വടക്കഞ്ചേരി മേൽപ്പാലം വീണ്ടും തകർന്നു തുടങ്ങി

Tuesday 05 October 2021 12:53 AM IST
വടക്കഞ്ചേരി ദേശീയപാതാ മേൽപ്പാലം

വടക്കഞ്ചേരി: ഒരുതവണ കുത്തിപ്പൊളിച്ച് കോൺക്രീറ്റ് ചെയ്ത് ഉറപ്പിച്ച വടക്കഞ്ചേരി മേൽപ്പാലത്തിലെ എക്സ്പാൻഷൻ ജോയിന്റുകൾ (പാലത്തിന്റെ കോൺക്രീറ്റ് ബീമുകൾ തമ്മിൽ ബന്ധിപ്പിക്കുന്ന ഭാഗം) വീണ്ടും തകർന്നുതുടങ്ങി. വടക്കഞ്ചേരി - മണ്ണുത്തി ആറുവരിപ്പാത വികസനത്തിന്റെ ഭാഗമായാണ് വടക്കഞ്ചേരിയിൽ മേൽപ്പാലം നിർമ്മിച്ചത്.

ഫെബ്രുവരിയിൽ ഗതാഗതത്തിനായി തുറന്നശേഷം നിർമ്മാണത്തിലെ അപാകത കാരണം 30 ജോയിന്റുകൾ കുത്തിപ്പൊളിച്ച് നന്നാക്കിയിരുന്നു. ഇരുദിശകളിലേക്കുമായി ആകെയുള്ളത് 36 ജോയിന്റാണ്. ഇവ കുത്തിപ്പൊളിച്ച് നന്നാക്കൽ പൂർത്തിയാക്കി, രണ്ടുമാസം പിന്നിടുമ്പോഴേക്കുമാണ് വീണ്ടും തകർച്ച സംഭവിച്ചിരിക്കുന്നത്.

ആറ് ജോയിന്റുകളിൽ കോൺക്രീറ്റും കമ്പിയും ഇളകി തകർന്നുതുടങ്ങിയിട്ടുണ്ട്. ഇതോടെ യാത്രക്കാർ അപകടഭീഷണിയിലാണ്. തകർന്ന ജോയിന്റുകൾ കടക്കുമ്പോൾ വാഹനങ്ങൾ ശക്തിയായി ചാടും. ഇത് പലപ്പോഴും വാഹനങ്ങളുടെ നിയന്ത്രണം തെറ്റാനിടയാക്കുന്നു.

ഇരുചക്രവാഹന യാത്രക്കാർക്കാണ് കൂടുതൽ ഭീഷണിയാകുന്നത്. അടുത്ത് എത്തുമ്പോഴേ അപകടം മനസിലാകൂ. അതിനാൽ വാഹനം പെട്ടെന്ന് നിർത്താനോ വെട്ടിച്ച് മാറ്റാനോ കഴിയില്ലെന്ന് യാത്രക്കാർ പറയുന്നു.

  • കരാർ കമ്പനിക്ക് രൂക്ഷവിമർശനം

നിർമ്മാണത്തിൽ തുടർച്ചയായി അപാകത സംഭവിക്കുന്നതിനാൽ ആറുവരിപ്പാത നിർമ്മാണക്കമ്പനിയായ കെ.എം.സിക്ക് ദേശീയപാതാ അതോറിറ്റിയുടെ രൂക്ഷവിമർശനം. കഴിഞ്ഞദിവസങ്ങളിൽ വടക്കഞ്ചേരി- മണ്ണുത്തി പാതയിൽ ദേശീയപാതാ അതോറിറ്റി പരിശോധന നടത്തിയതിൽ നിരവധിയിടങ്ങളിൽ അപാകതകൾ കണ്ടെത്തിയിരുന്നു. ഇവയെല്ലാം എത്രയും വേഗം പരിഹരിക്കാനും ദേശീയപാതാ അതോറിറ്റി നിർദേശം നൽകി. ജോലിയുടെ നിലവാരം കർശനമായി നിരീക്ഷിക്കുമെന്ന് ദേശീയപാതാ അതോറിറ്റി അധികൃതർ പറഞ്ഞു.

  • കുതിരാൻ തുരങ്കത്തിലേക്കുള്ള പാലത്തിലും സമാനസ്ഥിതി

വടക്കഞ്ചേരി - മണ്ണുത്തി ആറുവരിപ്പാതയിലുള്ള കുതിരാൻ തുരങ്കത്തിലേക്കുള്ള പാലത്തിലും സമാന സ്ഥിതിയാണ്. തുരങ്കം ഗതാഗതത്തിനായി തുറന്ന് 50 ദിവസം പിന്നിടും മുമ്പേ പാലത്തിലെ ജോയിന്റുകൾ തകർന്നു. ഇവയെല്ലാം ഇപ്പോൾ കുത്തിപ്പൊളിച്ച് നന്നാക്കിക്കൊണ്ടിരിക്കുകയാണ്. വേണ്ടത്ര നിലവാരമില്ലാതെയാണ് ജോലികൾ നടക്കുന്നതെന്ന ആക്ഷേപം ഉയർന്നിട്ടുണ്ട്. ജൂലായ് 31 ആണ് കുതിരാനിലെ ഇടത് തുരങ്കം ഗതാഗതത്തിനായി തുറന്നത്.