ഉത്രയുടെ കൊലയാളിക്ക് പരമാവധി ശിക്ഷ നൽകണം, സ്ത്രീധനത്തിനെതിരെ ശക്തമായ സന്ദേശം നൽകുന്ന വിധിയാണ് പ്രതീക്ഷിക്കുന്നതെന്ന് കുടുംബം

Tuesday 05 October 2021 8:27 AM IST

കൊല്ലം:മകളുടെ കൊലയാളിക്ക് പരമാവധി ശിക്ഷ ഉറപ്പാക്കണമെന്ന് അഞ്ചലിലെ ഉത്രയുടെ പിതാവ് വിജയസേനൻ. കേസിന്റെ ഇതുവരെയുള്ള നടത്തിപ്പിൽ പൂർണ തൃപ്തരാണെന്നും, സ്ത്രീധനത്തിനെതിരെ ശക്തമായ സന്ദേശം നൽകുന്ന വിധിയാണ് നീതി പീഠത്തിൽ നിന്ന് പ്രതീക്ഷിക്കുന്നതെന്നും കുടുംബം പറഞ്ഞു.

ഉത്രയുടെ രണ്ടരവയസുകാരനായ മകൻ ഇവർക്കൊപ്പമാണ് ഉള്ളത്. സംസ്ഥാനത്ത് ആവർത്തിക്കുന്ന സ്ത്രീധന പീഡനങ്ങളിലുള്ള ആശങ്കയും വിജയസേനൻ പങ്കുവച്ചു. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉത്രവധക്കേസിൽ തിങ്കളാഴ്ചയാണ് വിധി പ്രഖ്യാപനം.കൊല്ലം അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പറയുക.

2020 മേയ് ഏഴിനാണ് അഞ്ചലിലെ വീട്ടിൽ ഉത്രയെ പാമ്പുകടിയേറ്റ് മരിച്ച നിലയിൽ കണ്ടത്. മകളുടെ മരണത്തിൽ സംശയം തോന്നി മാതാപിതാക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർ‌ന്ന് നടത്തിയ അന്വേഷണത്തിൽ ഭർത്താവ് സൂരജാണ് മൂർഖനെ ഉപയോഗിച്ച് യുവതിയെ കൊലപ്പെടുത്തിയതെന്ന് കണ്ടെത്തിയിരുന്നു.