ജോൺസന്റെ കെണിയിൽ വീഴാത്ത പന്നികളില്ല !

Tuesday 05 October 2021 12:02 AM IST
സോളാർ കെണിയിൽ കുടുങ്ങിയ കാട്ടുപന്നിക്കരികിൽ ജോൺസൺ

കോഴിക്കോട്‌: കൃഷി നശിപ്പിക്കാനെത്തുന്ന കാട്ടുപന്നികളെ പിടികൂടാൻ കർഷകർ പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും തോറ്റ കഥയെ നാളിതുവരെ കേട്ടിട്ടുളളു. എന്നാൽ ജോൺസന്റെ കെണിയിൽ വീണാൽ പിന്നെയൊരു പന്നിയും രക്ഷപ്പെടില്ല. അതാണ് ജോൺസൺ മാജിക്. ഇനിയെന്താണ് ഈ അത്ഭുത കെണിയെന്ന് നോക്കാം. സോളാറിൽ പ്രവർത്തിക്കുന്നതാണ് പെരുവണ്ണാമുഴി സ്വദേശിയായ ജോൺസന്റെ പന്നിക്കെണി. സാധാരണ സോളാർ ഇൻവെർട്ടറിലെ സർക്യൂട്ടിലും മറ്റും കാര്യമായ മാറ്റം വരുത്തിയാണ്‌ സോളാർ കെണി തയ്യാറാക്കുന്നത്‌. ഉയർന്ന വോൾട്ടേജ്‌ ചുരുങ്ങിയ സമയം മാത്രം പ്രവഹിപ്പിക്കും വിധമാണ് ഇതിന്റെ പ്രവർത്തനം. സോളാർ ഊർജം ഉപയോഗിച്ചാണ് കെണിയുടെ ബാറ്ററി ചാർജാവുന്നത്. രാത്രിയിൽ കാട്ടുപന്നി വരുന്ന വഴിയിൽ സോളാർ കെണി ഘടിപ്പിക്കും. കെണിയിൽ തട്ടുന്നതോടെ ഷോക്കേൽക്കുന്ന പന്നികൾ പെട്ടെന്ന്‌ ചാവുകയും ചെയ്യും. മനുഷ്യർക്ക്‌ ഷോക്കേൽക്കില്ല എന്നതാണ് കെണിയുടെ സവിശേഷത.

ആദ്യ നിർമ്മാണത്തിൽ 50,000 രൂപ ചെലവായെങ്കിലും കൂടുതൽ എണ്ണം നിർമ്മിക്കുമ്പോൾ 10,000 രൂപ മതിയാവുമെന്നാണ് ജേൺസൺ പറയുന്നത്.

എൽഇഡി ബൾബുകളിലൂടെ വിസ്മയമൊരുക്കിയ ഭിന്നശേഷിക്കാരനായ ജോൺസന് സെപ്തംബർ 17നാണ് കാട്ടുപന്നികളെ പിടികൂടുന്നതിന്‌ ഹൈക്കോടതിയിൽ നിന്ന്‌ അനുമതി ലഭിച്ചത്. ഉടനെ കെണിയൊരുക്കാനുളള ശ്രമവും തുടങ്ങി. സോളാർ പാനൽ ഉപയോഗിച്ച്‌ കെണിയൊരുക്കുന്നതാണ്‌ ഫലപ്രദമെന്ന്‌ കണ്ടതോടെ അതിലേക്ക് തിരിഞ്ഞു. കെണിവെച്ച രാത്രി തന്നെ പന്നി കുടുങ്ങുകയും ചെയ്തു. പെരുവണ്ണാമുഴിയിലെ കുടുംബ വീടിനോട്‌ ചേർന്ന കൃഷിയിടത്തിൽ പന്നിശല്യം രൂക്ഷമായപ്പോഴാണ്‌ കർഷകർക്കൊപ്പം ജോൺസണും ഹൈക്കോടതിയെ സമീപിച്ചത്‌. പന്നിയെ കൊല്ലാൻ കോടതി അനുമതി നൽകിയ ജില്ലയിലെ 12 പേരിൽ ജോൺസണുമുണ്ടായിരുന്നു. കാട്ടുപന്നിയെ കൊല്ലാൻ കോടതി അനുവദിച്ചവർക്ക് സോളാർ കെണി നിർമ്മിച്ച്‌ നൽകാനുളള ഒരുക്കത്തിലാണ് ജോൺസൺ.

മൂന്നാം വയസിൽ പോളിയോ ബാധിതനായി ചലനശേഷി നഷ്ടമായതാണ്. എന്നാൽ തളർന്നിരിക്കാൻ ജോൺസൺ തയ്യാറായില്ല. ഇലക്ട്രോണിക്സിൽ പല പരീക്ഷണങ്ങളും നടത്തി. ഒടുവിൽ എൽഇഡി ബൾബുകളുടെ നിർമ്മാണത്തിലെത്തി. ഇപ്പോൾ 49 കാരനായ ജോൺസന്റെ ജീവിതത്തിന് വെളിച്ചം പകരുന്നതും ഈ എൽഇഡികൾ തന്നെ.

Advertisement
Advertisement