കൊല്ലത്തെ മത്സ്യത്തൊഴിലാളികളുടെ വലയിൽ കുടുങ്ങിയത് കൂറ്റൻ തിമിംഗലം, രക്ഷപ്പെടുത്താൻ നോക്കിയെങ്കിലും ഒടുവിൽ സംഭവിച്ചത്
Tuesday 05 October 2021 1:39 PM IST
കൊല്ലം: മത്സ്യത്തൊഴിലാളികളുടെ വലയിൽ തിമിംഗലം കുടുങ്ങി. കൊല്ലത്തെ അഴീക്കലിൽ നിന്ന് കടലിൽ പോയ മത്സ്യത്തൊഴിലാളികളുടെ വലയിലാണ് ഇടത്തരം വലിപ്പമുളള തിമിംഗലം കുടുങ്ങിയത്. തീരത്തുനിന്ന് അഞ്ചുനോട്ടിക്കൽ മൈൽ അകലെയായിരുന്നു സംഭവം.
കുടുങ്ങിയത് കൂറ്റൻ തിമിംഗലമാണെന്ന് വ്യക്തമായതോടെ അതിനെ വലയിൽ നിന്ന് രക്ഷപ്പെടുത്താനായി പിന്നത്തെ ശ്രമം. സമീപത്തെ ബോട്ടുകളിലുണ്ടായിരുന്നവരും സഹായവുമായി എത്തിയെങ്കിലും ശ്രമം വിജയിച്ചില്ല. എന്നാൽ അല്പം കഴിഞ്ഞതോടെ തിമിംഗലം വലപൊട്ടിച്ച് രക്ഷപ്പെട്ടു. വലപൊട്ടിയത് ഭീമമായ നഷ്ടമാണ് മത്സ്യത്തൊഴിലാളികൾക്ക് ഉണ്ടാക്കിയതെങ്കിലും അനിഷ്ട സംഭവങ്ങൾ ഒന്നും ഉണ്ടായില്ലല്ലോ എന്ന ആശ്വാസത്തിലാണവർ. ഇന്ത്യൻ നിയമമനുസരിച്ച് തിമിംഗലങ്ങളെ വേട്ടയാടുന്നതും കൊല്ലുന്നതും ശിക്ഷാർഹമായ കുറ്റങ്ങളാണ്.