പൈപ്പ് പൊട്ടി, മെഡി. കോളേജിലെ കുടിവെള്ളം മുട്ടി

Tuesday 05 October 2021 12:02 AM IST
കോഴിക്കോട് മെഡി. കോളേജിൽ കുടിവെള്ളം മുടങ്ങിയതോടെ കോർപ്പറേഷൻ ടാങ്കറിൽ വെള്ളമെത്തിച്ച് വിതരണം ചെയ്യുന്നു

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ വാർഡുകളിൽ കുടിവെള്ളം മുടങ്ങിയത് രോഗികളെ ദുരിതത്തിലാക്കി. സൂപ്പർ സ്പെഷ്യാലിറ്രിക്ക് സമീപം വാട്ടർ അതോറിറ്റിയുടെ പെെപ്പ് പൊട്ടിയതാണ് ഇന്നലെ രാവിലെ മുതൽ കുടിവെള്ളം മുടങ്ങാൻ ഇടയാക്കിയത്. ഇതോടെ വിവിധ വാർഡുകളിലുളളവർ പ്രാഥമികാവശ്യത്തിന് പോലും ബുദ്ധിമുട്ടി.

ഉച്ചയോടെ കോർപ്പറേഷൻ 3 ടാങ്കറുകളിൽ വെള്ളമെത്തിച്ചതോടെയാണ് ആശ്വാസമായത്. രോഗികളുടെ കൂട്ടിരിപ്പുകാർ ബക്കറ്റുകളിലും മറ്റുമായി മുകൾനിലകളിലേക്ക് വെള്ളം ചുമന്നു കൊണ്ടുപോകുന്ന കാഴ്ച ദയനീയമായിരുന്നു. ജലവിതരണം നിലച്ചതോടെ ആശുപത്രിയുടെ മുകൾ നിലകളിലെ രോഗികളാണ് ഏറെ പ്രയാസപ്പെട്ടത്. വൈകീട്ട് ആറുമണിയോടെ പൈപ്പിന്റെ അറ്റകുറ്റപ്പണി പൂർത്തിയാക്കി കുടിവെള്ള വിതരണം പുനസ്ഥാപിച്ചു. വാട്ടർ അതോറിറ്റിയുടെ പ്രധാന ടാങ്കിൽ നിന്ന് സൂപ്പർ സ്പെഷ്യാലിറ്റിക്ക് സമീപത്തെ ടാങ്കിലേക്ക് ശുദ്ധജലം എത്തിക്കുന്ന പൈപ്പാണ് പൊട്ടിയിരുന്നത്. കാലപ്പഴക്കമാണ് പൈപ്പ് പൊട്ടാൻ കാരണമായി വാട്ടർ അതോറിറ്റി ചൂണ്ടിക്കാട്ടുന്നത്.

Advertisement
Advertisement