ഐത്തോട്ടുവ പാടശേഖരത്ത് ഫ്ളോട്ടിംഗ് സോളാർ പദ്ധതി

Tuesday 05 October 2021 12:28 AM IST
വെള്ളം നിറഞ്ഞു കിടക്കുന്ന ഐത്തോട്ടുവ പാടശേഖരം

നവംബർ ആദ്യം നിർമ്മാണം ആരംഭിക്കും

കൊല്ലം: പടിഞ്ഞാറേ കല്ലട ഐത്തോട്ടുവ പാടശേഖരത്ത് സ്ഥാപിക്കുന്ന ഫ്ലോട്ടിംഗ് സോളാർ പദ്ധതിയുടെ നിർമ്മാണം നവംബർ ആദ്യം ആരംഭിക്കും. 50 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാൻ ശേഷിയുള്ള സോളാർ പദ്ധതിയുടെ റീടെൻഡർ നടപടികൾ പൂർത്തിയായി. ആഗോള ടെൻഡറിൽ 9 കമ്പനികൾ പങ്കെടുത്തു. ഇവരിൽ നിന്ന് 4 കമ്പനികളെ തിരഞ്ഞടുത്ത് ഇലക്ട്രോണിക് റിവേഴ്‌സ് ഓപ്ഷനിലൂടെ അടുത്തുതന്നെ കരാറുറപ്പിക്കും. നാഷണൽ ഹൈഡ്രോ ഇലക്ട്രിക് പവർ കോർപ്പറേഷൻ 250 കോടി രൂപ ചെലവിലാണ് സോളാർ പ്ലാന്റ് സ്ഥാപിക്കുന്നത്. ഒരു മെഗാവാട്ട് വൈദ്യുതിക്ക് 5 കോടി എന്ന കണക്കിൽ 50 മെഗാ വാട്ട്സിന് 250 കോടി രൂപയാണ് ചെലവഴിക്കുന്നത്. പ്ലാന്റ് സ്ഥാപിക്കുന്നതിനുള്ള നിയമ നടപടികളെല്ലാം സംസ്ഥാന സർക്കാർ പൂർത്തിയാക്കി.

275 ഏക്കർ സ്ഥലം

നെൽക്കൃഷി വ്യാപകമായിരുന്ന ഐത്തോട്ടുവ പടശേഖരം മണലൂറ്റും ചെളി മണ്ണ് നീക്കലും കാരണം വലിയ വെള്ളക്കെട്ടായി മാറിയിരുന്നു. ഭൂമി കൃഷിക്ക് ഉപയുക്തമല്ലാതായതോടെ 2014ൽ ഗ്രാമ പഞ്ചായത്ത് കമ്മിറ്റി സംസ്ഥാന സർക്കാരിന് മുൻപിൽ സോളാർ പ്ലാന്റെന്ന ആശയം മുന്നോട്ടുവെച്ചു. നാനൂറോളം വസ്തു ഉടമകൾ ചേർന്ന് പടിഞ്ഞാറേ കല്ലട നോൺ കൺവെൻഷണൽ എനർജി പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിൽ കമ്പനി രൂപീകരിച്ചു. ഭൂമി 25 വർഷത്തേക്ക് പാട്ടത്തിനു കെ.എസ്.ഇ.ബിക്ക് കൈമാറി. 275 ഏക്കർ സ്ഥലത്താണ് പ്രോജക്ട് വരുന്നത്. ഇതിൽ 60 ഏക്കർ ഭൂമി ഗ്രാമ പഞ്ചായത്തിന്റെ ഉടമസ്ഥതയിലാണ്. മൊത്തം ലാഭത്തിന്റെ 4ശതമാനം വസ്തു ഉടമകൾക്ക് ലഭിക്കും. ഈ ലാഭവിഹിതം പഞ്ചായത്തിനും ലഭിക്കും.

Advertisement
Advertisement