വാളയാർ പീഡന കേസ്: ഡിവൈ.എസ്.പിയുമായി ബന്ധപ്പെട്ട പരാമർശം നീക്കില്ലെന്ന് സുപ്രീം കോടതി

Tuesday 05 October 2021 12:56 AM IST

ന്യൂഡൽഹി : വാളയാർ പീഡന കേസിൽ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ഡിവൈ.എസ്.പിയുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധിയിലെ പരാമർശം നീക്കം ചെയ്യാൻ വിസമ്മതിച്ച് സുപ്രീം കോടതി. വാളയാർ പീഡനക്കേസിൽ പ്രതികളെ വെറുതെ വിട്ട പോക്സോ കോടതി ഉത്തരവ് റദ്ദാക്കിക്കൊണ്ട് പുറപ്പെടുവിച്ച വിധിയിലെ 103-ാം പാരഗ്രാഫിലെ ചില പരാമർശങ്ങൾ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടാണ് ജസ്റ്റിസ് ഫോർ വാളയാർ കിഡ്സ് ഫോറം സുപ്രീംകോടതിയെ സമീപിപ്പിച്ചത്.

പ്രാഥമികഘട്ടത്തിലെ കേസന്വേഷണം ശരിയായ ദിശയിൽ ആയിരുന്നില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈ.എസ്.പി നല്ല പ്രവർത്തനം കാഴ്ചവച്ചിട്ടും ശാസ്ത്രീയമായ തെളിവുകൾ ശേഖരിക്കാൻ കഴിഞ്ഞില്ലെന്നും ഹൈക്കോടതി വിധിയിൽ രേഖപ്പെടുത്തിയിരുന്നു. ഈ പരാമർശം നീക്കംചെയ്യണം എന്നായിരുന്നു കിഡ്സ് ഫോറത്തിന്റെ അഭിഭാഷകൻ ആവശ്യപ്പെട്ടത്. എന്നാൽ പൊലീസ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട പരാമശങ്ങൾക്ക് എതിരെ അവരല്ലേ കോടതിയിൽ എത്തേണ്ടതെന്ന് ജസ്റ്റിസ് മാരായ സഞ്ജീവ് ഖന്ന, ബേല എം ത്രിവേദി എന്നിവരടങ്ങിയ ബെഞ്ച് ആരാഞ്ഞു. ഹർജി പിൻവലിച്ചില്ലെങ്കിൽ തള്ളുമെന്ന് സുപ്രീംകോടതി വ്യക്തമാക്കിയതോടെ ഹർജി പിൻവലിച്ചു.