ചട്ടമല ആടുഗ്രാമമായി,​ ലാഭം കൊയ്ത് വീട്ടമ്മമാർ

Tuesday 05 October 2021 12:09 AM IST

ചട്ടമല(കാസർകോട്):ആടു ഗ്രാമമായി മാറിയ ചട്ടമലയിൽ

ഇടനിലക്കാരില്ലാതെ, സ്വന്തം ചന്തയിലൂടെ ആടുകളുടെ വില്പന നടത്തിയപ്പോൾ സ്ത്രീകൾക്ക് കിട്ടിയത് ലക്ഷങ്ങളുടെ ലാഭം. നാല്പത്തിയഞ്ച് വീട്ടമ്മമാർ കൂട്ടുചേർന്ന് ആടുകളെ വളത്താൻ തുടങ്ങിയത് മൂന്നു വർഷം മുമ്പാണ്. വില്പനയ്ക്ക് നാട്ടിൽ സ്വന്തം ചന്തയുമായി. ചിറ്റാരിക്കൽ ടൗണിൽ നിന്ന് മൂന്നു കിലാേമീറ്റർ മാറിയുള്ള ചട്ടമല ഇപ്പോൾ ആടുകളുടെ പേരിലാണ് അറിയപ്പെടുന്നത്.

കുടുംബശ്രീയാണ് വഴിതുറന്നു കൊടുത്തത്. വെസ്റ്റ് എളേരി ഗ്രാമ പഞ്ചായത്ത് സി .ഡി. എസുമായിചേർന്ന് ഒന്നര ലക്ഷം രൂപ വായ്പ നൽകി. അര ലക്ഷം സബ്സിഡിയും കൊടുത്തു. കുടുംബശ്രീ കൃഷി കോ ഓർഡിനേറ്റർ സി .എച്ച് ഇക്ബാൽ മാർഗനിർദേശങ്ങൾ നൽകി.

സൗമ്യ സോളമൻ, മറിയാമ്മ സെബാസ്റ്റിയൻ, സ്മിത ജോസഫ്, സുബി സാബു, മേരി മാത്യു എന്നീ അഞ്ച് കുടിയേറ്റ കുടുംബങ്ങളാണ് തുടക്കം കുറിച്ചത്.

. മറ്റുള്ളവരും ആടു വളർത്തൽ തൊഴിലാക്കിയതോടെ ഒൻപതുസംഘങ്ങൾക്ക് സ്വന്തമായത് മുന്നൂറോളം ആടുകൾ.

മലമുകളിലെ റബർ തോട്ടത്തിലും മറ്റും ആടുകളെ അഴിച്ചുവിറ്റ് തീറ്റുകയാണ് ഇവർ.

പിണ്ണാക്ക് വേണ്ട, പുല്ല് മതി

സൗമ്യ സോളമൻ തീറ്റപ്പുൽ കൃഷിയും സ്വന്തമായി തുടങ്ങി. തായ്‌ലൻഡ് റെഡ് സൂപ്പർ നേപ്പിയർ, വൈറ്റ് സൂപ്പർ നേപ്പിയർ ഹൈബ്രീഡ് ഇനത്തിൽപെട്ട പുൽക്കൃഷിയാണ് ചെയ്തത്. ഇതിൽ ഗ്ലൂക്കോസിന്റെ അംശം കൂടുതലായതിനാൽ പിണ്ണാക്ക് കൊടുക്കേണ്ടതില്ല.

ആടുചന്ത വലിയ കൈത്താങ്ങായി. വിലപേശി വാങ്ങാൻ ആളുകൾ എത്തിയപ്പോൾ നല്ല വിലകിട്ടി. നമ്മൾ ഇത് കൊണ്ട് ജീവിക്കും.

സൗമ്യ സോളമൻ ( സൂര്യ സംഘം, ചട്ടമല )

വരുമാനം

8000 രൂപ :ആറു മാസം പ്രായമുള്ള ആട്ടിൻ കുട്ടിയുടെ വില

18,000രൂപ : തള്ളയാടിനും കുട്ടിക്കും കിട്ടുന്ന വില

2.80 ലക്ഷം: ഒരു ഗ്രൂപ്പിന്റെ ഒരു വർഷത്തെ വരുമാനം

(അഴിച്ചുവിട്ട് തീറ്റ എടുക്കുന്നതിനാൽ ചെലവ് തുച്ഛം)

ആടുകൾ

മലബാറി,

ബീറ്റൽ,

ജെമുനാപ്യാരി,

മലബാറി ക്രോസ്,

ആലപ്പുഴ

ഡിമാന്റ് മലബാറിക്ക്

ഏറ്റവും കൂടുതൽ ഡിമാന്റുള്ള മലബാറി ആടുകളെയാണ് വളർത്താനും എളുപ്പം.ഇവയ്ക്ക് പെട്ടെന്ന് രോഗം വരില്ല.