വി​നൂ മങ്കാദ് ട്രോഫി​ :കേരളം പ്രീ ക്വാർട്ടറി​ൽ

Tuesday 05 October 2021 12:04 AM IST

ഷോൺ​ റോജറി​നും രോഹൻ നായർക്കും സെഞ്ച്വറി

ഹൈദരാബാദ് : ബറോഡയ്ക്കെതിരായ മത്സരം മഴകൊണ്ടുപോയെങ്കിലും ഷോൺ റോജറിന്റെയും (121) രോഹൻ നായരുടെയും (100*) സെഞ്ച്വറി പ്രകടനത്തിന്റെ തിളക്കത്തോടെ കേരളം ചരിത്രത്തിലാദ്യമായി അണ്ടർ-19 വിനൂ മങ്കാദ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിന്റെ പ്രീ ക്വാർട്ടർ ഫൈനലിലെത്തി.

ഇന്നലെ ബറോഡയ്ക്കെതിരെ ആദ്യം ബാറ്റുചെയ്ത കേരളം നിശ്ചിത 50ഓവറിൽ ഏഴുവിക്കറ്റ് നഷ്ടത്തിൽ 270 റൺസടിച്ചു. ഷോൺ 120 പന്തുകളിൽ 11 ഫോറുകളും അഞ്ചുസിക്സും പറത്തി.രോഹൻ 138 പന്തുകളിൽ ഒൻപത് ഫോറുകൾ കണ്ടെത്തി.20 റൺസെ‌ടുക്കുന്നതിനിടെ നാലുവിക്കറ്റുകൾ നഷ്ടമായ കേരളത്തെ ഷോണും രോഹനും അഞ്ചാം വിക്കറ്റിൽ കൂട്ടിച്ചേർത്ത 183 റൺസാണ് വിജയത്തിലെത്തിച്ചത്.ബറോഡയ്ക്ക് മറുപടിക്കിറങ്ങാൻ കഴിയും മുന്നേ മഴ വീണതിനാൽ നെറ്റ് റൺറേറ്റ് അടിസ്ഥാനപ്പെടുത്തി കേരളത്തിന് നോക്കൗട്ട് ബർത്ത് ലഭിക്കുകയായിരുന്നു.11ന് നടക്കുന്ന പ്രീ ക്വാർട്ടർ മത്സരത്തിൽ രാജസ്ഥാനാണ് കേരളത്തിന്റെ എതിരാളികൾ.

തലസ്ഥാനത്തെ പ്രധാന പയ്യൻസ്

തിരുവനന്തപുരം മെഡിക്കൽ കോളേജ് ഗ്രൗണ്ടിലെ സായ് ക്രിക്കറ്റ് സെന്ററിൽ കോച്ച് ബിജു ജോർജിന് കീഴിൽ വർഷങ്ങളായി ഒരുമിച്ച് പരിശീലിക്കുന്നവരാണ് ഇന്നലെ സെഞ്ച്വറികൾ നേടിയ ഷോൺ റോജറും രോഹൻ നായരും.സഞ്ജു സാംസൺ ഉൾപ്പടെയുള്ള മുൻനിര താരങ്ങൾ പയറ്റിത്തെളിഞ്ഞ കളരിയിലെ എട്ടുപേരാണ് ഇക്കുറി ഒരുമിച്ച് അണ്ടർ-19 ടീമിലെത്തിയത്.

വെട്ടുകാട് സ്വദേശി റോജറിന്റെയും മഞ്ജുവിന്റെയും മകനാണ് ഷോൺ. പേട്ട സ്വദേശിയും രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയിലെ ശാസ്ത്രജ്ഞയുമായ രാധിക നായരുടെ മകനാണ് രോഹൻ.

Advertisement
Advertisement