സ്ത്രീകൾക്കും കുട്ടികൾക്കുമായി പ്രത്യേക വാർഡ് വിമുക്തി ഡീഅഡിക്‌ഷൻ സെന്റർ ,​ നവീകരണം ഒരു മാസത്തിനകം

Tuesday 05 October 2021 12:02 AM IST
ഡീഅഡിക്‌ഷൻ സെന്ററിൽ പുതിയ വാർഡിന്റെ പ്രവൃത്തിയുടെ ആദ്യഘട്ടം കടന്നപ്പോൾ

കോഴിക്കോട്: വിമുക്തി ഡീഅഡിക്‌ഷൻ സെന്റർ നവീകരണത്തിന്റെ ഭാഗമായി ബീച്ച് ആശുപത്രിയോടു ചേർന്നുള്ള കെട്ടിടത്തിൽ സ്ത്രീകൾക്കും കുട്ടികൾക്കും പ്രത്യേക വാർഡ് ഒരുങ്ങുന്നു.

രണ്ടു മാസം മുമ്പാണ് 6 കിടക്കകളിടാനാവുന്ന വാർഡിന്റെ നിർമ്മാണം തുടങ്ങിയത്. ഇതിൽ നാല് കിടക്കകൾ സ്ത്രീകൾക്കും രണ്ടെണ്ണം കുട്ടികൾക്കുമായിരിക്കും. വിമുക്തി മിഷനിൽ നിന്നുള്ള 8 ലക്ഷം രൂപ ചെലവഴിച്ചുള്ള പ്രവൃത്തിയുടെ ഒന്നാഘട്ടം പൂർത്തിയായിക്കഴിഞ്ഞു.

മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെട്ട് സ്ത്രീകളും കുട്ടികളും കൂടുതലായി കിടത്തിചികിത്സയ്ക്ക് എത്താൻ തുടങ്ങിയതോടെയാണ് വാർഡിന്റെ എണ്ണം കൂട്ടുന്നത്. നിലവിലുള്ള വാർഡുകൾക്ക് തൊട്ടടുത്തായാണ് പുതിയ വാർഡും. ഇത് രണ്ട് ഭാഗമാക്കി സ്ത്രീകൾക്കും കുട്ടികൾക്കുമായി വേർതിരിക്കും. രണ്ടിടത്തേക്കും പ്രത്യേക പ്രവേശന സൗകര്യവുമുണ്ടാവും. ടോയ്ലറ്റും ഒരുക്കുന്നുണ്ട്.

ഇലക്ട്രിക്കൽ പ്രവൃത്തിയാണ് ഇപ്പോൾ നടന്നുവരുന്നത്. വാർഡിൽ കട്ടിലും കിടക്കയും ഏതാനും ദിവസങ്ങൾക്കകം സജ്ജീകരിക്കും. ഒരു മാസത്തിനുള്ളിൽ നവീകരണ പ്രവൃത്തി പൂർണമാവും.

കെട്ടിടത്തിൽ നിലവിൽ 3 വാർഡുകളിലായി 10 പേരെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യമാണുള്ളത്. കിടത്തിചികിത്സയ്ക്കു പുറമെ ലഹരിയ്ക്കടിമപ്പെട്ടവർക്കുള്ള പ്രത്യേക കൗൺസലിംഗും ഇവിടെ നൽകുന്നുണ്ട്. ഒ പി സമയം രാവിലെ 9 മുതൽ 5 വരെയാണെങ്കിലും കേന്ദ്രം 24 മണിക്കൂറും പ്രവർത്തിക്കും. രാത്രിയിൽ സ്റ്റാഫ് നഴ്സുമാരുടേയും അത്യാവശ്യഘട്ടങ്ങളിൽ ഡോക്ടറുടെയും സേവനവും ലഭ്യമാണ്. മെഡിക്കൽ ഓഫീസർ,​ സെെക്രാട്രിസ്റ്റ്,​ ക്ലിനിക്കൽ സെെക്കോളജിസ്റ്റ്,​ ക്ലിനിക്കൽ സോഷ്യൽ വർക്കർ എന്നിവരെ കൂടാതെ 3 സ്റ്റാഫ് നഴ്സുമാരുമുണ്ട്. സെക്യൂരിറ്റി സ്റ്റാഫായി മൂന്നു പേരും ഒരു ക്ലീനിംഗ് സ്റ്റാഫുമടക്കം ആകെ 11 പേരാണുള്ളത്.

എക്സൈസിന്റെയും പൊലീസിന്റെയും ശ്രദ്ധയിൽപ്പെടുന്നവരെ ഡീഅഡിക്‌ഷൻ സെന്ററിൽ എത്തിക്കുന്നുണ്ട്. കൂടുതൽ ചികിത്സ വേണ്ടിവരുന്നവരെ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ ഡീഅഡിക്‌ഷൻ സെന്ററിലേക്ക് മാറ്രുകയാണ് പതിവ്. ചിലർ സ്വമേധയാ ഡീഅഡിക്‌ഷൻ സെന്ററിലെത്തുന്നുണ്ടെങ്കിലും കിടത്തിചികിത്സ അവരുടെ വീട്ടിലായിരിക്കും.

''മുഴുവൻ പ്രവൃത്തികളും ഒരു മാസത്തിനകം തീർത്ത് വാർഡ് തുറന്നു കൊടുക്കാനാവുമെന്ന് കരുതുന്നു. ചികിത്സ പൂർത്തിയാക്കിയ അശരണരെ പുനരധിവസിപ്പിക്കാൻ പ്രത്യേക കേന്ദ്രം തുറക്കാനും എക്സെെസിന് പദ്ധതിയുണ്ട്.

വി.രാജേന്ദ്രൻ,

(വിമുക്തി മാനേജർ),

അസി. എക്സെെസ് കമ്മിഷണർ

''ഇലക്ട്രിക്കൽ പ്രവൃത്തിയടക്കം ചെറിയ ജോലികളേ ഇനി ചെയ്തുതീർക്കാനുളളൂ. കുട്ടികളുടെ വാ‌ർഡിൽ അവർക്ക് മനസിന് ആശ്വാസമേകുന്ന തരത്തിലുള്ള ചുമർചിത്രങ്ങളും ഒരുക്കും.

ഡോ.ജി.കെ.ജിജേഷ്,

മെഡിക്കൽ ഓഫീസർ,

വിമുക്തി ഡീഅഡിക്‌ഷൻ സെന്റർ