തുശതമാനം അധികരിച്ച തുകയിൽ കരാറെടുക്കാൻ തടസമില്ലെങ്കിലും കടുത്ത വിലവർദ്ധനവ് നിർമ്മാണ പ്രവർത്തനങ്ങളെ സാരമായി ബാധിക്കുമെന്നതിനാൽ കരാറുകളിൽ കൈവയ്ക്കാൻ കരാറുകാർ തയ്യാറാകുന്നില്ലെന്നാണ് സൂചന.

കൊവിഡിന് തൊട്ടുമുൻപ് കിലോയ്ക്ക് 40 മുതൽ 50 രൂപവരെയായിരുന്നു കമ്പിയുടെ വില. ഇപ്പോഴത് 70 മുതൽ 90 വരെ ഉയർന്നിരിക്കുകയാണ്. ഹാർഡ്‌വെയർ, ആണി എന്നിവയ്ക്ക് 50 ശതമാനത്തിലധികം വില കൂടിയിട്ടുണ്ട്. വിപണിയിൽ കാര്യമായ ഇടപെടലുകൾ സർക്കാർ നടത്താതിരിക്കുന്നത് മേഖലയുടെ പൂർണമായ തകർച്ചയ്ക്ക് കാരണമാകുമെന്ന് നിർമ്മാണ മേഖലയിലുള്ളവർ പറയുന്നു.

തമിഴ്‍നാട്ടിൽ 300, കേരളത്തിൽ 500

തമിഴ്‌നാട്ടിൽ സിമന്റിന് 300 രൂപയാണ് വില. സർക്കാർ തന്നെ നേരിട്ട് അമ്മ എന്ന പേരിൽ ഇറക്കുന്ന സിമന്റ് സാധാരണക്കാർക്ക് ഏറെ ഗുണകരമാണ്. മറ്റുസിമന്റുകളും അതേ വിലയ്ക്കുതന്നെയാണ് തമിഴ്‍നാട്ടിൽ വിൽക്കുന്നത്. കേരളത്തിലും ഇത്തരത്തിൽ സംസ്ഥാന സർക്കാരിന്റെ മലബാർ സിമന്റ് വിപണിയിലുണ്ട്. എന്നാൽ വില പിടിച്ചുനിറുത്താൻ ഇടപെടുന്നതിന് പകരം മറ്റ് കമ്പനികൾക്കൊപ്പം വില ഉയർത്തുന്ന രീതിയാണ് മലബാർ സിമന്റ് പിന്തുടരുന്നത്. 400 രൂപയാണ് മലബാർ സിമന്റിന്റെ റീടെയിൽ വില. മറ്റുള്ള സിമന്റുകൾക്ക് 410 മുതൽ 500 രൂപ വരെ വിപണിയിൽ വിലയുണ്ട്.

അന്യസംസ്ഥാന തൊഴിലാളികൾ

കൊവിഡിനെ തുടർന്ന് നാട്ടിലേക്ക് മടങ്ങിയ അന്യസംസ്ഥാന തൊഴിലാളികളിൽ പലരും മടങ്ങിയെത്താത്ത സാഹചര്യമാണ് നിലവിലുള്ളത്. ഹോളോ ബ്രിക്സ്, ഇന്റർലോക്ക്, പാവിംഗ് ടൈലുകൾ,​ ക്രഷറുകൾ തുടങ്ങിയ മേഖലകളിൽ അന്യസംസ്ഥാന തൊഴിലാളികളുടെ അഭാവം വലിയ പ്രതിസന്ധിയുണ്ടാക്കുന്നുണ്ട്. സർക്കാർ നിർമ്മാണ പ്രവൃത്തികളിൽ പലതും ഇന്റർലോക്ക് തറയോടുകൾ സ്ഥാപിക്കുന്ന ജോലികളായതിനാൽ ഇവയുടെ ലഭ്യതക്കുറവും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.

ലൈഫിൽ ലൈഫില്ലാതെ

ലൈഫ് പദ്ധതിയിൽ ഉൾപ്പെട്ട് ഭവന നിർമ്മാണം തുടങ്ങിയ പലരും നിർമ്മാണ പ്രവൃത്തികൾ പൂർത്തീകരിക്കാനാവാതെ നെട്ടോട്ടമോടുകയാണ്. സാധനങ്ങളുടെ വിലവർദ്ധനവുമൂലം സർക്കാരിൽ നിന്ന് ലഭിക്കുന്ന 4 ലക്ഷം രൂപകൊണ്ട് പകുതി പ്രവൃത്തികൾ പോലും പൂർത്തീകരിക്കാനാവാത്ത സ്ഥിതിയാണ്.